SignIn
Kerala Kaumudi Online
Saturday, 20 April 2024 5.25 AM IST

അരിക്കൊമ്പനും ബാക്കിയാവുന്ന ആശങ്കയും

arikomban

എത്രകണ്ടാലും മതിവരാത്ത രണ്ട് കാര്യങ്ങളാണ് കടലും ആനയും. കാണുംതോറും കൗതുകം വർദ്ധിക്കുമെന്നതാണ് രണ്ടിന്റെയും പ്രത്യേകത. കഴിഞ്ഞ ഒരു മാസമായി കേരളത്തിലെ ആനപ്രേമികളുടെ കണ്ണും കാതും അരിക്കൊമ്പന് പിന്നാലെയാണ്. പക്ഷേ ഇടുക്കി ചിന്നക്കനാൽ മേഖലയിലെ ആൾക്കാർ അത്ര കൗതുകത്തോടെയൊന്നുമല്ല അരിക്കൊമ്പനെ കണ്ടിരുന്നത്. നാശനഷ്ടങ്ങളുടെ കണക്കും കൂട്ടി, ജീവനും കൈയിൽപിടിച്ച് പായുമ്പോൾ എന്ത് ആനപ്രേമം. ചിന്നക്കനാലിലെ ജനങ്ങളുടെ ഉറക്കം കെടുത്തി രാവും പകലും അവരെ മുൾമുനയിൽ നിറുത്തിയതിന്റെ പേരിൽ കുറ്റാരോപിതനാക്കി, പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് നാടുകടത്തിയ അരിക്കൊമ്പൻ ഇപ്പോൾ കുമളി, കമ്പം പ്രദേശങ്ങളിൽ ജനങ്ങളെ പെടാപ്പാട് പെടുത്തിക്കുകയാണ്. 'ആന അപ്പുറത്തും വാല് ഇപ്പുറത്തും' എന്ന മട്ടിലാണ് കാര്യങ്ങൾ. കാരണം ഇപ്പോൾ തമിഴ്നാട് മേഖലയിലാണെങ്കിലും ചിന്നക്കനാലിലേക്ക് അരിക്കൊമ്പൻ വച്ചുപിടിച്ചാൽ അധികസമയം വേണ്ട ഇങ്ങെത്താൻ. പൊലീസ്,​ ഫയർഫോഴ്സ്,​ ദ്രുതകർമ്മ സേന, മയക്കുവെടി സംഘം,​ റവന്യു,​ വനംവകുപ്പ് ഉദ്യോഗസ്ഥർ,​ കുങ്കിയാനകൾ തുടങ്ങി എന്തെല്ലാം സംവിധാനങ്ങളൊരുക്കിയാണ് അരിക്കൊമ്പനെ ഒന്നു നാടുകടത്തിയത്. എന്നാൽ കൊമ്പന് തിരികെയെത്താൻ ഈ സന്നാഹങ്ങളൊന്നും വേണ്ട. ഒരു വൻമല കയറിയിറങ്ങിയാൽ മതി. ഒടുവിൽ വിവരം കിട്ടുമ്പോൾ കമ്പം പ്രദേശത്തിന് സമീപമാണ് കൊമ്പൻ എത്തിയിട്ടുള്ളത്. പെരിയാർ ടൈഗർ റിസർവിന്റെ തമിഴ്നാട് അധീനതയിലുള്ള മേഘമലൈ ഭാഗത്തേക്ക് അരിക്കൊമ്പൻ നീങ്ങുമെന്നാണ് ആദ്യം കരുതിയത്. പക്ഷേ എല്ലാ കണക്കുകൂട്ടലും തെറ്റിച്ചാണ് അവൻ പോയത്. കാട്ടിൽമേയുന്ന ആനയുടെ മനസിലിരിപ്പ് അറിയാനൊട്ടു മാർഗവുമില്ലല്ലോ.

'ചക്കിന് വച്ചത് കൊക്കിന് കൊള്ളുക', 'വെളുക്കാൻ തേച്ചത് പാണ്ടാവുക' തുടങ്ങിയ ചൊല്ലുകൾ ഏറെ പണിപ്പെട്ടാണ് പഴമക്കാർ ചമച്ചത്. അരിക്കൊമ്പനും ചക്കക്കൊമ്പനും പേരുപുറത്തു വിട്ടിട്ടില്ലാത്ത പുലിയും കടുവയുമൊക്കെ കാടുവിട്ട് ഇങ്ങ് നാട്ടിലേക്ക് ഇറങ്ങിയത് കേരളത്തിൽ സുലഭമായി കിറ്റ് കിട്ടുമെന്ന് മോഹിച്ചോ, ശരീരമനങ്ങാതിരുന്നാൽ പെൻഷൻ കിട്ടുമെന്ന് തെറ്റിദ്ധരിച്ചോ ഒന്നുമല്ല. പ്രകൃതിദത്തമായി അവരുടെ വിഹാരകേന്ദ്രമായ കാട്ടിൽ കിട്ടിക്കൊണ്ടിരുന്ന വിഭവങ്ങൾ ഇല്ലാതെ വന്നിട്ടോ, മറ്റുവിധത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിട്ടിട്ടോ ആണെന്നുറപ്പ്. വനാന്തരങ്ങളിൽ ആനകൾ കൂട്ടത്തോടെ മേയാനിറങ്ങിയിരുന്ന പരമ്പരാഗത ആനത്താരകളുണ്ടായിരുന്നു. കുറേ വർഷങ്ങൾക്ക് മുമ്പ് വനം വകുപ്പ് തന്നെ ഇത്തരം ആനത്താരകൾ തെളിച്ച് ഗമനാഗമനത്തിന് കൂടുതൽ സൗകര്യമുണ്ടാക്കാനും ശ്രമം നടത്തിയതാണ്. ഇതിന് ഫണ്ടും വകയിരുത്തിയിരുന്നു. പക്ഷേ ആനത്താര ഏതു പരുവത്തിലായെന്നറിയില്ല. ഏതായാലും വന്യജീവികളുടെ സ്വൈരവിഹാര മേഖലയിൽ കടന്നുകയറി നിർമാണങ്ങളും മരംവെട്ടും മറ്റ് ബാഹ്യ ഇടപെടലുകളുമൊക്കെ സർവസാധാരണമായതോടെയാണ് സഹികെട്ട് വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങാൻ വഴിവച്ചതെന്ന അഭിപ്രായവുമുണ്ട്.

അരിക്കൊമ്പനെ നാടുകടത്താൻ ഔദ്യോഗികതലത്തിൽ എടുത്ത നടപടികളാണ് ഏറെ രസകരം. ആനയെ മയക്കുവെടിവയ്ക്കാൻ ഒരു മാസത്തെ തയ്യാറെടുപ്പാണ് നടത്തിയത്. മാർച്ച് അവസാനം തുടങ്ങിയ തയ്യാറെടുപ്പുകൾക്കൊടുവിലാണ് ഏപ്രിൽ 29 ന് അരിക്കൊമ്പനെ മയക്കുവെടിവച്ചത്. തൊട്ടടുത്ത ദിവസമാണ് ആനയെ നാടുകടത്തിയത്. കോടതിയുടെ ഇടപെടലാണ് സമയം ഇത്രയും നീളാൻ കാരണമെന്നൊക്കെ പറയുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥ തലത്തിലെയും ഭരണതലത്തിലെയും മെല്ലെപ്പോക്കും അലസതയുമാണ് യഥാർത്ഥ കാരണമെന്ന് മനസിലാക്കാൻ അത്രവലിയ ബുദ്ധിയൊന്നും വേണ്ട. വനംവകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, വെറ്റിറനറി വിഭാഗം തുടങ്ങിയവരെല്ലാം മയക്കുവെടി ദൗത്യവുമായി ഒരു മാസത്തോളം ചിന്നക്കനാൽ ഭാഗത്ത് തമ്പടിച്ചു. വയനാട്ടിലെ മുത്തങ്ങ വന്യജീവി സങ്കേതത്തിൽനിന്നുള്ള മൂന്ന് കുങ്കിയാനകൾ മസിലും പിടിച്ചെത്തി. ഒപ്പം മൂന്നുപേർക്കുമായി ആറു പാപ്പാന്മാരും അവർക്ക് ആഹാരമൊരുക്കാൻ ഒരു പാചകക്കാരനും. മൊത്തത്തിൽ ഒരു ഉത്സവമേളം. അവിടുത്തെ കൊച്ചുകുട്ടികൾ പോലും ഒന്നുറക്കമുണർന്നെണീറ്റാൽ ഉടൻ ചോദിക്കും, എപ്പഴാ 'മയക്കുവെടി' എന്ന്. ഇങ്ങേ തലയ്ക്കൽ മയക്കുവെടി വയ്ക്കാൻ ഒരുക്കങ്ങൾ നടത്തുമ്പോൾ അങ്ങേതലയ്ക്കൽ ആന അപ്രത്യക്ഷനാവും. ആന പ്രത്യക്ഷപ്പെടുമ്പോൾ, മയക്കുവെടിക്കാർക്ക് അസൗകര്യമാവും. അങ്ങനെ ഒരു മാസത്തോളം കള്ളനും പൊലീസും കളിതുടർന്ന ശേഷമാണ് മയക്കുവെടിയുടെ ആലസ്യത്തോടെ കുങ്കിയാനകളുടെ കുത്തുമൊക്കെ ഏറ്റ് അരിക്കൊമ്പൻ ലോറിയിൽ കയറിയത്. ദൗത്യമെല്ലാം വിജയകരമായി പൂർത്തിയാക്കി അരിക്കൊമ്പനെ നാടുകടത്തിയപ്പോൾ വനം വകുപ്പിന്റെ കീശയിൽനിന്ന് ചോർന്നത് 80 ലക്ഷം രൂപ. കൂടാതെ കൊമ്പന്റെ കഴുത്തിൽ ചാർത്തിയ റേഡിയോ കോളറിന്റെ ചെലവ് ഇതിന് പുറമെയും. എന്നാൽ മയക്കുവെടി ദൗത്യം തുടക്കം മുതൽ ഒറ്റസീൻ പോലും വിട്ടുപോകാതെ ലൈവായി കാണിക്കാൻ മത്സരിച്ച കേരളത്തിലെ ചാനലുകാർക്ക് ദൗത്യം വലിയ ഗുണകരമായി. കാരണം അടുത്ത കാലത്തൊന്നും ഇത്രയധികം പ്രേക്ഷകർ തുടർച്ചയായി ടി.വിക്ക് മുമ്പിൽ കുത്തിയിരുന്നു കണ്ട മറ്രൊരു വാർത്തയില്ല.

കുമളിയിലും കമ്പത്തുമൊക്കെ പട്ടണത്തിലേക്ക് ഇറങ്ങി അഴിഞ്ഞാടിയാണ് നാട് കടത്തിയതിന്റെ അരിശം മുഴുവൻ അരിക്കൊമ്പൻ തീർത്തത്. കണ്ണിൽക്കണ്ടതെല്ലാം അവൻ തട്ടിമറിച്ചു. അരിക്കൊമ്പൻ എന്ന പേരുകേട്ടപ്പോഴേ ഓടാൻ തുടങ്ങിയ അരഡസൻ പേർക്കെങ്കിലും വീണ് പരിക്കേറ്റു. ആകാശത്തേക്ക് വെടിവച്ചതോടെയാണ് കൊമ്പൻ പിൻവാങ്ങാൻ തുടങ്ങിയത്. മെല്ലെ അവൻ വനത്തിനുള്ളിലേക്ക് നീങ്ങി. ഇനി ഏതുഭാഗത്തേക്കാവും സഞ്ചാരമെന്നത് അരിക്കൊമ്പന് മാത്രം അറിയുന്ന കാര്യമാണ്. ഏതായാലും അല്പം ഉളുപ്പോടെയെങ്കിലും നാം ചിന്തിക്കേണ്ട ഒരു കാര്യമുണ്ട്. തമിഴ്നാട് മേഖലയിൽ അരിക്കൊമ്പന്റെ അഴിഞ്ഞാട്ടം തുടങ്ങിയപ്പോൾത്തന്നെ അവിടുത്തെ സർക്കാർ മയക്കുവെടി വയ്ക്കാനുള്ള എല്ലാ ക്രമീകരണങ്ങളും സജ്ജമാക്കി. കൊട്ടുംകുരവയും ആർപ്പുവിളിയുമൊന്നുമില്ലാതെ തന്നെ. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാവുന്ന ഘട്ടം വന്നാൽ അപ്പോൾത്തന്നെ വേണ്ട നടപടി സ്വീകരിക്കാൻ നിർദ്ദേശവും നൽകി. അടിയന്തര ഘട്ടങ്ങളിൽ പെട്ടെന്ന് യുക്തിഭദ്രമായ തീരുമാനമാണല്ലോ ആവശ്യം. ഭരണപക്ഷവും പ്രതിപക്ഷവും പന്തിയിൽ പോരും കൊണ്ടിരുന്നാൽ പോരല്ലോ.

ഇതുകൂടി കേൾക്കണേ

ചക്കക്കൊമ്പനിലും അരിക്കൊമ്പനിലും തീരുന്നതല്ല വനമേഖലയിലെ ആനക്കൂട്ടം. കാട്ടാനകൾക്ക് സ്വാദിഷ്ടമെന്നു തോന്നുന്ന വിഭവങ്ങൾ ഇനിയുമുണ്ട്. അതുകൊണ്ട് പിൻഗാമികൾ പലരും ഇനിയും വന്നേക്കാം. ഇപ്പോഴത്തെ അനുഭവത്തിന്റെ വെളിച്ചത്തിൽ കൃത്യമായ മുൻകരുതലുകൾ സ്വീകരിക്കുകയാണ് ഉത്തമം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ARIKOMBAN
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.