ഇംഫാൽ: കൂടുതൽ കേന്ദ്ര സേനയെ വിന്യസിച്ചിട്ടും കരസേനാ മേധാവി എത്തിയിട്ടും വംശീയ സംഘർഷം രൂക്ഷമായി തുടരുന്ന മണിപ്പൂരിൽ സിവിലിയന്മാരെ ആക്രമിച്ച 40 ഭീകരരെ വധിച്ചെന്ന് മുഖ്യമന്ത്രി ബീരേൻ സിംഗ് അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് മണിപ്പൂരിലെത്തും. .
ഇന്നലെ പുലർച്ചെ രണ്ട് മണി മുതൽ ഇംഫാൽ താഴ്‌വരയിലും പരിസര ത്തുമുള്ള അഞ്ച് പ്രദേശങ്ങളിൽ ഒരേ സമയം ആക്രമണം നടത്തിയ കലാപകാരികളെയാണ് സേന വധിച്ചത്. എം-16, എ.കെ 47 തോക്കുകൾ ഉപയോഗിച്ച് കലാപകാരികൾ നിരായുധരായ സിവിലിയന്മാരെ ആക്രമിച്ചു. ബിഷെൻപൂരിൽ ഖുമാന്തേം കെന്നഡി എന്ന 27കാരനായ കർഷകൻ വെടിയേറ്റു മരിച്ചു. കൂടുതൽ പേർ മരിച്ചതായും മരണം തെരുവുകളിൽ മൃതദേഹങ്ങൾ കിടക്കുന്നതായും റിപ്പോർട്ടുണ്ട്. വെടിയേറ്റ പത്ത് പേരെ ഇംഫാലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പല പ്രദേശങ്ങളിലും വെടിവയ്പ് തുടരുകയാണ്. ഗ്രാമങ്ങളിൽ നിരവധി വീടുകൾക്ക് അവർ തീയിട്ടു. അക്രമികൾ തീയിട്ടു. സുരക്ഷാ സേനയും കലാപകാരികളും തമ്മിലുള്ള ഏറ്റുമുട്ടൽ മണിക്കൂറുകൾ നീണ്ടു. നിരവധി പേർ അറസ്റ്റിലായി. അക്രമങ്ങൾ നടത്തുന്നത് കുക്കി വിഭാഗം ഭീകരരാണെന്ന് ബീരേൻ സിംഗ് പറഞ്ഞു.
അക്രമികളെ കണ്ടെത്താൻ ഹെലികോപ്ടർ ഉപയോഗിച്ചുള്ള ഓപ്പറേഷൻ ആരംഭിച്ചിട്ടുണ്ട്. അതിനിടെ, 25ലധികം കുക്കി വിമത ഗ്രൂപ്പുകൾ ഓപ്പറേഷൻ നിർത്തി വയക്കാൻ കേന്ദ്രവും സംസ്ഥാന സർക്കാരുമായി ത്രികക്ഷി കരാറിൽ ഒപ്പു വച്ചു. കലാപകാരികൾ സർക്കാർ ക്യാമ്പുകളിൽ കഴിയാനും ആയുധങ്ങൾ പൂട്ടി വയ്‌ക്കാനും സർക്കാരിന്റെ നിരീക്ഷണം ശക്തമാക്കാനും കരാറിൽ വ്യവസ്ഥയുണ്ട്.
അതിനിടെ കഴിഞ്ഞ ദിവസം സംഘർഷ പ്രദേശത്തെ കട കത്തിച്ച മൂന്ന് റാപ്പിഡ് ഫയർ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. ഉദ്യോഗസ്ഥർ ഇറച്ചിക്കട ബോധപൂർവം കത്തിച്ചെന്നായിരുന്നു ആരോപണം. കൊതുകിനെ അകറ്റാൻ തീയിട്ടതാണെന്നാണ് ഉദ്യോഗസ്ഥരുടെ വാദം.
രണ്ട് ദിവസത്തെ സന്ദർശനത്തിനായി മണിപ്പൂരിലെത്തിയ കരസേനാ മേധാവി മനോജ് പാണ്ഡെ കമാൻഡർമാരുമായി സംവദിക്കുകയും സ്ഥിതി വിലയിരുത്തുകയും ചെയ്തു.
മുഖ്യമന്ത്രി ബീരേൻ സിംഗ്, ഗവർണർ അനസൂയ ഉയ്കെയെ, തുടങ്ങിയവരുമായി മനോജ് പാണ്ഡെ കൂടിക്കാഴ്ച നടത്തി. മെയ്‌തി വിഭാഗത്തിന് പട്ടിക വർഗ പദവി നൽകുന്നതിലുള്ള പ്രതിഷേധമാണ് വംശീയ കലാപമായത്. മേയ് മൂന്നിന് ആരംഭിച്ച കലാപത്തിൽ 70 ഓളം പേർ കൊല്ലപ്പെടുകയും 30,000 പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |