തിരുവനന്തപുരം: 'എന്തിനാ മൊട്ടത്തലയാക്കിയത്'... പ്രവേശനോത്സവ ഗാനപ്രകാശന ചടങ്ങിന് പി.ആർ.ഡി ചേംബറിലെത്തിയ തൈക്കാട് ഗവ. എൽ.പി.എസിലെ ഈശ്വർ ബാബുവിനോട് മന്ത്രി വി. ശിവൻകുട്ടി ചോദിച്ചപ്പോൾ കുസൃതി നിറഞ്ഞ ചിരിയായിരുന്നു മറുപടി. മണക്കാട് ഹയർസെക്കൻഡറി, മോഡൽ ഗവ. എച്ച്.എസ്.എസ് വിദ്യാർത്ഥികളും ചടങ്ങിനെത്തിയിരുന്നു. കുട്ടികൾക്കൊപ്പം കൂടിയും അവരെ ചുവടുവയ്ക്കാൻ പ്രേരിപ്പിച്ചും മന്ത്രി ചടങ്ങ് കളർഫുള്ളാക്കി.
മുരുകൻ കാട്ടാക്കടയുടെ വരികൾക്ക് സംഗീതം നൽകിയത് വിജയ് കരുണാണ്. മന്ത്രിയും അണിയറ പ്രവർത്തകരും കുട്ടികളും ചേർന്ന് പ്രവേശനോത്സവഗാനം പ്രകാശനം ചെയ്തു.
ഗായിക മഞ്ജരിക്കൊപ്പം ബാലമുരളി, ഭരത് സൂര്യ, ദേവിക, ആഭേരി, നാഥ, നിള കെ. ദിനേശ് എന്നീ കുട്ടികളും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. 'മിന്നാമിനുങ്ങിനെ പിടിക്കലല്ല ജീവിതം' എന്ന് തുടങ്ങുന്ന വരികൾക്ക് വിദ്യാർത്ഥികൾ ചുവടുവച്ചു. കുട്ടികൾക്കെല്ലാം മന്ത്രി മധുരം നൽകി. ഇത്തരമൊരു ചടങ്ങിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും സ്കൂൾ പ്രവേശനം തന്നെ സംഗീതാത്മകമാവുന്നത് സന്തോഷകരമാണെന്നും മഞ്ജരി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |