ആലപ്പുഴ: സ്‌കൂൾ ബസുകളുടെ യാത്രാപാതയും വേഗവും രക്ഷിതാക്കളുടെ മൊബൈൽ ഫോണിൽ ലഭ്യമാക്കാനും വിദ്യാർത്ഥികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാനും സർക്കാർ പ്രഖ്യാപിച്ച 'വിദ്യാവാഹിനി ആപ്പ് ' പ്രവർത്തനം തുടങ്ങി. ജില്ലയിലെ എല്ലാ സ്കൂൾ അധികൃതരും ആപ്പ് ഡൗൺലോഡ് ചെയ്ത് രക്ഷകർത്താക്കൾക്ക് ലിങ്ക് നൽകാനുള്ള നടപടി സ്വീകരിക്കാൻ ആർ ടി ഒ നിർദ്ദേശം നൽകിക്കഴിഞ്ഞു. കഴിഞ്ഞ അദ്ധ്യയന വർഷം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതിയാണ് ഇപ്പോൾ പ്രാവർത്തികമാകുന്നത്. പ്ലേ സ്റ്റോറിൽ ആപ്പ് ലഭ്യമാണ്.
സ്‌കൂൾ വാഹനത്തിന്റെ ദിശ, വേഗത അടക്കം രക്ഷിതാക്കൾക്ക് മൊബൈലിൽ അറിയാൻ കഴിയുന്ന തരത്തിലാണ് ജി പി എസ് സംവിധാനത്തോടെ ആപ്പിന് രൂപം നൽകിയിരിക്കുന്നത്. ദൂരത്തുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന രക്ഷിതാക്കൾക്കുൾപ്പടെ സ്‌കൂൾബസ് വരുന്ന വഴി, സഞ്ചരിക്കുന്ന വേഗം തുടങ്ങി എല്ലാ വിവരങ്ങളും തത്സമയം അറിയാൻ ഇതിലൂടെ സാധിക്കും.
മോട്ടോർ വാഹന വകുപ്പിന്റെ കൂടി സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയാണെങ്കിലും, ആപ്പിൽ ഓരോ വിദ്യാർത്ഥിക്കും ഐ ഡി നിർമ്മിച്ച് രക്ഷിതാക്കൾക്ക് കൈമാറേണ്ട ചുമതല വിദ്യാലയത്തിന്റെ അധികൃതർക്കാണ്. ആദ്യം സ്‌കൂളിന് വേണ്ടി ആവിഷ്‌കരിച്ച പദ്ധതി പിന്നീട് രക്ഷിതാക്കൾക്ക് കൂടി വിവരം ലഭിക്കുന്ന തരത്തിൽ വിപുലപ്പെടുത്തുകയായിരുന്നു.
ഫിറ്റ്നസ് നിർബന്ധം
സ്കൂൾ ബസുകളുടെ ഫിറ്റ്നസ് പരിശോധന ആരംഭിച്ചുകഴിഞ്ഞു. അമ്പലപ്പുഴ താലൂക്കിലെ വാഹനങ്ങളുടെ പരിശോധന ഇന്ന് രാവിലെ മുതൽ പുറക്കാട് എസ് എൻ എം എച്ച് എസ് എസിന് സമീപം നടക്കും. ഇത് കൂടാതെ ഡ്രൈവർമാർക്ക് വേണ്ടി മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ ഓറിയന്റേഷൻ ക്ലാസുകളും നൽകുന്നുണ്ട്.
തത്സമയം നിരീക്ഷിക്കാം
സ്‌കൂൾ ബസുകളെ ജി.പി.എസ് വഴി ഗതാഗത വകുപ്പിന്റെ സെർവറുമായി ബന്ധിപ്പിക്കും
സ്‌കൂളുകൾക്കും രക്ഷിതാക്കൾക്കും ലോഗിൻ ചെയ്യാം
വാഹനം ഓടുന്ന ട്രാക്ക് മൊബൈൽ ഫോണിൽ അറിയാം
അപകടമുണ്ടായിൽ അപായ സൂചന അലർട്ടായി ലഭിക്കും
സഹായം തേടാൻ വാഹനങ്ങളിലെ പാനിക് ബട്ടൺ ഉപയോഗിക്കാം
വാഹനം 40 ഡിഗ്രിയിലധികം ചരിഞ്ഞാലും അലർട്ട് സന്ദേശമെത്തും
ആപ്പിന്റെ ഭാഗമായി ടോൾ ഫ്രീ നമ്പർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |