സ്ത്രീകളുടെ വാർദ്ധക്യകാല ജീവിതത്തെക്കുറിച്ചൊരു രചന.
അതാണ് ശ്യാം കൃഷ്ണയുടെ മമ്മ എന്ന നോവൽ
സ് ത്രീകളിപ്പോൾ പുരുഷൻമാരായി ജനിച്ചിരുന്നെങ്കിലോ എന്നാഗ്രഹിക്കുന്നു. എന്നാൽ അവരവരുടെ മഹത്വം മനസിലാക്കുന്നില്ല. പുതിയൊരു തലമുറയെ സൃഷ്ടിക്കുന്ന സിദ്ധി അവർക്ക് മാത്രമുള്ളതാണെന്നവർ ചിന്തിക്കുന്നില്ല. പുരുഷൻമാരേക്കാൾ എത്രയോ ഉയർന്ന തലത്തിൽ നിൽക്കുന്ന സ്ത്രീകളുടെ വാർദ്ധക്യകാല ജീവിതത്തെക്കുറിച്ചൊരു രചന. അതാണ് ശ്യാം കൃഷ്ണയുടെ മമ്മ എന്ന നോവൽ. സമൂഹത്തിലെ സ്ത്രീകൾക്ക് വേണ്ടിയാണ് ഇങ്ങനെയൊരു കഥ എഴുത്തുകാരൻ സൃഷ്ടിച്ചിരിക്കുന്നത്.
എട്ട് വർഷത്തോളമായി നാടകമെഴുത്തിൽ സജീവം. എഴുതുന്നത് യഥാർത്ഥ സംഭവങ്ങളോടടുത്ത് നിൽക്കുന്നവ. എഴുതിയെഴുതി പത്തോളം മലയാളം നാടകങ്ങൾക്കും രണ്ട് ഇംഗ്ളീഷ് നാടകങ്ങൾക്കും തിരക്കഥ എഴുതി. നാടക രചനയോടൊപ്പം 2 സിനിമാ തിരക്കഥയുടെ ഭാഗമാകാനും കഴിഞ്ഞു. തിരുവനന്തപുരം തൈക്കാട് സ്വദേശി ശ്യാം കൃഷ്ണയ്ക്ക് എഴുത്താണ് എല്ലാം. അതും തന്റെ എഴുത്തിൽ സമൂഹത്തിന് ഉതകുംവിധം എന്തെങ്കിലും ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്ന ഒരു എഴുത്തുകാരനാണ് അദ്ദേഹം. നാടകത്തിൽ നിന്നും നോവൽ എഴുത്തിലേക്ക് ചുവട് വെച്ചിരിക്കുകയാണ് ശ്യം കൃഷ്ണയിപ്പോൾ. അദ്ദേഹത്തിന്റെ മമ്മ എന്ന നോവൽ ജനശ്രദ്ധ നേടിക്കഴിഞ്ഞു.
നാടകങ്ങളിൽ നിന്നും നോവൽ എഴുത്തിലേക്ക്
കേരളത്തിൽ ഇപ്പോൾ വാർദ്ധക്യാവസ്ഥ മൂലം ബുദ്ധിമുട്ടുന്നവരുടെയും കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങളുടെ എണ്ണവും പെരുകി വരികയാണ്. ഇത്തരം പ്രശ്നങ്ങളെ സംബന്ധിച്ചുള്ള നോവലെഴുത്തുകൾ സമീപ കാലങ്ങളിൽ കുറവാണ്. നമ്മൾ ഒരു സമൂഹത്തിൽ ജീവിക്കുമ്പോൾ ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം അവർ അഭിമുഖീകരിക്കുന്ന പ്രശ്നം എന്താണെന്ന് നിരീക്ഷിക്കും. അങ്ങനെ യഥാർത്ഥ ജീവിതങ്ങളെ ആസ്പദമാക്കി എഴുതണമെന്ന തോന്നലിൽ നിന്നുമാണ് ഈ ഒരു നോവൽ എഴുതിയത്. ഇതൊരു അമ്മയുടെ കഥയാണ്. അതിനാൽ തന്നെ മമ്മ എന്ന പേര് ഈ കഥയ്ക്ക് അനുയോജ്യമാണ്. പ്രായമായ, നോക്കാൻ ആരുമില്ലാത്ത ഒരു അമ്മയുടെ കഥ. എല്ലാ വീടുകളിലും ഇതുപോലെയുള്ള സ്ത്രീകൾ ഉണ്ടാവും. എന്തുകൊണ്ടാണ് പ്രായമായവർ ഒറ്റപ്പെടുന്നതെന്ന് എല്ലാവരും തിരിച്ചറിയണം. ആ ഒരു തിരിച്ചറിവ് ചെറിയ രീതിയിലെങ്കിലും ആളുകളിലെത്തിക്കാനായാണ് ഇങ്ങനെയൊരു നോവൽ.
എഴുത്ത് ജീവിതം
2015 മുതൽ നാടകമെഴുതുന്നുണ്ട്. ആദ്യ നാടകം തോമ കറിയ കറിയ തോമ ആയിരുന്നു. അത് ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ നാടകമായിരുന്നു.
പിന്നീട് ചോറ്, ഇടങ്കയ്യന്റെ മരണം, പ്രണയം പ്രളയം, ഐ .ഡി, ബാലരാവണൻ, മുടി, ദയാഹർജി, മറിയ എന്നീ മലയാള നാടകങ്ങളും ഇംഗ്ളീഷിൽ 2 നാടകങ്ങളും എഴുതി. 2005 ൽ വി. കെ പ്രകാശ് സംവിധാനം ചെയ്ത പൃഥ്വിരാജ് - ഇന്ദ്രജിത്ത് ചിത്രമായ പൊലീസിന് പി. ബാലചന്ദ്രനൊപ്പം തിരക്കഥ എഴുതി. ഈ വർഷം പുറത്തിറങ്ങിയ ബിജു സോപാനം ചിത്രമായ ലെയ്ക്ക എന്ന ചിത്രത്തിനുവേണ്ടി പി. മുരളീധരനൊപ്പം തിരക്കഥയെഴുതുവാനും കഴിഞ്ഞു. പന്ത്രണ്ട് വർഷക്കാലം മാതൃഭൂമിയിൽ മാദ്ധ്യമപ്രവർത്തകനായിരുന്ന ശ്യാം കൃഷ്ണ ഫ്രീലാൻസ് ജേർണലിസ്റ്റായി പ്രവർത്തിക്കുകയാണിപ്പോൾ. എഴുത്തും കൂടെയുണ്ട്. അച്ഛൻ പ്രശസ്ത എഴുത്തുകാരനായ ശ്രീവരാഹം ബാലകൃഷ്ണനും അമ്മ രാധയ്ക്കുമൊപ്പം തിരുവനന്തപുരത്താണ് താമസം.
(ശ്യാം കൃഷ്ണയുടെ ഫോൺ: 9605495190)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |