ചെന്നൈ : പ്രാഥമിക റൗണ്ടിലെ 70 മത്സരങ്ങളും കഴിഞ്ഞ് ഐ.പി.എല്ലിന്റെ 15-ാം സീസൺ പ്ളേഓഫിന്റെ പൂരക്കാഴ്ചകളിലേക്ക്. 10 ടീമുകളിൽ നിന്ന് നാലായി ചുരുങ്ങിയ ലീഗിൽ ഇനി ഫൈനൽ ഉൾപ്പടെ നാലു മത്സരങ്ങൾ മാത്രം.
പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാർ തമ്മിലുള്ള ആദ്യ ക്വാളിഫയറോടെയാണ് ഇന്ന് പ്ളേ ഓഫ് റൗണ്ടിന് തുടക്കമാകുന്നത്.ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ പട്ടികയിലെ ഒന്നാം സ്ഥാനക്കാരായി നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റാൻസും രണ്ടാം സ്ഥാനക്കാരായി ചെന്നൈ സൂപ്പർ കിംഗ്സുമാണ് ഏറ്റുമുട്ടുന്നത്. ഇതിൽ വിജയിക്കുന്നവർക്ക് നേരേ ഫൈനലിലെത്താം. തോൽക്കുന്നവർക്ക് ഒരവസരം കൂടിയുണ്ട്. നാളെ മൂന്നാം സ്ഥാനക്കാരായ ലക്നൗ സൂപ്പർ ജയന്റ്സും നാലാം സ്ഥാനക്കാരായ മുംബയ് ഇന്ത്യൻസും തമ്മിലുള്ള എലിമിനേറ്ററിലെ വിജയിയെ അവർ വെള്ളിയാഴ്ച രണ്ടാം ക്വാളിഫയറിൽ നേരിടണം. ഒന്നാം ക്വാളിഫയറിലെയും രണ്ടാം ക്വാളിഫയറിലെയും ജേതാക്കൾ തമ്മിലുള്ള ഫൈനൽ ഞായറാഴ്ചയാണ്.
മാർച്ച് 31ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഈ സീസണിന് തുടക്കമായത് ചെന്നൈ സൂപ്പർ കിംഗ്സും ഗുജറാത്ത് ടൈറ്റാൻസും തമ്മിലുള്ള പോരാട്ടത്തോടെയായിരുന്നു. ഈ മത്സരത്തിൽ ഗുജറാത്ത് അഞ്ചുവിക്കറ്റിന് വിജയിക്കുകയായിരുന്നു. ചെന്നൈ ഉയർത്തിയ 179 റൺസിന്റെ ലക്ഷ്യം നാലുപന്ത് ബാക്കിനിൽക്കേയാണ് ഹാർദിക് പാണ്ഡ്യയും സംഘവും മറികടന്നിരുന്നത്. ഈ സീസണിൽ ഈ ഒരൊറ്റ മത്സരത്തിൽ മാത്രമാണ് ചെന്നൈയും ഗുജറാത്തും ഏറ്റുമുട്ടിയത്.
പ്രാഥമിക റൗണ്ടിലെ 14 മത്സരങ്ങളിൽ പത്തിലും ജയിച്ച് 20 പോയിന്റുമായാണ് ടൈറ്റാൻസ് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. ചെന്നൈയ്ക്ക് എട്ടു മത്സരങ്ങളിൽ മാത്രമാണ് ജയിക്കാനായത്. ഒരു കളിയിൽ മഴ കാരണം പോയിന്റ് പങ്കുവച്ചു. അഞ്ചുമത്സരങ്ങളിൽ പരാജയപ്പെട്ടു. അവസാന മത്സരങ്ങളിൽ മികച്ച പ്രകടനമാണ് ടൈറ്റാൻസ് കാഴ്ചവച്ചത്. അവസാന അഞ്ചുകളികളിൽ നാലിലും അവർ ജയിച്ചു. മറുവശത്ത് ചെന്നൈക്ക് അവസാന അമ്മുകളികളിൽ മൂന്ന് ജയവും ഒരു തോൽവിയും . ഒരു കളി മഴയെടുത്തു.
കഴിഞ്ഞ രണ്ട് മത്സരങ്ങളിലും സെഞ്ച്വറിയടിച്ച യുവതാരം ശുഭ്മാൻ ഗില്ലിന്റെ മികച്ച ഫോമാണ് ഗുജറാത്ത് ടൈറ്റാൻസിന്റെ കരുത്ത്. ബാറ്റിംഗിലും ബൗളിംഗിലും മികച്ച പ്രകടനമാണ് ഹാർദിക്കും സംഘവും കാഴ്ചവയ്ക്കുന്നത്. സാഹയും ഗില്ലും ഓപ്പണിംഗിൽ ഇന്നിംഗ്സിന് നങ്കൂരമിടും. തുടർന്ന് വിജയ് ശങ്കർ,ദാസുൻ ഷനക,ഡേവിഡ് മില്ലർ,ഹാർദിക്ക്, രാഹുൽ തേവാത്തിയ,സായ് സുദർശൻ എന്നിവർ ബാറ്റ് ചെയ്യാനുണ്ട്. ബൗളിംഗിൽ ഷമിയെയും മോഹിത് ശർമ്മയെയും പോലെ മികച്ച പേസർമാർ. റാഷിദ് ഖാൻ,നൂർ അഹമ്മദ് എന്നീ സ്പിന്നർമാർ. ബൗളറായും ഹാർദിക്കിന്റെ സാന്നിദ്ധ്യം. മികച്ച ഫീൽഡിംഗും കൂടിയാകുമ്പോൾ ടൈറ്റാൻസിന്റെ കരുത്ത് പൂർണതയിലെത്തും.
പരിചയ സമ്പന്നനായ ധോണിയുടെ നേതൃത്വം തന്നെയാണ് ചെന്നൈ സൂപ്പർ കിംഗ്സിന്റെ കരുത്ത്. ഒരു പക്ഷേ ഇത് ധോണിയുടെ അവസാന സീസണായേക്കാം. കാൽമുട്ടിലെ പരിക്കിന്റെ പിടിയിലായിട്ടും വമ്പൻ ഷോട്ടുകളിലൂടെ മത്സരം ഫിനിഷ് ചെയ്യുന്നതിന് ധോണി ഈ സീസണിൽ പരിശ്രമിച്ചിരുന്നു. അവസാന ഗ്രൂപ്പ് മത്സരത്തിൽ ഡൽഹിയെ 77 റൺസിനാണ് ചെന്നൈ തോൽപ്പിച്ചിരുന്നത്. ഡെവോൺ കോൺവേയാണ് ബാറ്റിംഗിൽ ചെന്നൈയുടെ ബ്രഹ്മാസ്ത്രം.റിതുരാജ് ഗെയ്‌ക്ക്‌വാദ്, ശിവം ദുബെ,അജിങ്ക്യ രഹാനെ,രവീന്ദ്ര ജഡേജ,ധോണി, മൊയീൻ അലി ,അമ്പാട്ടി റായ്ഡു എന്നിവർ ബാറ്റിംഗ് നിരയ്ക്ക് ആഴമേകുന്നു. ജഡേജയേയും മൊയീൻ അലിയെയും ദുബെയെയും ബൗളിംഗിലും ഉപയോഗപ്പെടുത്താനാകും.ദീപക് ചഹർ,മഹേഷ് പതിരാണ,മഹീഷ് തീഷ്ണ,തുഷാർ ദേശ്പാണ്ഡെ തുടങ്ങിയവരാണ് ബൗളിംഗ് കരുത്ത്.ഇന്ന് തങ്ങളുടെ തട്ടകമായ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് മത്സരമെന്നത് ചെന്നൈയ്ക്ക് കരുത്ത് പകരും.
പോയിന്റ് ടേബിൾ
ടീം,കളി,ജയം,തോൽവി,ഉപേക്ഷിച്ചത്, പോയിന്റ് എന്ന ക്രമത്തിൽ
ഗുജറാത്ത് 14-10-4-0-20
ചെന്നൈ 14-8-5-1-17
ലക്നൗ 14-8-5-1-17
മുംബയ് 14-8-6-0-14
രാജസ്ഥാൻ 14-7-7-0-14
ബാംഗ്ളൂർ 14-7-7-0-14
കൊൽക്കത്ത 14-6-8-0-12
പഞ്ചാബ് 14-6-8-0-12
ഡൽഹി 14-5-9-0-10
ഹൈദരാബാദ് 14-4-10-0-8
ബാറ്റിംഗ് ടോപ് 5
താരം,മത്സരം, റൺസ് എന്ന ക്രമത്തിൽ
ഫാഫ് ഡുപ്ളെസി 14-730
ശുഭ്മാൻ ഗിൽ 14-680
വിരാട് കൊഹ്‌ലി 14-639
യശ്വസി ജയ്സ്വാൾ 14-625
ഡെവോൺ കോൺവേ 14-585
ബൗളിംഗ് ടോപ് 5
മുഹമ്മദ് ഷമി 14-24
റാഷിദ് ഖാൻ 14-24
ചഹൽ 14-21
പിയൂഷ് ചൗള 14-20
വരുൺ 14-20
1066 സിക്സുകളാണ് പ്രാഥമിക റൗണ്ടിൽ ഇതുവരെ പിറന്നത്.
2057 ഫോറുകൾ 70 മത്സരങ്ങളിൽ നിന്നായി താരങ്ങൾ നേടി
11 സെഞ്ച്വറികൾ ഈ സീസണിൽ പിറന്നു. വിരാടും ശുഭ്മാൻ ഗില്ലും രണ്ട് സെഞ്ച്വറികൾ വീതം നേടി.
124 മുംബയ്ക്ക് എതിരെ യശ്വസി ജയ്സ്വാൾ നേടിയ 124 റൺസാണ് ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ.
257/5 പഞ്ചാബ് കിംഗ്സിനെതിരെ ചെന്നൈ നേടിയ 257/5 ആണ് ഉയർന്ന ടീം ടോട്ടൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |