SignIn
Kerala Kaumudi Online
Saturday, 23 September 2023 9.28 AM IST

അനധികൃത ബസ് സർവീസിന് സഹായം: കൊല്ലം ആർ.ടി.ഒയ്ക്ക് സസ്പെൻഷൻ

k

കൊല്ലം: കോൺട്രാക്ട് കാര്യേജ് സർവീസ് പെർമിറ്റ് ഉപയോഗിച്ച് സ്റ്റേജ് കാര്യേജ് സർവീസ് നടത്തുന്ന ബസ് ഓപ്പറേറ്ററെ നിയമവിരുദ്ധമായി സഹായിച്ചെന്ന കണ്ടെത്തലിൽ കൊല്ലം ആർ.ടി.ഒ ഡി.മഹേഷിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.

കോൺട്രക്ട് കാര്യേജ് വാഹനങ്ങൾക്ക് ഒരു സ്ഥലത്ത് നിന്ന് യാത്രക്കാരെ കയറ്റാനേ അനുമതിയുള്ളു. ഇടയ്ക്കുള്ള സ്ഥലങ്ങളിൽ നിറുത്തി യാത്രക്കാരെ കയറ്റി ടിക്കറ്റ് ചാർജ് വാങ്ങാനാവില്ല. സ്റ്റേജ് കാര്യേജ് പെർമിറ്റുള്ള വാഹനങ്ങൾ മാത്രമേ ഇടയ്ക്കുള്ള സ്ഥലങ്ങളിൽ നിറുത്തി യാത്രക്കാരെ കയറ്റിയിറക്കാവൂ. ഇത്തരത്തിൽ കോൺട്രാക്ട് കാര്യേജ് പെർമിറ്റ് മാത്രമുള്ള ബസ്, സ്റ്റേജ് കാര്യേജ് സർവീസ് നടത്തുന്നതിനെതിരെ നടപടിയെടുത്തില്ലെന്നാണ് പരാതി.

ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ പുറപ്പെടുവിച്ച സസ്പെൻഷൻ ഉത്തരവിൽ പറയുന്നതിങ്ങനെ: കൊട്ടാരക്കര സ്വദേശിയായ ഓപ്പറേറ്റർ പുലർച്ചെ അഞ്ചിന് കൊട്ടാരക്കരയിൽ നിന്ന് പുറപ്പെട്ട് പുത്തൂർ, ഭരണിക്കാവ്, ശാസ്താംകോട്ട, കരുനാഗപ്പള്ളി വഴി എറണാകുളം അമൃത ആശുപത്രിയിലെത്തി രാത്രി 9ന് തിരിച്ച് കൊട്ടാരക്കരയിലെത്തുന്ന തരത്തിൽ അനധികൃത സ്റ്റേജ് കാര്യേജ് സർവീസ് നടത്തിവരുകയായിരുന്നു.ഇതിനെതിരെ കെ.എസ്.ആർ.ടി.സി ജീവനക്കാർ ആർ.ടി.ഒക്ക് പരാതി നൽകിയെങ്കിലും പരിശോധനയോ നടപടിയോ ഉണ്ടായില്ല.

ഗതാഗത കമ്മിഷണർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കൊല്ലം ആർ.ടി.ഒയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. എന്നാൽ സ്റ്റേജ് കാര്യേജ് സർവീസ് അനധികൃതമാണെന്ന് കണ്ടെത്താനായില്ലെന്ന റിപ്പോർട്ടാണ് നൽകിയത്. റിപ്പോർട്ടിൽ തന്നെ പലയിടങ്ങളിൽ നിന്നായി കയറി പലയിടങ്ങളിൽ ഇറങ്ങേണ്ട പതിനെട്ട് യാത്രക്കാർ ഉണ്ടായിരുന്നുവെന്ന പരാമർശമുണ്ടായിരുന്നു. ഇത് നിമയവിരുദ്ധ സർവീസിന്റെ തെളിവാണെന്നും അക്കാര്യം ആർ.ടി.ഒ മറച്ചുവയ്ക്കാൻ ശ്രമിച്ചെന്നും സസ്പെൻഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.

പ്രതിഷേധവുമായി

ഉദ്യോഗസ്ഥർ

കൊല്ലം ആർ.ടി.ഒയെ സസ്പെൻഡ് ചെയ്തതിനെതിരെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ രംഗത്ത്. പരാതിയുടെ അടിസ്ഥാനത്തിൽ ആർ.ടി.ഒക്ക് നേരിട്ട് പെർമിറ്റ് റദ്ദാക്കാനാകില്ല. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആർ.ടി.എ ബോർഡിനേ പെർമിറ്റ് റദ്ദാക്കാനാകൂ. ഇക്കാര്യം ഗതാഗത കമ്മിഷണർക്കുള്ള റിപ്പോർട്ടിൽ ആർ.ടി.ഒ സൂചിപ്പിച്ചിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഒരുമാസം മുമ്പ് പെർമിറ്റ് റദ്ദാക്കുകയും ചെയ്തു. എന്നിട്ടും ശാരീരികമായി അവശത അനുഭവിക്കുന്ന ഉദ്യോഗസ്ഥനെതിരെയുള്ള നടപടി വൈരാഗ്യബുദ്ധിയോടെയുള്ളതാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.