SignIn
Kerala Kaumudi Online
Tuesday, 23 April 2024 8.16 PM IST

പിന്നാക്ക സംവരണം സ്വാഹ

photo

മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാർക്ക് 10 ശതമാനം സാമ്പത്തിക സംവരണവും ഭരണഘടനാ ഭേദഗതിയും ശരിവച്ച സുപ്രീംകോടതി വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി തള്ളിയതോടെ പിന്നാക്ക സംവരണം എന്നതിന്റെ സത്തതന്നെ ഇല്ലാതായിരിക്കുന്നു. വിധിയിൽ തെറ്റില്ലെന്നും പുനഃപരിശോധിക്കേണ്ട സാഹചര്യമില്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ഈ മാസം 11 നാണ് വ്യക്തമാക്കിയത്. എസ്.എൻ.ഡി.പി യോഗം അടക്കം വിവിധ സംഘടനകളും വ്യക്തികളും ചേർന്നാണ് പുനഃപരിശോധനാ ഹർജി നൽകിയിരുന്നത്. രാജ്യത്തെ പിന്നാക്ക വിഭാഗങ്ങൾക്ക് പ്രതികൂലമാണ് വിധിയെങ്കിലും പിന്നാക്കക്കാരെ പ്രതിനിധീകരിക്കുന്ന സംഘടനകളോ പ്രസ്ഥാനങ്ങളോ ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. സവർണ താത്പര്യങ്ങൾ സംരക്ഷിക്കുകയെന്നത് ഗൂഢലക്ഷ്യമാക്കിയ ഭരണകൂടങ്ങളുടെയും രാഷ്ട്രീയ കക്ഷികളുടെയും തനിനിറമാണ് ഇതോടെ വെളിപ്പെടുന്നത്.

മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം നൽകാൻ കൊണ്ടുവന്ന ഭരണഘടനാ ഭേദഗതിക്കെതിരായ ഹർജികളിൽ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ നിർണായക വിധിയുണ്ടായത് 2022 നവംബർ ഏഴിനാണ്. അഞ്ചംഗ ബെഞ്ചിൽ,​ ചീഫ് ജസ്റ്റിസായിരുന്ന യു.യു ലളിതും ജസ്റ്റിസ് രവീന്ദ്ര ഭട്ടും സാമ്പത്തികസംവരണത്തെ എതിർത്തപ്പോൾ ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് ഭേല എം.ത്രിവേദി, ജസ്റ്റിസ് ജെ.ബി പർദിവാല എന്നിവരാണ് സംവരണത്തെ അനുകൂലിച്ചത്.

സാമ്പത്തികസംവരണം ഭരണഘടനാപരമാണെന്നും ഇത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് എതിരല്ലെന്നുമാണ് സുപ്രീംകോടതി ഭൂരിപക്ഷ ബെഞ്ച് വ്യക്തമാക്കിയത്. സാമ്പത്തികാടിസ്ഥാനത്തിൽ സംവരണം നൽകുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് 1992 ൽ മണ്ഡൽ കമ്മിഷൻ കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചിരുന്നു. അന്ന് കേന്ദ്രം ഭരിച്ചിരുന്ന നരസിംഹറാവു സർക്കാർ നടപ്പാക്കിയ 10 ശതമാനം സാമ്പത്തികസംവരണം സുപ്രീംകോടതി അസാധുവാക്കുകയും ചെയ്തു. ആ വിധിയാണ് സുപ്രീം കോടതി തന്നെ റദ്ദാക്കിയിട്ടുള്ളത്. ഇപ്പോൾ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാരിന്റെ 103-ാം ഭരണഘടനാ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നാരോപിച്ചുള്ള ഹർജികളിലാണ് 2022 നവംബർ ഏഴിന് സുപ്രീം കോടതി വിധിയുണ്ടായത്. സംവരണം നൽകാൻ സാമ്പത്തികസ്ഥിതി കണക്കിലെടുക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും സംവരണം 50 ശതമാനം കടക്കരുതെന്നുമുള്ള സുപ്രീം കോടതി വിധിയുടെ ലംഘനമാണ് ഭരണഘടനാ ഭേദഗതിയെന്ന ഹർജിക്കാരുടെ വാദത്തെ കോടതി പരിഗണിച്ചില്ല.

രാജ്യത്തെ ഭൂരിപക്ഷം വരുന്ന പിന്നാക്ക ജനതയെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്താൻ ലക്ഷ്യമിട്ടാണ് പിന്നാക്ക സംവരണം എന്നത് ഭരണഘടനയിൽ പ്രത്യേകം എഴുതിച്ചേർക്കാൻ ഭരണഘടനാശില്പിയായ ഡോ.ബി.ആർ അംബേദ്‌കർ തയ്യാറായത്. നൂറ്റാണ്ടുകളോളം വിജ്ഞാനമേഖലയിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്ന വിഭാഗങ്ങൾക്ക് വേണ്ടത്ര അധികാരാവകാശങ്ങളും സമ്പത്തും സാമൂഹിക അംഗീകാരങ്ങളുമെല്ലാം അവ പാരമ്പര്യമായി ലഭിച്ച ജനവിഭാഗങ്ങളോട് മത്സരിച്ച് നേടുക എന്നത് തീർത്തും ദുഷ്കരമായ കാര്യമാണ്. ഈ മത്സരത്തിൽ പിന്തള്ളപ്പെട്ടു പോകാതിരിക്കാൻ ഭരണകൂടം നൽകുന്ന ഒരു കൈ സഹായമാണ് സംവരണം. അവശ ജനവിഭാഗങ്ങൾക്ക് മുന്നേറ്റം ഉണ്ടാകുന്നത് വരെ അല്ലെങ്കിൽ സമൂഹത്തിൽ ഉച്ചനീചത്വം അവസാനിപ്പിച്ച് സാമൂഹികനീതി കൈവരിക്കും വരെ സംവരണം തുടരേണ്ടിവരുമെന്നും ഭരണഘടനയിൽ പ്രത്യേകം പറഞ്ഞിട്ടുണ്ട്. എന്നാൽ സംവരണം പൂർണമായി നടപ്പാക്കാത്തതു മൂലം സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം പിന്നിട്ടിട്ടും പിന്നാക്കക്കാരിലെ 10 ശതമാനം പോലും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിയിട്ടില്ലെന്നതാണ് യാഥാർത്ഥ്യം.

103-ാം ഭരണഘടനാ ഭേദഗതി

2019 ജനുവരിയിലാണ് 103- ാം ഭരണഘടനാ ഭേദഗതി പാർലമെന്റ് പാസാക്കിയത്. ഭരണഘടനയുടെ 15, 16 അനുച്ഛേദങ്ങൾ ഭേദഗതി ചെയ്താണ് സർക്കാർ ജോലികളിലും വിദ്യാഭ്യാസസ്ഥാപനത്തിലെ പ്രവേശനത്തിനും മുന്നാക്കവിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം ഏപ്പെടുത്തിയത്. ഇതോടെ സർക്കാർ, സ്വകാര്യ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംസ്ഥാന സർക്കാരിന് സംവരണം ഏർപ്പെടുത്താൻ വഴിതെളിഞ്ഞു. ഈ ഭേദഗതിയാണ് 2022 നവംബർ ഏഴിലെ വിധിയോടെ സുപ്രീം കോടതി ശരിവച്ചത്. രാജ്യത്തെ പ്രധാന മുഖ്യധാരാ കക്ഷികളെല്ലാം വിധിയെ സ്വാഗതം ചെയ്തു എന്നതാണ് ഏറെ വിചിത്രം. ഭേദഗതി കൊണ്ടുവന്ന ബി.ജെ.പിയും മുഖ്യഎതിർകക്ഷിയായ കോൺഗ്രസും അടിസ്ഥാനവർഗത്തിനു വേണ്ടി വാതോരാതെ സംസാരിക്കുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും ഈ നയത്തെ പിന്താങ്ങി. കേരളത്തിൽ പിണറായി വിജയൻ സർക്കാർ 2017 ൽ തന്നെ 96 ശതമാനം മുന്നാക്കക്കാരുള്ള ദേവസ്വം ബോർഡുകളിൽ 10 ശതമാനം സവർണ സംവരണം കൂടി ഏർപ്പെടുത്തി സവർണ സംവരണത്തിന് തുടക്കമിടുകയും ചെയ്തു. 103- ാം ഭരണഘടനാ ഭേദഗതിക്ക് കേന്ദ്രം പിടിവള്ളിയാക്കിയതും ഇതായിരുന്നു. മുമ്പ് വി.പി സിംഗ് പ്രധാനമന്ത്രിയായിരിക്കെ മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുന്നതിനെതിരെ രാജ്യത്ത് കലാപം തന്നെയുണ്ടായിരുന്നു. എന്നിട്ടും വി.പി സിംഗ് അത് നടപ്പാക്കിയപ്പോൾ അദ്ദേഹത്തിന് പ്രധാനമന്ത്രിസ്ഥാനം തന്നെ നഷ്ടപ്പെട്ടു.

എട്ടുലക്ഷവും

പിന്നാക്കാവസ്ഥയും

10 ശതമാനം മുന്നാക്ക സംവരണം ഏർപ്പെടുത്തിയതോടെ എട്ട് ലക്ഷം രൂപ വാർഷിക വരുമാനമില്ലാത്ത ഏതൊരാളും സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ളവരായി പരിഗണിക്കപ്പെടും എന്നതാണ് ഏറെ വിചിത്രം. 66,000 രൂപ മാസ ശമ്പളമുള്ള ഒരു ഉദ്യോഗസ്ഥന്റെ മകനോ മകളോ സാമ്പത്തിക പിന്നാക്കാവസ്ഥ നിലനിൽക്കുന്നു എന്നതിന്റെ പേരിൽ സംവരണത്തിന് അർഹനാകുന്നു. പെൻഷനായ അച്ഛനും അമ്മയ്ക്കും കൂടി 66,000 രൂപ പെൻഷനില്ലെങ്കിൽ അവർക്കും സാമ്പത്തിക പിന്നാക്കാവസ്ഥയുള്ളവരായി സംവരണം തേടാം. വലിയൊരു ശതമാനം സർക്കാർ, സ്വകാര്യ ജീവനക്കാരും സ്ഥിരവരുമാനമുള്ളവരുമായ ആളുകളുടെ മക്കൾ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നു എന്നതിന്റെ പേരിൽ സംവരണത്തിന് അർഹരാകും. എന്നാൽ യഥാർത്ഥ ദരിദ്രരായ ബ്രാഹ്മണ, നായർ, സിറിയൻ ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ടവർക്ക് ഈ ഭേദഗതി കൊണ്ട് ഒരു നേട്ടവും ഉണ്ടാകുന്നില്ലെന്നതും എടുത്ത് പറയേണ്ടതാണ്. ശമ്പളവും ഭൂമിയും സ്വത്തും ഉള്ളവരും പിന്നാക്കാവസ്ഥയുള്ളവരുടെ പട്ടികയിലേക്ക് എത്തി എന്നതാണ് യാഥാർത്ഥ്യം.


സംവരണവും

കുളത്തൂർ പ്രസംഗവും

അധികാരം കൈയാളുന്നവരും പിന്നാക്കവിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന സംഘടനകളും മുന്നാക്ക സംവരണത്തെ ന്യായീകരിക്കുകയോ മൗനം പാലിക്കുകയോ ചെയ്ത വേളയിൽ പതിറ്റാണ്ടുകൾക്ക് മുമ്പ് ഇത്തരമൊരു നീക്കത്തെ ശക്തിയുക്തം എതിർത്ത് തോൽപ്പിച്ച പത്രാധിപ‌ർ കെ.സുകുമാരന്റെ ചരിത്രപ്രസിദ്ധമായ കുളത്തൂർ പ്രസംഗമാണ് വീണ്ടും പ്രസക്തമാകുന്നത്. 1958 സെപ്തംബറിലെ ഗുരുദേവ സമാധി ദിനത്തിൽ കുളത്തൂർ ശ്രീനാരായണ വായനശാലാങ്കണത്തിൽ അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസിനെ വേദിയിലിരുത്തി കേരളകൗമുദി പത്രാധിപർ കെ. സുകുമാരൻ നടത്തിയ അദ്ധ്യക്ഷ പ്രസംഗമാണ് പത്രാധിപരുടെ കുളത്തൂർ പ്രസംഗമെന്നറിയപ്പെടുന്നത്. പിന്നാക്ക സംവരണം മൂലം സിവിൽ സർവീസിന്റെ കാര്യശേഷി കുറയുന്നുവെന്ന ഭരണപരിഷ്ക്കാര കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കാൻ ഇ.എം.എസ് നടത്തിയ നീക്കത്തിനെതിരെ റിപ്പോർട്ട് പിച്ചിചീന്തിയെറിഞ്ഞു കൊണ്ടാണ് പത്രാധിപർ ആഞ്ഞടിച്ചത്. പ്രസംഗം കേട്ട് വേദിയിലിരുന്ന ഇ.എം.എസ് വിളറി വിയർത്തു. പിന്നാക്ക സമുദായങ്ങളുടെ കഴുത്തിന് കത്തിവയ്ക്കാൻ പര്യാപ്തമായ റിപ്പോർട്ടിനെതിരെ നടത്തിയ പ്രസംഗം കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളിൽ ഒരു കൊടുങ്കാറ്റായി മാറി. അതോടെ റിപ്പോർട്ട് പരണത്ത് വയ്ക്കാൻ ഇ.എം.എസ് നിർബന്ധിതനായി. 1957 ൽ ഇ.എം.എസ് പരണത്ത് വച്ചെങ്കിലും ആ 'ഹിഡൻ അജണ്ട' പതിറ്റാണ്ടുകൾക്ക് ശേഷം 2017 നവംബർ 15 ന് പിന്നാക്കക്കാരുടെ കഴുത്തിന് കത്തിവയ്ക്കുന്ന 10 ശതമാനം സവർണ സംവരണത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ ദേവസ്വം ബോർഡിൽ നടപ്പാക്കിയത് കാട്ടുനീതിയെന്നേ വിശേഷിപ്പിക്കാനാകൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RESERVATION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.