ന്യൂഡൽഹി: ഹിന്ദുസംഘടനകളിൽ നിന്നുള്ള എതിർപ്പ് ശക്തമായതോടെ മുസ്ലീം യുവാവുമായി മകളുടെ വിവാഹം നടത്താനുള്ള തീരുമാനം ഉപേക്ഷിച്ച് ഉത്തരാഖണ്ഡിലെ ബി ജെ പി നേതാവ്. മുൻ എം എൽ എയും നിലവിൽ പൗരി മുൻസിപ്പൽ ചെയർമാനുമായ യശ്‌പാൽ ബെനാമാണ് മകളുടെ വിവാഹം വേണ്ടെന്നുവച്ചത്. വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ് ദൾ, ഭൈരവ് സേന തുടങ്ങിയ സംഘടനകളാണ് വിവാഹത്തിനെതിരെ രംഗത്തെത്തിയത്. ആദ്യം എതിർപ്പിനെ യശ്‌പാൽ ശക്തമായി പ്രതിരോധിച്ചെങ്കിലും എതിർപ്പ് കൂടുതൽ ശക്തമായതോടെയാണ് തീരുമാനത്തിൽ നിന്ന് പിന്നാക്കംപോയത്.
മുസ്ലീം യുവാവുമായുള്ള വിവാഹത്തിന് പെൺകുട്ടിയോ കുടുംബമോ എതിർപ്പുയർത്തിയിരുന്നില്ല. ഈ മാസം ഇരുപത്തെട്ടിന് നടത്താൻ നിശ്ചയിച്ചിരുന്ന വിവാഹത്തിന്റെ ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് എതിർപ്പ് ശക്തമായത്. യശ്‌പാലിന്റെ തീരുമാനത്തെ ഒരുകാരണവശാലും ന്യായീകരിക്കാനാവില്ലെന്നും അയാൾ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നുമായിരുന്നു സംഘടനകളുടെ ആരോപണം. ഇതിനിടെ വിവാഹത്തിന് പിന്നിൽ ലവ് ജിഹാദാണെന്ന് ആരോപണവും ചിലർ ഉയർത്തി. വിവാദ ചിത്രമായ കേരള സ്റ്റോറിയുമായി വിവാഹത്തെ ബന്ധപ്പെടുത്താനും ചിലർ ശ്രമിച്ചു. ഇതിനിടെ ചിലർ യശ്‌പാലിന്റെ കോലം കത്തിക്കുകയും ചെയ്തു. ഇതിനാെപ്പം സമൂഹ മാദ്ധ്യമങ്ങളിൽ കടുത്ത പ്രതിഷേധവും ഭീഷണിയും ഉയർന്നു. പ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന തീരുമാനം എന്നും ചിലർ പ്രതികരിച്ചു.
ഇതോടെയാണ് വിവാഹം ഉപേക്ഷിക്കാൻ തീരുമാനിച്ചത്. 'മകളുടെ സന്തോഷത്തിനുവേണ്ടിയാണ് വിവാഹം നടത്താൻ തീരുമാനിച്ചത്. എന്നാൽ ഒരു ജനപ്രതിനിധിയായതിനാൽ ജനങ്ങളുടെ അഭിപ്രായം കൂടി പരിഗണിക്കേണ്ടതുണ്ട്. അതിനാലാണ് വിവാഹം നടത്താനുള്ള തീരുമാനം ഉപേക്ഷിച്ചത്'-യശ്‌പാൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |