ഫേക്ക് ന്യൂസുകളുടെ ചാകരയിൽ മുന്നറിയിപ്പും ഒാർമപ്പെടുത്തലും നൽകുന്നു വി.കെ. പ്രകാശ് ചിത്രം ലൈവ്
കെട്ടിച്ചമച്ച വ്യാജ വാർത്തകൾ ആരുടെയൊക്കെ ജീവിതം എത്രത്തോളം നശിപ്പിക്കുന്നുവെന്ന് ആരും അറിയാതെ പോകുന്നതാണ് പുതിയ കാലത്തെ കാഴ്ച. വ്യാജ വാർത്ത തകർത്ത ഒരു പെൺകുട്ടിയുടെ അവസ്ഥയും ചുറ്റുമുള്ളവരുടെ പോരാട്ടവും നിസഹായതും വി.കെ. പ്രകാശ് സംവിധാനം ചെയ്ത ലൈവ് എന്ന ചിത്രം കാണിച്ചു തരുന്നു.
മംമ്ത മോഹൻദാസ് , സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ , പ്രിയ വാര്യർ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രിയ വാര്യരുടെ മികച്ച കഥാപാത്രമായി അന്ന മാറുന്നു. ഡോക്ടറാവാൻ ഒരുപാട് ആഗ്രഹിക്കുകയും അധ്വാനിക്കുകയും ചെയ്യുന്ന സാധാരണക്കാരിയായ അന്നയുടെ ജീവിതം ഒറ്റ രാത്രികൊണ്ട് മാറിമറിയുന്നു. സെക്സ് റാക്കറ്റിൽപ്പെട്ടവരെ പിടികൂടുന്നതിനിടയിലുള്ള പൊലീസ് സംഘർഷത്തിൽ അകപ്പെടുകയും തെറ്റിദ്ധാരണകളുടെ പേരിൽ അറസ്റ്റിലാവുകയും ചെയ്യുന്ന അന്നയുടെ പ്രതിസന്ധിയും നിസാഹതയുമാണ് ചിത്രത്തിന്റെ അടിത്തറ. അന്നയെപോലെയുള്ളവർ നമുക്ക് പരിചിതരാണ്. ഡോ. അമല എന്ന കഥാപാത്രമായി മംമ്ത ശക്തമായ പകർന്നാട്ടം നടത്തി. ഡോ. അമല നേരിടുന്ന മാനസിക സംഘർഘവും പരിചിതമാണ് . ഒരു സ്വകാര്യ ചാനൽ മേധാവിയുടെ വേഷം ഷൈൻ ടോം ചാക്കോ അവതരിപ്പിക്കുന്നു.
വ്യാജ വാർത്തകൾ നൽകിയതെന്നു അറിഞ്ഞിട്ടും അത് തിരുത്താൻ കൂട്ടാക്കാതെ റേറ്റിംഗ് മാത്രം ലക്ഷ്യംവച്ച് മുന്നോട്ടു പോകുന്ന കഥാപാത്രവും പരിചിതം. അന്നയുടെ മുത്തച്ഛനായി വന്ന ജയരാജ് കോഴിക്കോട് അത്ഭുതപ്പെടുത്തി. മികച്ച പ്രകടനം തന്നെ സൗബിൻ ഷാഹിർ കാഴ്ചവച്ചു.
കൃഷ്ണപ്രഭയും , രശ്മി സോമനും കഥാപാത്രങ്ങളോട് നീതി പുലർത്തി. സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളെ ലൈവായി തന്നെ തിരക്കഥാകൃത്ത് എസ്. സരേഷ് ബാബു അടയാളപ്പെടുത്തിയിട്ടുണ്ട്.സമൂഹത്തിലെ പ്രശ്നങ്ങളെയും അവ കൈകാര്യം ചെയ്യുന്ന രീതികളെയും വ്യക്തമായി വരച്ചിടുന്നു.
മനോഹരമായ ഫ്രെയിമുകൾ മാത്രമല്ല കഥാപാത്രങ്ങളുടെ വികാരങ്ങളിലൂടെ സഞ്ചരിച്ചിട്ടുണ്ട് നിഖിൽ എസ്. പ്രവീൺ എന്ന ഛായാഗ്രാഹകൻ.അൽഫോൻസ് ജോസഫിന്റെ സംഗീതവും പശ്ചാത്തലസംഗീതവും ലൈവിനെ ലൈവായി മാറ്റുന്നതിൽ കൈയടി അർഹിക്കുന്നു.
ഫിലിംസ് 24 ന്റെ ബാനറിൽ ദർപൺ ബംഗേജയും നിതിൻ കുമാറും ചേർന്നാണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |