SignIn
Kerala Kaumudi Online
Thursday, 28 March 2024 10.30 PM IST

പത്രപ്രവർത്തകരുടെയും പത്രജീവനക്കാരുടെയും പെൻഷൻ വിപുലീകരിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: പത്രസ്ഥാപനങ്ങളുടെ പിന്തുണയോടെ പത്രപ്രവർത്തകരുടെയും പത്രജീവനക്കാരുടെയും പെൻഷൻ പദ്ധതി വിപുലീകരിക്കുന്നത് സർക്കാർ ആലോചിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ വിഭാഗത്തിൽപ്പെട്ടവർക്കായി പ്രത്യേക പെൻഷൻ ഫണ്ട് രൂപീകരിക്കും. പെൻഷനുമായി ബന്ധപ്പെട്ട ചട്ടപരിഷ്കരണം അന്തിമഘട്ടത്തിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

കേരള ന്യൂസ് പേപ്പർ എംപ്ളോയീസ് ഫെഡറേഷൻ (കെ.എൻ.ഇ.എഫ്) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പത്രപ്രവർത്തകരുടെയും ജീവനക്കാരുടെയും ക്ഷേമം ഉറപ്പുവരുത്താൻ പ്രതിജ്ഞാബദ്ധമായ സർക്കാർ ഇരുവിഭാഗങ്ങളുടെയും ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കും. കേരളത്തിൽ ഇപ്പോൾത്തന്നെ പെൻഷൻ വിതരണം നല്ലനിലയിലാണ്. ഇവിടത്തെ ക്ഷേമപദ്ധതികളെക്കുറിച്ച് പഠിക്കാൻ മറ്രു സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ എത്തുന്നുണ്ട്.

അച്ചടിമാദ്ധ്യമരംഗം കടുത്ത പ്രതിസന്ധിയിലാണ്. അസംസ്കൃത വസ്തുക്കളുടെ വിലവർദ്ധനയാണ് പ്രധാന പ്രശ്നം. കൊവിഡ് പ്രതിസന്ധിയിൽ നിന്ന് പല സ്ഥാപനങ്ങളും ഇനിയും മുക്തമായിട്ടില്ല. കടലാസിന്റെ ഇറക്കുമതി തീരുവ കേന്ദ്രസർക്കാർ കൂട്ടിയതോടെ പത്രസ്ഥാപനങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിലാണ്. നാലാം തൂണിനെ ദുർബ്ബലപ്പെടുത്താനാണ് ഭരണകൂടത്തിന്റെ ശ്രമം. തെറ്ര് ചൂണ്ടിക്കാട്ടുകയോ വിമർശിക്കുകയോ ചെയ്താൽ അന്വേഷണ ഏജൻസികളെ ഉപയോഗിച്ചും കേസെടുപ്പിച്ചും വായടപ്പിക്കുകയാണ്. അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന സ്ഥിതിയാണുള്ളത്. ഇതിനോടെല്ലാം മാദ്ധ്യമങ്ങളും വേണ്ട രീതിയിൽ പ്രതികരിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം.

സംസ്ഥാനത്ത് വ്യവസായരംഗത്ത് വൻ കുതിച്ചുചാട്ടമാണ് ഉണ്ടായിട്ടുള്ളത്. യുവാക്കളെയും സ്ത്രീകളെയും സംരംഭക രംഗത്തേക്ക് കൈപിടിച്ചുയർത്തുകയാണ്. കേരളത്തെ ഒരു വ്യവസായ ഹബ്ബാക്കി മാറ്റാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. അടുത്തിടെ പ്രവർത്തനമാരംഭിച്ച കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡ് നിർമ്മിക്കുന്ന കടലാസിൽ ദക്ഷിണേന്ത്യയിലെ 12 പത്രങ്ങളാണ് അച്ചടിക്കുന്നത്. ഇങ്ങനെ വിവിധ മേഖലകളിൽ മുന്നേറുമ്പോഴും യഥാർത്ഥ ചിത്രം മറച്ചുവയ്ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കെ.എൻ.ഇ.എഫ് സംസ്ഥാന പ്രസിഡന്റ് വി.എസ്.ജോൺസൺ അദ്ധ്യക്ഷത വഹിച്ചു. എം.വിൻസെന്റ് എം.എൽ.എ, എ.ഐ.എൻ.ഇ.എഫ് ജനറൽ സെക്രട്ടറി വി.ബാലഗോപാൽ, കെ.യു.ഡബ്ളിയു.ജെ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.കിരൺബാബു, എൻ.പി.യു സംസ്ഥാന പ്രസിഡന്റ് കെ.എൻ.ലതാനാഥൻ എന്നിവർ പ്രസംഗിച്ചു. സ്വാഗസംഘം ചെയർമാൻ വി.ജോയി എം.എൽ.എ സ്വാഗതവും കെ.എൻ.ഇ.എഫ് ആക്ടിംഗ് ജനറൽ സെക്രട്ടറി ജയ്സൺ മാത്യു നന്ദിയും പറഞ്ഞു.

വിരമിച്ച മുതിർന്ന അംഗങ്ങളെയും മത്സര വിജയികളെയും ചടങ്ങിൽ ആദരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.