ചെറുപുഴ (കണ്ണൂർ) : ഒരാഴ്ച മുമ്പ് പുനർവിവാഹിതയായ യുവതിയെയും മൂന്ന് മക്കളെയും രണ്ടാം ഭർത്താവിനൊപ്പം മരിച്ച നിലയിൽ കണ്ടെത്തി. നിർമ്മാണത്തൊഴിലാളിയായ മുളപ്ര വീട്ടിൽ ഷാജി (40), ചെറുവത്തൂർ സ്വദേശി കുടിയിൽ ശ്രീജ (38), ശ്രീജയുടെ മക്കളായ സൂരജ് (12), സുബിൻ (8), സുരഭി (6) എന്നിവരെയാണ് ശ്രീജയുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പാടിയോട്ടുചാലിനടുത്ത വാച്ചാലിലാണ് നാടിനെ നടുക്കിയ സംഭവം.
ഷാജിയും ശ്രീജയും കഴിഞ്ഞ 16നാണ് വിവാഹിതരായത്. നിയമപരമായി മുൻവിവാഹബന്ധം ഇരുവരും വേർപെടുത്തിയിട്ടില്ല. വീട് ഒഴിയണമെന്നാവശ്യപ്പെട്ട് ശ്രീജയുടെ മുൻഭർത്താവ് നൽകിയ പരാതിയിൽ ഇന്നലെ ശ്രീജയെയും ഷാജിയെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നതായും പൊലീസ് അറിയിച്ചു. ഷാജിക്ക് ആദ്യഭാര്യയിൽ രണ്ട് മക്കളുണ്ട്.
'മക്കളെ കൊന്നു, ഞങ്ങളും മരിക്കുന്നു" എന്ന് യുവതി ഇന്നലെ വെളുപ്പിന് 5.30ഓടെ ചെറുപുഴ സ്റ്റേഷനിൽ വിളിച്ചറിയിച്ചതിനെ തുടർന്ന് പൊലീസെത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തുന്നത്.
ഷാജിയെയും ശ്രീജയെയും കിടപ്പുമുറിയിലെ ഫാനിലും സൂരജിനെ ഹാളിലും സുബിനെനും സുരഭിയെയും സ്റ്റെയർകെയ്സ് കമ്പിയിലുമാണ് കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടത്. വീട്ടിൽ തലേദിവസം കഴിച്ച ഭക്ഷണാവശിഷ്ടങ്ങളും കാണാനുണ്ട്. കുട്ടികളെ കൊലപ്പെടുത്തിയിട്ടാണോ ഇവർ ആത്മഹത്യ ചെയ്തത്, ഭക്ഷണത്തിൽ വിഷം കലർത്തി കഴിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രൻ അറിയിച്ചു.
ശ്രീജയുടെ മുൻ ഭർത്താവിന്റെ പേരിലുള്ള വീട് ഒഴിഞ്ഞു കാെടുക്കണമെന്ന പരാതിയിൽ പൊലീസും പ്രാദേശിക രാഷ്ട്രീയ നേതാക്കളും പ്രശ്ന പരിഹാരത്തിന് ശ്രമം നടത്തിവരികയായിരുന്നു. ഷാജിയുടെ ആദ്യ ഭാര്യയും പരാതിയുമായി ജനപ്രതിനിധികളെ സമീപിച്ചിരുന്നു. നിർമ്മാണ ജോലിക്കാരായിരുന്ന ഷാജിയും ശ്രീജയും ഒരു വർഷം മുമ്പ് അടുക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ഏതാനും നാളുകളായി ഷാജി ഇവരോടൊപ്പമായിരുന്നു താമസം.
ശ്രീജ വിളിച്ചറിയിച്ച് 15 മിനിട്ടിനകം പൊലീസ് വീട്ടിലെത്തി. അപ്പോഴാണ് അയൽവാസികൾ സംഭവമറിയുന്നത്. അകത്തുനിന്ന് പൂട്ടിയിരുന്ന വാതിൽ ചവിട്ടിപ്പൊളിച്ച് കയറിയപ്പോഴേക്കും അഞ്ചുപേരും മരിച്ചിരുന്നു.
വിരലടയാള വിദഗ്ദ്ധരുൾപ്പെടെ വീട്ടിൽ പരിശോധന നടത്തി. മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |