SignIn
Kerala Kaumudi Online
Friday, 19 April 2024 5.25 PM IST

ഭൂതവും ഭാവിയും ഭാവനയും

georgi-gospodinov

2023 ലെ ബുക്കർ അന്താരാഷ്ട്ര പുരസ്കാരം നേടിയ ബൾഗേറിയൻ നോവലിസ്റ്റ് ഗ്യോർഗി ഗുസ്‌പുദിനോവിന്റെ രചനാലോകം രാഷ്ട്രീയവും സാമൂഹികവുമായ മാനങ്ങളോടെ വേറിട്ട് നിൽക്കുന്നു. ടൈം ഷെൽട്ടറിന്റെ ഇംഗ്ലിഷ് പരിഭാഷ നിർവഹിച്ചിരിക്കുന്നത് ഏഞ്ചല റോഡലാണ്.

ഇത്തവണത്തെ ആദ്യ ലിസ്റ്റിൽ (long list) തമിഴ് എഴുത്തുകാരനായ പെരുമാൾ മുരുഗന്റെ 'പൈർ ' എന്ന നോവലും ഉൾപ്പെട്ടിരുന്നു. എന്നാൽ ചുരുക്കപ്പട്ടികയിൽ അതിടം നേടിയില്ല. കഴിഞ്ഞവർഷം ഈ പുരസ്കാരം നേടിയത് ഹിന്ദി എഴുത്തുകാരിയായ ഗീതാജ്ഞലി ശ്രീയാണ്.

സാഹിത്യത്തിന് പുതിയൊരുന്മേഷം നൽകുന്നവയാണ് ഗുസ്പുദിനോവിന്റെ രചനകൾ. നോവലുകൾ കൂടാതെ നാടകവും കവിതയും അദ്ദേഹം രചിച്ചിട്ടുണ്ട്. കവി എന്ന നിലയിൽ പ്രശസ്തനായതിനു ശേഷമാണ് അദ്ദേഹം നോവലിലേക്ക് തിരിഞ്ഞത്. രചനകളിൽ പലതും വിദേശഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. 2015ൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ 'Physics of Sorrow' എന്ന നോവലും പ്രസിദ്ധമാണ്. യൂറോപ്പിലെ മികച്ച സാഹിത്യ പുരസ്കാരങ്ങൾ പലതും നേടിയിട്ടുണ്ട് ഈ കൃതി.

ബുക്കർ പുരസ്കാരം നേടുന്ന ആദ്യ ബൾഗേറിയൻ എഴുത്തുകാരനാണ് ഗുസ്‌പുദിനോവ്.

യൂറോപ്പ് ഒരു കുരുക്കിലകപ്പെട്ടിരിക്കുന്നു. അതാകട്ടെ പതിറ്റാണ്ടുകളായി തുടരുന്ന ഒരു കുരുക്കും. മാറ്റം കുരുക്ക് നിർമിച്ചവരിൽ മാത്രമാണ് . ഇന്നലെകളിൽ അത് കമ്മ്യൂണിസത്തിന്റെ കുരുക്കായിരുന്നെങ്കിൽ ഇന്നത് വലതുപക്ഷ പോപ്പുലിസത്തിന്റെ കുരുക്കാണ്. രണ്ടും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല. രണ്ടുതരം മുതലെടുപ്പുകൾ. അഥവാ പറ്റിക്കലുകൾ. ഒന്ന് ഭാവിയെ വിറ്റുകൊണ്ട് ജനങ്ങളെ പറ്റിച്ച കമ്മ്യൂണിസം. മറ്റൊന്ന് ഭൂതകാലത്തെ വിൽക്കാൻ നടക്കുന്ന പോപ്പുലിസ്റ്റുകൾ. ഭാവിയെയോ, ഭൂതത്തെയോ വിറ്റു കബളിപ്പിക്കുന്ന രാഷ്ട്രീയത്തെ വിശ്വസിക്കരുതെന്ന് പറയുന്ന ഒരാളുടെ നോവലാണ് 'ടൈം ഷെൽട്ടർ'. ഈ രണ്ടുവിഭാഗക്കാരുടെയും ഖജനാവുകൾ യഥാർത്ഥത്തിൽ ശൂന്യമാണ്. അവർക്ക് അധികാരം വേണമെന്ന് മാത്രം. ഗ്യോർഗി ഗുസ്പുദിനോവ് എന്ന ബൾഗേറിയക്കാരൻ തന്റെ നോവലിലൂടെ പറയാൻ ശ്രമിക്കുന്നത് ഈ രാഷ്ട്രീയ പ്രഹേളികയെപ്പറ്റിയാണ്. "ടൈം ഷെൽറ്റർ" എന്ന നോവലിൽ വ്യകതിയുടെ ജീവിതം ഇത്തരം കുരുക്കുകളിൽ കുടുങ്ങി നിരാശാപൂർണവും, ദുരിതപൂർണവും ആവുന്നതിന്റെ ചിത്രമാണ് വായനക്കാർ കാണുക. നോവലിലെ വ്യക്തിയുടെ അനുഭവവും, ചിന്തയും സമൂഹത്തിന്റെ കൂട്ടായ ബോദ്ധ്യമായി വായിക്കപ്പെടുന്നു. വർത്തമാനകാല യൂറോപ്പിന്റെ രാഷ്ട്രീയം സൂക്ഷ്‌മമായി ഒപ്പിയെടുക്കുന്ന നോവലാണ് "ടൈം ഷെൽട്ടർ" . ഗ്യോർഗി ഗുസ്‌പുദിനോവ് ( Georgi Gospodinov) മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം ഏറെ കാലിക പ്രസക്തവും. അത് യൂറോപ്പിന്റെ അസ്തിത്വത്തെ ആഴത്തിൽ സ്പർശിക്കുന്നു. അതോടൊപ്പം വ്യക്തിയുടെ ജീവിത ദുരന്തവും. ഗൃഹാതുരത്വം ആധുനിക സമൂഹത്തിൽ സൃഷ്ടിക്കുന്ന പ്രതിസന്ധികളെയാണ് അദ്ദേഹം ഈ മികച്ച സൃഷ്ടിയിലൂടെ കാണിച്ചുതരുന്നത്.

യൂറോപ്പിന്റെ ഇന്നലെകൾ അവിടെയുള്ള മനുഷ്യരുടെ മാനസികാവസ്ഥയിൽ വലിയ ആഘാതങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. അവരുടെയൊക്കെ മനസ് ഭൂതകാലങ്ങളിലെവിടെയോ കുരുങ്ങിക്കിടക്കുകയാണ്. അവരെ അതിൽനിന്നും മോചിപ്പിക്കുക എന്നത് ആധുനിക യൂറോപ്പ് നേരിടുന്ന വലിയ വെല്ലുവിളികളിലൊന്നാണ്. ഈ വിഷയമാണ് 'ടൈം ഷെൽട്ടറിൽ ' ഗുസ്‌പുദിനോവ് കൈകാര്യം ചെയ്യുന്നത്. വൃദ്ധജനങ്ങൾക്കായുള്ള ഒരു ക്ലിനിക്കിൽ അവരെ ചികിത്സിക്കുന്ന ഒരു മനോരോഗ വിദഗ്ദൻ നടത്തുന്ന പരീക്ഷണങ്ങളാണ് നോവലിന്റെ പ്രമേയം. വൃദ്ധർക്കുള്ള മനോരോഗ വിദഗ്ദനാണ് (Geriatric Psychiatrist) ഡോക്ടർ ഗൗസ്തിൻ. സത്യത്തിൽ അതൊരു നിഗൂഢ കഥാപാത്രമാണ്. ചികിത്സയുടെ ഭാഗമായി ഡോക്ടർ അദ്ദേഹത്തിന്റെ ക്ലിനിക്കിന് വലിയ രൂപമാറ്റം തന്നെ വരുത്തുകയാണ്. ക്ലിനിക്കിലെ സംഗതികളെയെല്ലാം ഒരു അറുപതുകളുടെ കാഴ്ചയാക്കി മാറ്റുന്നു. ആ അന്തരീക്ഷ മാറ്റത്തിലൂടെ രോഗികളെ അവരുടെ ഭൂതകാലവുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുകയാണ് ഡോക്ടർ. അതവരിൽ വലിയ മാറ്റങ്ങളുണ്ടാക്കുന്നു. ആ ക്ലിനിക് ഇരുപതാം നൂറ്റാണ്ടിലെ യൂറോപ്പിനെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഭൂതകാലവും വർത്തമാനകാലവും തമ്മിൽ സന്ധിയാവുന്ന ഒരിടം കണ്ടെത്തി അവരെ ഗൃഹാതുരത്വത്തിൽ നിന്നും മോചിപ്പിക്കുക എന്നതാണ് ഡോക്ടറുടെ ലക്ഷ്യം. ഈ നോവൽ സന്ദർഭം യൂറോപ്പിലെ വർത്തമാനകാല രാഷ്ടീയ പ്രക്രിയയെ ഓർമ്മിപ്പിക്കുന്നു. നർമ്മവും വേദനയും നിറച്ച് നിർമ്മിച്ച ഒരു സറ്റയർ നോവലാണിത്.

ദേശീയതയുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രതിസന്ധികളെ പരിഹസിക്കുക എന്നൊരു ദൗത്യം കൃതിയുടെ അന്തർധാരയായി നോവലിസ്റ്റ് നിലനിറുത്തിയിട്ടുണ്ട്. ഗതകാലസ്മരണയുടെ സുഖത്തിൽ ജനതയെ മയക്കിയിടുന്ന രാഷ്ട്രീയം നോവലിസ്റ്റ് കാണുന്നുണ്ട്. ഡോക്ടർ ഗൗസ്തിൻ തുടങ്ങിയ ക്ലിനിക്ക് യൂറോപ്പിൽ പലേടത്തും തുറക്കുന്നതായി നോവലിലുണ്ട്. ഇത് വലതുപക്ഷ പോപ്പുലിസത്തിന്റെ പകർച്ചവ്യാധി സ്വഭാവത്തിലേക്ക് വിരൽ ചൂണ്ടുന്നു. അടുത്ത കാലത്ത് യൂറോപ്പിലാകെ അത് പടർന്നു പിടിക്കുന്നത് നമ്മൾ കാണുന്നുണ്ടല്ലോ. ഇന്നലെകളിൽ ജീവിക്കുക എന്ന വിചിത്രമായ അനുഭവത്തെയാണ് ക്ലിനിക്കിന്റെ സ്വഭാവത്തിലൂടെ നോവലിസ്റ്റ് കാണിച്ചുതരുന്നത്. അതുതന്നെയാണ് പുതിയകാല രാഷ്ടീയവും ചെയ്തു കൊണ്ടിരിക്കുന്നത്. ഇതിനായി ആഖ്യാനത്തിന്റെ ഒരു നൂതനശില്പം അദ്ദേഹം നിർമ്മിച്ചു.

യു.കെയിലോ അയർലണ്ടിലോ പ്രസിദ്ധീകരിച്ചതും ലോകത്തിലെ വിവിധ ഭാഷകളിൽ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതുമായ മികച്ച നോവലിനുള്ളതാണ് ബുക്കർ അന്താരാഷ്ട്ര പുരസ്കാരം. സമ്മാനത്തുകയായ അമ്പതിനായിരം ബ്രിട്ടീഷ് പൗണ്ട് നോവലിസ്റ്റും പരിഭാഷകയും പങ്കിട്ടെടുക്കും. പരിഭാഷകരെ കൂടി ആദരിക്കുന്നു എന്ന പ്രത്യേകതയും ഈ പുരസ്കാരത്തിനുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GEORGI GOSPODINOV, BOOKER PRIZE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.