ന്യൂഡൽഹി: ഇന്ന് ഉദ്ഘാടനം ചെയ്ത പുതിയ പാർലമെന്റിന് മുന്നിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത ഗുസ്തി താരങ്ങൾക്കെതിരെ കേസെടുത്ത് ഡൽഹി പൊലീസ്. സെക്ഷൻ 147,149,186,188, 332, 353 കൂടാതെ പിഡിപിപി അക്ടിലെ സെക്ഷൻ 3 പ്രകാരം കലാപശ്രമം ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തൽ എന്നീ വകുപ്പുകളിലാണ് കേസ് രജിസ്റ്റർ ചെയ്തത്. താരങ്ങൾ നിരോധനാജ്ഞ ലംഘിച്ചാണ് പ്രതിഷേധിച്ചത് എന്നാണ് ഡൽഹി പൊലീസ് അറിയിക്കുന്നത്.
പ്രതിഷേധസ്ഥലത്ത് നിന്ന് പിടികൂടിയ വനിതാ ഗുസ്തി താരങ്ങളെ വിട്ടയച്ചിരുന്നു. എന്നാൽ ബജ്രംഗ് പൂനിയ കസ്റ്റഡിയിൽ തുടരുകയാണ് എന്നാണ് വിവരം. പുതിയ പാർലമെന്റിലേയ്ക്ക് ഗുസ്തി താരങ്ങൾ നടത്തിയ മാർച്ച് തടഞ്ഞ പൊലീസ് സാക്ഷി മാലിക്ക്, വിനേഷ് ഫോഗട്ട് ഉൾപ്പെടെയുള്ള ഗുസ്തി താരങ്ങളെ അറസ്റ്റ് ചെയ്തു നീക്കിയിരുന്നു, പാർലമെന്റ് മന്ദിരത്തിന് മുന്നിൽ മഹാപഞ്ചായത്ത് നടത്തുമെന്ന് താരങ്ങൾ പ്രഖ്യാപിച്ചിരുന്നു താരങ്ങൾക്ക് പിന്തുണയുമായെത്തിയ കർഷക നേതാക്കളെയും പൊലീസ് ഡൽഹി അതിർത്തിയിൽ തടഞ്ഞു.
അതേസമയം ഗുസ്തിതാരങ്ങളെ ഡൽഹി പൊലീസ് കൈയേറ്റം ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തതിന് പിന്നാലെ വനിതാ കമ്മിഷൻ ഇടപെട്ടിരുന്നു. പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത എല്ലാ ഗുസ്തിതാരങ്ങളെയും വിട്ടയക്കണമെന്നും ലൈംഗിക പീഡന പരാതിയിൽ ബി.ജെ.പി, എം.പിയും റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ തലവനുമായ ബ്രിജ് ഭൂഷണെ അറസ്റ്റു ചെയ്യണമെന്നും ആവശ്യപ്പെട്ട് ഡൽഹി വനിതാ കമ്മിഷൻ അദ്ധ്യക്ഷ സ്വാതി മലിവാൾ ഡൽഹി പൊലീസ് കമ്മിഷണർക്ക് കത്തയച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |