ന്യൂഡൽഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്ത്രങ്ങൾ മെനയാൻ ജൂൺ 12ന് പാട്നയിൽ പ്രതിപക്ഷ പാർട്ടികളുടെ യോഗം ചേരും. 18 ലധികം പാർട്ടികൾ പങ്കെടുത്തേക്കും. ഇത് മുന്നൊരുക്ക യോഗമാണെന്നും പ്രധാന യോഗം പിന്നീട് ചേരുമെന്നും റിപ്പോർട്ടുകളുണ്ട്. ഐക്യം ലക്ഷ്യമിട്ട് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി ദിവസങ്ങൾക്കു ശേഷമാണ് യോഗത്തിന്റെ തീയതി പുറത്തുവന്നത്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് എന്നിവരുമായും നിതീഷ് കുമാർ ചർച്ച നടത്തിയിരുന്നു. കൂടുതൽ പ്രതിപക്ഷ പാർട്ടികളെ യോഗത്തിൽ പങ്കെടുപ്പിക്കാനുള്ള നീക്കമുണ്ടായേക്കും. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനു ശേഷമാണ് തീയതി പുറത്തുവന്നത് എന്നതും ശ്രദ്ധേയമാണ്. ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷ തീരുമാനത്തിനു പിന്നിലും നിതീഷ് കുമാർ നടത്തിയ ചർച്ചകൾക്ക് പങ്കുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ ഒറ്രക്കെട്ടായി പ്രതിരോധം തീർക്കാനാണ് ലക്ഷ്യമിടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |