അജ്ഞതയെ നീക്കി വെളിച്ചം കൊണ്ടുവരുന്നതിനായാണ് വീടുകളിൽ നിലവിളക്ക് കൊളുത്തുന്നത്. തിന്മയ്ക്കെതിരായ നന്മയുടെ വിജയത്തെയും പ്രബുദ്ധതയെയും സമൃദ്ധിയെയും നിലവിളക്ക് പ്രതിനിധീകരിക്കുന്നു. നല്ലതിനെ പ്രതിഫലിപ്പിക്കാൻ വിളക്കിന് കഴിയുമെന്നും വിശ്വാസമുണ്ട്. അതിനാൽ തന്നെ ദിവസവും പ്രഭാതത്തിലും സന്ധ്യയ്ക്കും മൺചെരാതുകളും നിലവിളക്കും തെളിക്കുന്നത് വളരെ നല്ലതാണ്. എന്നാൽ, നിലവിളക്ക് കൊളുത്തുന്ന ദിശയും അതിനുപയോഗിക്കുന്ന എണ്ണയും തിരിയുമെല്ലാം ശ്രദ്ധിക്കേണ്ടതുണ്ട്. ഇതെല്ലാം കൃത്യമായി ചെയ്തില്ലെങ്കിൽ ഗുണത്തേക്കാളേറെ ദോഷമാകും ഉണ്ടാവുക. ചില തിരികൾ ഉപയോഗിക്കുന്നതിലൂടെ പല തരത്തലുള്ള ഗുണങ്ങൾ ഉണ്ടാകും. അവ ഏതൊക്കെയെന്ന് നോക്കാം.
ചുവന്ന കോട്ടൺ തിരി
വിവാഹം സംബന്ധിച്ച ദോഷങ്ങൾ, കുടുംബ ദുരിതങ്ങൾ, സന്താന സംബന്ധമായ ദുരിതങ്ങൾ എന്നിവയിൽ നിന്ന് മുക്തി നേടാൻ ചുവന്നകോട്ടൺ തിരി ഉപയോഗിച്ച് വിളക്ക് തെളിക്കാവുന്നതാണ്.
മഞ്ഞ കോട്ടൺ തിരി
മഞ്ഞ കോട്ടൺ തുണി കൊണ്ടുള്ള തിരി ഉപയോഗിച്ച് വിളക്ക് തെളിച്ചാൽ സന്തോഷപ്രദമായ കാര്യങ്ങൾ സംഭവിക്കും. പാർവതീ ദേവിക്ക് ഏറ്റവും ഇഷ്ടമുള്ളതാണ് മഞ്ഞ തിരി ഉപയോഗിച്ചുള്ള വിളക്ക് നാളം. ശുദ്ധമായ വെള്ള കോട്ടൺ തുണി മഞ്ഞൾ വെള്ളത്തിൽ നനച്ച് ഉണക്കിയാണ് മഞ്ഞത്തിരി ഉണ്ടാക്കുന്നത്. ഇത് പങ്കാളികളുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഇല്ലാതാക്കുകയും പ്രണയ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
താമര തിരി
മുൻ ജന്മത്തിലെ എല്ലാ പാപങ്ങളിൽ നിന്നും മുക്തി നേടാൻ താമരയുടെ തണ്ടിൽ നിന്നുള്ള തിരികൊണ്ട് വിളക്ക് തെളിക്കാം. ഇത് ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും കൊണ്ടുവരും.
വാഴനാര് തിരി
അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റുകൾക്ക് പരിഹാരമായി വാഴ നാരുകൊണ്ട് തീർത്ത തിരി കത്തിക്കാവുന്നതാണ്. പിതൃശാപങ്ങളിൽ നിന്നും മോചനം നേടാനും ഇത് സഹായിക്കും.
പനിനീർ തിരി
മഹാലക്ഷ്മി കടാക്ഷവും സമ്പത്തും സമൃദ്ധിയും അനുഗ്രഹവും ലഭിക്കാൻ പനിനീർ തിരി ഉപയോഗിച്ച് വിളക്ക് തെളിക്കുന്നത് നല്ലതാണ്. ജീവിതത്തിൽ സമാധാനവും സംതൃപ്തിയും ആകർഷിക്കാൻ ഇത് സഹായിക്കും. ശുദ്ധമായ വെള്ള തുണി പനിനീരിൽ മുക്കി ഉണക്കിയാണ് ഈ തിരി ഉണ്ടാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |