കെ.ജി.എം.ഒ.എ നേതൃത്വത്തിൽ പരിശീലനം
തൃശൂർ: ഡ്യൂട്ടിക്കിടയിൽ ചില രോഗികളിൽ നിന്നടക്കം ഉണ്ടാകുന്ന അപ്രതീക്ഷിത അക്രമങ്ങളെ ചെറുക്കാനും സ്വയരക്ഷയ്ക്കും പ്രതിരോധ മുറ പരിശീലിച്ച് തൃശൂർ ജില്ലയിലെ ഡോക്ടർമാർ. ഡോ.വന്ദനാദാസ് കൊല്ലപ്പെട്ട സംഭവത്തെത്തുടർന്ന് കേരള ഗവ.മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷന്റെ (കെ.ജി.എം.ഒ.എ) നേതൃത്വത്തിൽ പൊലീസിന്റെ സഹകരണത്തോടെയാണ് വനിതാ ഡോക്ടർമാർക്കടക്കം പരിശീലനം.
21ന് തൃശൂരിൽ നടന്ന ആദ്യപരിശീലനത്തിൽ 60 പേർ പങ്കെടുത്തു. അടുത്ത പരിശീലനം 29ന് ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ. തുടർന്ന് ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ ക്‌ളാസുണ്ടാകും. സംസ്ഥാന തലത്തിൽ വ്യാപിപ്പിക്കാൻ ആലോചനയുണ്ട്.
ഡോക്ടർമാർക്ക് പുറമേ ആരോഗ്യ പ്രവർത്തകർക്കും പരിശീലനം നൽകും. സ്ത്രീസുരക്ഷയുടെ ഭാഗമായി പൊലീസ് നൽകാറുള്ള പ്രതിരോധ ക്‌ളാസാണ് ആദ്യഘട്ടത്തിൽ നൽകുന്നത്.
രോഗിയുടെ പെരുമാറ്റം വിലയിരുത്തി ആക്രമണ സാദ്ധ്യതയറിയാൻ സഹായിക്കുന്ന മനഃശാസ്ത്ര ക്‌ളാസും ഉണ്ടാകും.
അക്രമിയെ പൂട്ടും 'ലോക്ക്'
ലിസനിംഗ് (ശ്രദ്ധ), ഒബ്‌സർവേഷൻ (നിരീക്ഷണം ), കോൺഫിഡൻസ് (ആത്മവിശ്വാസം), നോളഡ്ജ് (അറിവ് ) എന്നിവയുടെ ആദ്യാക്ഷരങ്ങൾ ചേർത്ത് 'ലോക്ക്' എന്നാണ് പരിശീലന രീതിക്ക്
തൃശൂർ സിറ്റി പൊലീസ് പേരിട്ടിരിക്കുന്നത്. രോഗികളുടെ പെരുമാറ്റം
ഉൾപ്പെടെ നിരീക്ഷിക്കുന്ന പരിശീലന രീതിയാണിത്. നിയമവശങ്ങളെക്കുറിച്ചും ക്ലാസുണ്ടാകും. അക്രമിയെ പിടികൂടുന്ന വിധം, ലൈംഗികാതിക്രമമുണ്ടാകുമ്പോൾ ചെയ്യേണ്ടത് തുടങ്ങിയവയും പഠിപ്പിക്കും. 20 മണിക്കൂർ ക്‌ളാസിൽ 45 വിദ്യകളാണ് (ടെക്‌നിക്) പഠിപ്പിക്കുക. സിറ്റി പൊലീസിലെ ഷിജി, പ്രതിഭ, ഷീജ തുടങ്ങിയവരാണ് പരിശീലകർ.
രോഗികളുടെ സാഹചര്യമറിയാനും അവരോട് കൂടുതൽ ആർദ്രമായി പെരുമാറാനും ഡോക്ടർമാരെ പരിശീലിപ്പിക്കുന്നുണ്ട്.
ഡോ.അസീന,
ജില്ലാ പ്രസിഡന്റ്, കെ.ജി.എം.ഒ.എ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |