ഇടുക്കി: ചിന്നക്കനാലിൽ നിന്നും പിടികൂടി പെരിയാർ കടുവാ സങ്കേതത്തിൽ കൊണ്ടുവിട്ട കാട്ടാന അരിക്കൊമ്പൻ ഇന്നലെ കുമളിയിൽ ജനവാസ മേഖലയ്‌ക്ക് സമീപമെത്തി. കഴിഞ്ഞദിവസം ആകാശദൂരമനുസരിച്ച് കുമളിയിൽ നിന്ന് ആറ് കിലോമീറ്റർ അകലെവരെയെത്തിയെങ്കിൽ ഇന്നലെ കുമളി റോസാപ്പൂകണ്ടം ഭാഗത്താണ് ആനയെത്തിയത്. ഇത് വനമേഖലയാണെങ്കിലും ഇവിടെനിന്നും കേവലം 100 മീറ്റർ മാത്രം പിന്നിട്ടാൽ ജനവാസമേഖലയാണ്.
ജനവാസ മേഖലയ്‌ക്ക് സമീപമെത്തിയ ആനയെ വനംവകുപ്പ് ആകാശത്തേക്ക് വെടിവച്ച് തിരികെ കാട്ടിലേക്കോടിച്ചു. ജി.പി.എസ് കോളറിലൂടെയാണ് എത്തിയത് അരിക്കൊമ്പൻ തന്നെയാണെന്ന് മനസിലാക്കിയത്. കഴിഞ്ഞ ദിവസം കണ്ടെത്തിയയിടത്ത് നിന്നും വനത്തിനുള്ളിലേക്ക് അരിക്കൊമ്പനെ ഓടിച്ചുവിട്ടതായാണ് വിവരം. ഓരോ മണിക്കൂർ ഇടവിട്ട് മാത്രമാണ് ആനയുടെ കഴുത്തിലെ റേഡിയോ കോളറിൽ നിന്ന് സിഗ്നലുകൾ ലഭിക്കുക. ജനവാസ മേഖലയ്‌ക്ക് തൊട്ടടുത്തെത്തിയപ്പോഴാണ് സിഗ്നൽ ലഭിച്ചത്. കാട്ടിലേക്ക് കയറ്റിവിട്ടിട്ടും ജനവാസ മേഖലയ്‌ക്ക് വളരെയടുത്ത് അരിക്കൊമ്പനെത്തിയത് ആശങ്കയ്‌ക്കിടയാക്കിയിട്ടുണ്ട്. ആന ജനവാസ മേഖലയിലിറങ്ങുമോ എന്നതാണ് ആശങ്കപ്പെടുത്തുന്നത്.
കടുത്ത ഭീതി വിതച്ചശേഷം ആറു ദിവസം മുൻപാണ് അരിക്കൊമ്പൻ തമിഴ്നാട്ടിൽ നിന്ന് കേരളത്തിന്റെ വനമേഖലയിൽ പ്രവേശിച്ചത്. അരിക്കൊമ്പന്റെ ആക്രമണം ഭയന്ന് തമിഴ്നാട്ടിലെ മേഘമലയിൽ വിനോദസഞ്ചാരികൾക്ക് തമിഴ്നാട് വനം വകുപ്പ് നിരോധനം ഏർപ്പെടുത്തിയിരുന്നു. അത് ഇപ്പോഴും തുടരുകയാണ്. ഇവിടെ ഒരു വീടിനുനേരെ ആന ആക്രമണം നടത്തിയെന്നും റിപ്പോർട്ടുണ്ടായിരുന്നു. ഞായറാഴ്ച വനപാലകർക്കുവേണ്ടി നിർമിച്ച ഷെഡ് അരിക്കൊമ്പൻ തകർത്തിരുന്നു. ജീവനക്കാർ ഓടി രക്ഷപ്പെടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |