കൊച്ചി: ജലാശയങ്ങളെ നശിപ്പിക്കുന്ന പോളപ്പായൽ വീടുകളിൽ വിറകിന് പകരമാവുന്ന ചെറുകട്ടകളായി എത്തും. വ്യവസായശാലകളിൽ കൽക്കരിക്കു പകരമുള്ള ഇന്ധനവുമാവും. ടയർ കമ്പനികൾ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. വിറകിനെക്കാൾ കുറവായിരിക്കും വില. എറണാകുളം സ്വദേശികളായ മുജീബ് മുഹമ്മദ്, സൂരജ് എബ്രഹാം, റഷീദ് അഷ്റഫ്, ഗോമതി, ലിയാസ് കരീം എന്നിവരാണ് 'പ്ലാൻ അറ്റ് എർത്ത് " എന്ന ഈ സംരംഭത്തിനുപിന്നിൽ.
ഉൾനാടൻ ജലാശയ സംരക്ഷണമെന്ന ലക്ഷ്യത്തോടെയുള്ള പോളപ്പായൽ ബ്രിക്കറ്റ്സ് പദ്ധതിക്ക് എച്ച്.സി.എൽ ഫൗണ്ടേഷൻ അഞ്ച് കോടി രൂപ ഗ്രാന്റ് നൽകിയിട്ടുണ്ട്.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ സഹായവും ലഭിച്ചു. കൊച്ചി കപ്പൽശാലയുടെ സഹായം തേടിയിട്ടുണ്ട്. ഖരമാലിന്യ സംസ്കരണം ലക്ഷ്യമിട്ട് 2009ലാണ് പ്ളാൻ അറ്റ് എർത്ത് രൂപീകരിച്ചത്.തൃപ്പൂണിത്തുറയിലാണ് യൂണിറ്റ്.
പോളപ്പായൽ അടിഞ്ഞു നാശത്തിന്റെ വക്കിലെത്തിയ വേമ്പനാട്ടുകായലിൽ നിന്നാകും ആദ്യഘട്ടത്തിൽ അത് ശേഖരിക്കുക. പോളപ്പായൽ അഴുകി അടിത്തട്ടിൽ അടിഞ്ഞത് കായലിന്റെ സ്വാഭാവിക ഒഴുക്കിനെ ബാധിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെയും കായൽ സംരക്ഷണസമിതിയുടെയും സഹകരണത്തോടെയാണ് പോളപ്പായൽ ശേഖരിക്കുന്നത്. നിലവിൽ ചിരട്ടയ്ക്ക് സമാനമായ ജ്വലനശേഷിയാണ് പോളപ്പായൽ ബ്രിക്കറ്റ്സുകൾക്ക് ലഭിക്കുന്നത്. കുസ്റ്രാറ്റിലെ ഗവേഷകരുടെ സഹായത്തോടെ ഇതിന്റെ ജ്വലനശേഷി വർദ്ധിപ്പിക്കാനുള്ള പരീക്ഷണങ്ങൾ പുരോഗമിക്കുകയാണ്.
പ്രതിദിനം മൂന്നു ടൺ
90 ശതമാനം വെള്ളമുള്ള പോളപ്പായൽ വെയിലിൽ ഉണക്കിയശേഷം ഡ്രയർ ഉപയോഗിച്ച് ജലാംശം നീക്കും. കരിക്കിൻ തൊണ്ട് മുതൽ കരിയില വരെ പ്രത്യേക അളവിൽ ചേർത്ത് യന്ത്രസഹായത്തോടെ ബ്രിക്കറ്റുകളാക്കി മാറ്റും. പ്രതിദിനം ഒന്നര മുതൽ മൂന്ന് വരെ ടൺ ബ്രിക്കറ്റുകൾ നിർമ്മിക്കാനാകും.
മുക്കാൽ കിലോ ഭാരം
1.രണ്ട് ഇഞ്ച് വണ്ണവും മൂന്ന് ഇഞ്ച് നീളവുമുള്ള ബ്രിക്കറ്റ്സുകൾക്ക് 750 ഗ്രാം മുതൽ ഒന്നര കിലോ ഗ്രാം തൂക്കം വരും
2.കൽക്കരി ഉപയോഗിക്കുന്ന വ്യവസായശാലകൾക്ക് പോളപ്പായൽ ബ്രിക്കറ്റ്സിലേക്ക് അനായാസം മാറാം.
`ഹരിത ഇന്ധനത്തിനായി വിവിധ കമ്പനികൾ സമീപിച്ചിട്ടുണ്ട്.ആഗസ്റ്റോടെ വ്യാവസായികാടിസ്ഥാനത്തിൽ നിർമ്മാണം ആരംഭിക്കും.'
-മുജീബ് മുഹമ്മദ്
പ്രസിഡന്റ് പ്ലാൻ അറ്റ് എർത്ത്
പോളപ്പായലുകളിൽ നിന്ന് കായലുകളെ രക്ഷിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ഡോ. ഹരീഷ് എം. രാമനാഥൻ
സ്കൂൾ ഒഫ് ഇൻഡസ്ട്രിയൽ ഫിഷറീസ്
കുസാറ്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |