പാലക്കാട്: പാകിസ്ഥാനിലെ ജയിലിൽ മരിച്ച പാലക്കാട് കപ്പൂർ സ്വദേശി സുൾഫിക്കറിന്റെ (48) മൃതദേഹം അതിർത്തിയിൽ പോയി ഏറ്റുവാങ്ങില്ലെന്ന് കുടുംബം. സുൾഫിക്കറിന്റെ പിതാവ് പ്രായമായ വ്യക്തിയാണെന്നും പഞ്ചാബ് അതിർത്തിയിൽ പോയി മൃതദേഹം ഏറ്റുവാങ്ങാൻ സാധിക്കില്ലെന്നും ബന്ധുക്കൾ പറഞ്ഞു.
കേരളത്തിലെ ഏതെങ്കിലും വിമാനത്താവളത്തിൽ മൃതദേഹം എത്തിക്കാമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ മൃതദേഹം ഏറ്റുവാങ്ങി സംസ്കാരം നടത്തുമെന്നും ബന്ധുക്കൾ അറിയിച്ചു.
സുൾഫിക്കറിന്റെ ഭാര്യയും കുട്ടിയും വിദേശത്താണ്. 2018ലാണ് ഇയാൾ അവസാനമായി നാട്ടിലെത്തിയതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ഇന്നലെ രാവിലെയാണ് മരണ വിവരം കേരള പൊലീസിന് ലഭിക്കുന്നത്. അതിർത്തി ലംഘിച്ചെത്തിയ മത്സ്യത്തൊഴിലാളി എന്ന പേരിലാണ് പാകിസ്ഥാൻ പട്ടാളം സുൾഫിക്കറിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് കറാച്ചി ജയിലിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. വർഷങ്ങളായി ദുബായിലായിരുന്ന സുൾഫിക്കറിനെക്കുറിച്ച് എൻ ഐ എ അടക്കമുള്ള ഏജൻസികൾ അന്വേഷണം നടത്തിയിരുന്നതായും വിവരമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |