ന്യൂഡൽഹി: അടുത്തയാഴ്‌ച ജമ്മു കാശ്‌മീരിൽ നടക്കാനിരിക്കുന്ന ജി20 ടൂറിസം വർക്കിംഗ് ഗ്രൂപ്പ് യോഗത്തിൽ പങ്കെടുക്കില്ലെന്ന് ചൈന അറിയിച്ചു. തർക്ക പ്രദേശത്ത് ഇത്തരം യോഗം നടത്തുന്നതിനെ ശക്തമായി എതിർക്കുന്നുവെന്നാണ് കാരണമായി ചൈന വ്യക്തമാക്കിയത്. കാശ്‌മീരിന്റെ പേരിൽ ഇന്ത്യയുമായി കൊമ്പുകോർക്കുന്ന പാകിസ്ഥാനുമായി അടുത്ത ബന്ധം പുലർത്തുന്ന രാജ്യമാണ് ചൈന.
തർക്ക പ്രദേശങ്ങളിൽ ജി20 യോഗങ്ങൾ സംഘടിപ്പിക്കുന്നതിനെ ചൈന ശക്തമായി എതിർക്കുന്നുവെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാംഗ് വെൻബിൻ ഒരു മാദ്ധ്യമത്തോട് വ്യക്തമാക്കുകയായിരുന്നു. അത്തരം യോഗങ്ങളിൽ തങ്ങൾ പങ്കെടുക്കില്ലെന്നും വാംഗ് കൂട്ടിച്ചേർത്തു.
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന മൂന്നാമത് ജി20 ടൂറിസം വർക്കിംഗ് ഗ്രൂപ്പ് യോഗം മേയ് 22 മുതൽ 24വരെ ശ്രീനഗറിലാണ് നടക്കുന്നത്. ജമ്മു കാശ്‌മീരിന് തങ്ങളുടെ യഥാർത്ഥ ശക്തി പ്രകടിപ്പിക്കാനുള്ള മികച്ച അവസരമാണ് ജി20 യോഗമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
ജമ്മു കാശ്‌മീരിനെക്കുറിച്ച് പാകിസ്ഥാനും ചൈനയും നടത്തുന്ന പ്രസ്‌താവനകളെ ഇന്ത്യ മുൻപ് തള്ളിയിരുന്നു. ജമ്മു കാശ്‌മീരും ലഡാക്കും എല്ലായ്‌പ്പോഴും ഇന്ത്യയുടെ അവിഭാജ്യ ഭാഗങ്ങളായിരിക്കും. ഇതേപ്പറ്റി പ്രസ്‌താവനകൾ നടത്താൻ മറ്റൊരു രാജ്യത്തിനും അവകാശമില്ലെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |