ന്യൂ ഡൽഹി : മലയാളിയും മുതിർന്ന അഭിഭാഷകനുമായ കെ.വി. വിശ്വനാഥനും, ആന്ധ്രപ്രദേശ് ചീഫ് ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്രയും സുപ്രീംകോടതി ജഡ്‌ജിമാരായി സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേറ്റു. ഇതോടെ സുപ്രീംകോടതിക്ക് അനുവദിച്ചിട്ടുളള 34 ജഡ്‌ജിമാരും തികഞ്ഞു. ഭാര്യ അഡ്വ. ജയശ്രീ വിശ്വനാഥൻ, പുത്രിമാരായ അഡ്വ. സുകന്യ, സുവർണ (വിദ്യാർത്ഥി) എന്നിവർക്കൊപ്പമാണ് വിശ്വനാഥൻ എത്തിയത്. പാലക്കാട് കൽപ്പാത്തി സ്വദേശിയാണ്.
സുപ്രീംകോടതി കൊളീജിയം ശുപാർശ നൽകി 48 മണിക്കൂറിനകം നിയമനങ്ങൾ അംഗീകരിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനം ഇറക്കുകയായിരുന്നു.
സുപ്രീംകോടതി ജഡ്‌ജിയാകുന്ന ആദ്യ ഛത്തീസ്ഗഡ് സ്വദേശിയാണ് ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര. സുപ്രീംകോടതി ജഡ്‌ജിയാകുന്ന പത്താമത്തെ അഭിഭാഷകനാണ് കെ.വി. വിശ്വനാഥൻ. ചീഫ് ജസ്റ്രിസ് ഡി.വൈ. ചന്ദ്രചൂഡിനും, അഭിഭാഷക ജോലിയിൽ നിന്ന് ജഡ്‌ജിയായ പി.എസ്. നരസിംഹയ്‌ക്കും ഒപ്പമായിരുന്നു ജസ്റ്റിസ് വിശ്വനാഥന്റെ ആദ്യ സിറ്റിംഗ്.
ജസ്റ്റിസ് വിശ്വനാഥൻ 2030ൽ 58ാമത്തെ ചീഫ് ജസ്റ്റിസായേക്കും. 1966 മേയ് 26ന് ജനിച്ച അദ്ദേഹത്തിന് 2031 മേയ് 25 വരെയാണ് കാലാവധി. ജസ്റ്റിസ് ജെ.ബി. പർദിവാല 2030 ആഗസ്റ്റ് 11ന് ചീഫ് ജസ്റ്റിസ് പദവി ഒഴിയുമ്പോഴാണ് വിശ്വനാഥന് സാധ്യത. ഒൻപത് മാസത്തിലേറെ ചീഫ് ജസ്റ്റിസായിരിക്കാം.
തമിഴ്നാട്ടിലെ അമരാവതി സൈനിക് സ്‌കൂൾ, ഊട്ടി സെന്റ് ജോസഫ് സ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. കോയമ്പത്തൂർ ലാ കോളേജിൽ നിന്ന് നിയമബിരുദമെടുത്തു. 1988ൽ തമിഴ്നാട് ബാർ കൗൺസിലിൽ എൻറോൾ ചെയ്‌തു. 35 വർഷമായി സുപ്രീംകോടതി അഭിഭാഷകൻ. 2009ൽ സീനിയർ അഭിഭാഷകനായി. അഡിഷണൽ സോളിസിറ്റർ ജനറലായിട്ടുണ്ട്.
മലയാളി ജഡ്‌ജിമാർ മൂന്നായി
കെ.വി. വിശ്വനാഥൻ ഉൾപ്പെടെ സുപ്രീംകോടതിയിൽ ഇപ്പോൾ മൂന്ന് മലയാളി ജഡ്‌ജിമാരായി. ജസ്റ്റിസുമാരായ കെ.എം. ജോസഫും സി.ടി. രവികുമാറുമാണ് മറ്റ് രണ്ടുപേർ. ജസ്റ്രിസ് ജോസഫ് ജൂൺ 16ന് വിരമിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |