പാലക്കാട്: എം.ബി.എ മാർക്കറ്റിംഗ് എച്ച്.ആർ ബിരുദധാരി. ഉയർന്ന ഉദ്യോഗം. ശമ്പളം. എല്ലാം ഉപേക്ഷിച്ച ആലപ്പുഴ സ്വദേശി ഫിലിപ്പ് ചാക്കോ (33) പച്ചക്കറി കൃഷിയിൽ പൊന്ന് വിളയിക്കുന്നു. കഴിഞ്ഞ വർഷം വിറ്റത് 722ടൺ പച്ചക്കറി. മൊത്തം വരുമാനം മൂന്നര കോടി രൂപ ! പാലക്കാട്ടും മലമ്പുഴയിലും ഊട്ടിയിലുമായി 58 ഏക്കറിലാണ് കൃഷി.
ചങ്ങനാശേരി എസ്.ബി കോളേജിലെ എം.ബി.എ ക്ലാസിൽ ഇരിക്കുമ്പോഴാണ് സ്വന്തമായി ഫാമിംഗ് എന്ന ആശയം ഉദിച്ചത്.
പഠനം കഴിഞ്ഞ് കോട്ടയത്ത് സ്വകാര്യ എസ്റ്റേറ്റ് മാനേജരായി. മൂന്നുവർഷം ജോലി ചെയ്തു. 2019ൽ രാജിവച്ച് പാടത്തേക്കിറങ്ങി.
ചേർത്തല കഞ്ഞിക്കുഴിയിൽ 36 ഏക്കർ പാട്ടത്തിനെടുത്താണ് ആദ്യ കൃഷി. വേനൽകൃഷി മാത്രം സാദ്ധ്യമായ ചൊരിമണലിൽ അഞ്ചുമാസത്തിനകം 56 ടൺ പച്ചക്കറി ഉത്പാദിപ്പിച്ചു. വേനൽ വിളകളിൽ ഒതുങ്ങിപ്പോകുമെന്നതിനാൽ ഫിലിപ്പ് ചാക്കോ പാലക്കാട്ടേക്ക് വണ്ടികയറി.
ഭാരതപ്പുഴയുടെ തീരത്ത് 30 ഏക്കർ പാട്ടത്തിനെടുത്തു. ഉത്പാദനം മാസം 60 ടൺ. മലമ്പുഴയിൽ 24 ഏക്കർ പച്ചക്കറിത്തോട്ടം ഏറ്റെടുത്തു. ഊട്ടിയിൽ നാലേക്കർ ശീതകാല പച്ചക്കറി കൃഷിയും. എല്ലായിടത്തുമായി 32 ഇനം പച്ചക്കറി. ദിവസം 2.5 ടൺ വിൽക്കാം.
സഹപാഠിയായിരുന്ന ആൻമേരി ഫിലിപ്പാണ് ഭാര്യ. ഇൻഫോപാർക്കിലെ ജോലിക്കിടെ ആൻമേരിയും കൃഷിക്ക് സമയം കണ്ടെത്തുന്നു. കൊച്ചി ഇടപ്പള്ളിയിലാണ് താമസം.
പ്യുവർ ഹാർവെസ്റ്റ്
പ്യുവർ ഹാർവെസ്റ്റ് എന്ന ബ്രാൻഡ് നാമത്തിലാണ് വിൽപ്പന. കൊച്ചിയിൽ പച്ചക്കറി ഓൺലൈനായി എത്തിക്കാനുള്ള ശ്രമത്തിലാണ്. ഇടപ്പള്ളിയിൽ ഒരു ഔട്ട്‌ലെറ്റ് തുടങ്ങി. മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും.
തിരുവനന്തപുരം മുതൽ പാലക്കാട് വരെ ഫിലിപ്പിന്റെ പച്ചക്കറി എത്തുന്നു. സ്വന്തമായി രണ്ട് ലോറി. കൂടാതെ വാടക ലോറികളും.
ഊട്ടിയിലെ വിളവും കേരളത്തിൽ എത്തിക്കും. ദേശീയ പാതയിലൂടെ ഓടുന്ന ലോറികൾ നിശ്ചിത കേന്ദ്രങ്ങളിൽ നിറുത്തും. ചെറുകിട കർഷകരും വ്യാപാരികളും പച്ചക്കറി വാങ്ങും. അവർക്കും നേട്ടം.
സെയ്ഫ് ടു ഈറ്റ്
രാസവളവും കീടനാശിനിയും പ്രയോഗിക്കില്ല. പൂർണമായും ജൈവകൃഷി. 'സെയ്ഫ് ടു ഈറ്റ്' ആശയമാണ് അടിസ്ഥാനം. പച്ചക്കറി ആഴ്ചയിൽ ഒരു തവണ ലാബിൽ പരിശോധിക്കും. -ഫിലിപ്പ് ചാക്കോ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |