മുംബയ്: പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കുന്ന നടപടികളുമായി മുന്നോട്ട് പോകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. രണ്ട് പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവത്കരണമാണ് ഇപ്പോൾ പരിഗണനയിലുള്ളത്. ഈ തീരുമാനത്തിൽ ഒരു മാറ്റവും ഉണ്ടാകില്ലെന്നും ധനമന്ത്രി പറഞ്ഞു. ഐ.ഡി.ബി.ഐ ബാങ്കിന്റെ ഓഹരികൾ വിറ്റഴിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നിലവിൽ കേന്ദ്രസർക്കാരിനും എൽ.ഐ.സിക്കും മുഖ്യ ഓഹരി പങ്കാളിത്തമുള്ള ബാങ്കാണ് ഐ.ഡി.ബി.ഐ. ഇത് കൂടാതെ ഒരു ജനറൽ ഇൻഷ്വറൻസ് കമ്പനിയും സ്വകാര്യവത്കരിക്കുമെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു.
സ്വകാര്യവത്കരിക്കാൻ കഴിയുന്ന പൊതുമേഖല ബാങ്കുകളുടെ പട്ടിക തയ്യാറാക്കാൻ ഒരു കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നാണ് പുതിയ റിപ്പോർട്ട്. എന്നാൽ ഏതൊക്കെ ബാങ്കുകളെയാണ് സ്വകാര്യവത്കരിക്കുകയെന്നത് കേന്ദ്രം വ്യക്തമാക്കിയിട്ടില്ല. പൊതുമേഖല ബാങ്കുളുടെ എണ്ണം 10 ആയി കുറയ്ക്കാനാണ് മോദി സർക്കാരിന്റെ തീരുമാനം. ലയനം, സ്വകാര്യ വത്കരണം എന്നിവയിലൂടെ ബാങ്കുകൾക്കായി സർക്കാർ നല്കുന്ന ചെലവ് കുറയ്ക്കുകയാണ് ലക്ഷ്യം.
നിയമഭേദഗതി ആവശ്യം
പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവത്കരണത്തിന് ചില നിയമഭേദഗതികൾ ആവശ്യമാണ്. പാർലമെന്റ് സമ്മേളനത്തിൽ നിയമഭേദഗതികൾ അവതരിപ്പിക്കുമെന്നും ധനമന്ത്രി നേരത്ത പറഞ്ഞിരുന്നു. 2021-22 സാമ്പത്തിക വർഷത്തെ ബജറ്റിലാണ് ധനമന്ത്രി നിർമ്മല സീതാരാമൻ രണ്ട് പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കുമെന്ന് അറിയിച്ചത്. ബാങ്കിംഗ് റെഗുലേഷൻ നിയമം, ബാങ്കിംഗ് കമ്പനീസ് നിയമം എന്നിവ പരിഷ്‌കരിച്ചാകും സ്വകാര്യവത്കരണം മുന്നോട്ട് പോകുക.
27ൽ നിന്ന് 12 ലേക്ക്
ഇന്ത്യയിൽ നിലവിൽ 12 പൊതുമേഖലാ ബാങ്കുകളുണ്ട്. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, കനറാ ബാങ്ക്, സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, യൂക്കോ ബാങ്ക്, യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ. ബാങ്ക് ഒഫ് ബറോഡ, ബാങ്ക് ഒഫ് ഇന്ത്യ, ബാങ്ക് ഒഫ് മഹാരാഷ്ട്ര എന്നിവയാണ് അവ.
രാജ്യത്ത് 27 പൊതുമേഖല ബാങ്കുകളാണ് 2017ൽ ഉണ്ടായിരുന്നത്. എസ്.ബി.ടി അടക്കമുള്ള അഞ്ച് അസോസിയേറ്റ് ബാങ്കുകളും ഭാരതീയ മഹിളാ ബാങ്കും പിന്നീട് എസ്.ബി.ഐയിൽ ലയിച്ചു. പിന്നീട് യുണൈറ്റ് ബാങ്ക്, ഓറിയന്റൽ ബാങ്ക് എന്നിവയെ പഞ്ചാബ് നാഷണൽ ബാങ്കിലും സിൻഡിക്കേറ്റ് ബാങ്കിനെ കനറാ ബാങ്കിലും ലയിപ്പിച്ചു.
അലഹാബാദ് ബാങ്കിനെ ഇന്ത്യൻ ബാങ്കിലും ആന്ധ്രാബാങ്ക്, കോർപ്പറേഷൻ ബാങ്ക് എന്നിവയെ യൂണിയൻ ബാങ്കിലും വിജയബാങ്ക്, ദേന ബാങ്ക് എന്നിവയെ ബാങ്ക് ഓഫ് ബറോഡയും ലയിപ്പിച്ചതോടെ രാജ്യത്തെ ആകെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആയി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |