തേനി: പെരിയാർ വന്യജീവി സങ്കേതത്തിൽ നിന്നും തമിഴ്‌നാട്ടിലെ കമ്പത്ത് ജനവാസമേഖലയിലിറങ്ങി പ്രശ്‌നങ്ങൾ സൃഷ്‌ടിച്ച് കാടുകയറിയ അരിക്കൊമ്പൻ ഇന്ന് വീണ്ടും ഈ ഭാഗത്തിനടുത്തുണ്ടെന്ന് സൂചന. നിലവിൽ വനത്തിനുള്ളിലാണെങ്കിലും ഇത് കമ്പത്ത് ചുരുളി മേഖലയുടെ ഒന്നര കിലോമീറ്റർ മാത്രം അകലെയാണ്. അവസാനം ലഭിച്ച സിഗ്നൽ പ്രകാരമാണ് ആന ഇവിടെയുണ്ടെന്ന് കണ്ടെത്തിയത്.
ആന ജനവാസ മേഖലയിലിറങ്ങുന്നുണ്ടോ എന്നത് തമിഴ്‌നാട് വനംവകുപ്പ് നിരീക്ഷിച്ചുവരികയാണ്.ശനിയാഴ്ച നാട്ടിലിറങ്ങിയ അരിക്കൊമ്പൻ തമിഴ്നാട് വനം വകുപ്പിന്റെ കൺമുന്നിൽത്തന്നെ തുടർന്നിരുന്നു. രാത്രി 8.30ന് നിലയുറപ്പിച്ചിരുന്ന വാഴത്തോട്ടത്തിൽ നിന്ന് കമ്പം ബൈപ്പാസ് മുറിച്ച് കടന്ന് കുറച്ച് ദൂരംപോയെങ്കിലും അധികം വൈകാതെ തിരിച്ചെത്തി. പുലർച്ചെ മൂന്ന് മണിയോടെ ഇവിടെ നിന്ന് വീണ്ടുംപോയി. ഞായർ രാവിലെ സുരളി വെള്ളച്ചാട്ടത്തിന് സമീപമുണ്ടായിരുന്നു. ഇവിടത്തെ വനത്തിനുള്ളിലെ ക്ഷേത്രത്തിന് സമീപത്തെ പ്ലാവിലെ ചക്ക ആഹാരമാക്കിയതും തോട്ടത്തിന്റെ സംരക്ഷണവേലി നശിപ്പിച്ചതുമടക്കം കണ്ടെത്തി.
മയക്കുവെടി വയ്ക്കാൻ ഉദ്യോഗസ്ഥരടക്കം എത്തിയെങ്കിലും ഇതിന് പറ്റിയ സ്ഥലമല്ലാതിരുന്നതിനാൽ ഉപേക്ഷിച്ചു. പിന്നീട് ആന കുത്തനാച്ചിയാർ വനമേഖലയിലേക്ക് കടന്നു. ഇവിടെയടക്കം വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി. രണ്ട് തവണയാണ് ഇന്നലെ ആനയെ നേരിൽ കണ്ടത്. രാവിലെ തന്നെ കമ്പത്ത് നിന്ന് 12 കി.മീ. അകലെ ആന എത്തിയിരുന്നു. മേഘമല കടന്നാൽ ആനയ്ക്ക് തിരികെ കേരളത്തിലെ പെരിയാറിലേക്ക് എത്താനുമാകും.
കഴിഞ്ഞ മാസം നടന്ന അരിക്കൊമ്പന്റെ ആദ്യ ദൗത്യത്തിലും ഇതിന് സമാനമായിരുന്നു കാര്യങ്ങൾ. ഓപ്പറേഷന്റെ തൊട്ട് തലേന്ന് വൈകിട്ട് വരെ ആന കൺമുന്നിൽ തന്നെ ഉണ്ടായിരുന്നു. പിറ്റേന്ന് ആനയെ ഏറെനേരം തെരഞ്ഞ ശേഷമാണ് കണ്ടെത്താനായത്. അരിക്കൊമ്പൻ തിരികെയെത്തിയാൽ മയക്കുവെടി വയ്ക്കാനാണ് തമിഴ്‌നാട് നീക്കം. തമിഴ്നാട് വനംമന്ത്രിയും 150ൽ അധികം വരുന്ന ഉദ്യോഗസ്ഥ സംഘവും അരിക്കൊമ്പൻ മിഷന്റെ ഭാഗമായി കമ്പത്തെത്തിയിട്ടുണ്ട്. കമ്പത്ത് രണ്ടാം ദിവസവും നിരോധനാജ്ഞ തുടരുകയാണ്.ജനങ്ങളുടെ ഇടപെടൽ ആനയെ ഭയപ്പെടുത്തിയതായി മന്ത്രി ഡോ. എം. മതിവേന്തൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |