അമ്പലവയൽ: യുവതിയുടെ ചിത്രങ്ങൾ മോർഫുചെയ്ത് അശ്ലീല വീഡിയോകളാക്കി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. ചുള്ളിയോട് പുതുച്ചാംകുന്നത്ത് അജിൻ പീറ്റർ (29) ആണ് അമ്പലവയൽ പൊലീസിന്റെ പിടിയിലായത്. പരിചയക്കാരായ രണ്ടുപേരുടെ മൊബൈൽ നമ്പറുപയോഗിച്ച് അവരറിയാതെ വാട്സാപ് അക്കൗണ്ടുണ്ടാക്കിയാണ് വീഡിയോ പ്രചരിപ്പിച്ചത്. യുവതിയുടെ പരാതിപ്രകാരം സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പൊലീസ് ഇയാളെ പിടികൂടിയത്.
എം.ബി.എ. ബിരുദധാരിയായ അജിൻ പീറ്റർ പരാതിക്കാരിയായ സ്ത്രീയുമായി മുൻപരിചയമുണ്ടായിരുന്നു. ഇവർ തമ്മിൽ പിണങ്ങിയശേഷമാണ് പരാതിക്കാരിയായ യുവതിയുടെ മോർഫുചെയ്ത ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. അമ്പലവയലിൽ ജോലിചെയ്യുന്ന കർണാടക സ്വദേശിയുടെ നമ്പറുപയോഗിച്ചാണ് ഇയാൾ വാട്സാപ് അക്കൗണ്ടുണ്ടാക്കിയത്.
തമിഴ്നാട് പന്തല്ലൂർ സ്വദേശിയായ മറ്റൊരാളുടെ ഫോൺ നമ്പറും ഇതേരീതിയിൽ ഇയാൾ ദുരുപയോഗം ചെയ്തതായി പൊലീസ് കണ്ടെത്തി. കോളേജ് വിദ്യാർത്ഥികളുടെ അശ്ലീല വീഡിയോ എന്ന തലക്കെട്ടോടെ പിന്നീടിത് സമൂഹികമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചു. പരാതിക്കാരിയുടെ അയൽവാസികളുടെ വാട്സാപ് നമ്പറിലേക്ക് ഈ വീഡിയോ അയക്കുകയും ചെയ്തു. പൊലീസ് ഫോൺ നമ്പറിന്റെ ഉടമകളെ ചോദ്യം ചെയ്തപ്പോഴാണ് യഥാർത്ഥ പ്രതിയിലേക്കുള്ള സൂചനകൾ ലഭിച്ചത്. പിന്നീട് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി. അമ്പലവയൽ സ്റ്റേഷൻ ഹൗസ് ഓഫീസർ എം.വി. പളനി, സബ് ഇൻസ്‌പെക്ടർ ഷാജഹാൻ, സൈബർ സെൽ സി.പി.ഒ. മാരായ മുഹമ്മദ് സക്കറിയ, വിജിത്ത്, അമ്പലവയൽ സ്റ്റേഷൻ സി.പി.ഒ. മാരായ രവി, ബിജു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |