SignIn
Kerala Kaumudi Online
Friday, 29 March 2024 5.56 PM IST

മൃഗങ്ങൾ നാട് കൈയേറാതിരിക്കാൻ മണ്ണറിഞ്ഞ് മരം

athirippilli

മനുഷ്യ - വന്യജീവി സംഘർഷം ഓരോദിവസം കൂടുന്തോറും അതീവ ഗുരുതരാവസ്ഥയിലേക്ക് പോവുകയാണെന്ന് പറയേണ്ടതില്ല. കാട്ടുപോത്തും പന്നിയും കാടിറങ്ങി മനുഷ്യർക്ക് നേരെ തിരിയുന്നതും പതിവാകുമ്പോൾ മലയോരമേഖലകൾ മാത്രമല്ല, മലയോരത്തിന് അകലെയുള്ള ജനവാസകേന്ദ്രങ്ങളും ഭയപ്പാടിലാണ്. വനംവകുപ്പും സർക്കാർ സംവിധാനങ്ങളും നിരവധി പ്രതിരോധമാർഗങ്ങൾ പ്രയോഗിച്ചുകഴിഞ്ഞിട്ടും വന്യജീവികളെ തടയുന്നത് ഫലപ്രദമായില്ല. വർദ്ധിക്കുന്ന മനുഷ്യ - വന്യമൃഗ സംഘർഷത്തിന് ശാശ്വതപരിഹാരം കാണാൻ അടിയന്തര നടപടികളുണ്ടാകണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്തും വജ്രജൂബിലി സംസ്ഥാനസമ്മേളനത്തിൽ ആവശ്യമുന്നയിച്ചു കഴിഞ്ഞു. ഇനി സ്വാഭാവികവനങ്ങൾ വച്ചുപിടിപ്പിക്കുന്ന നടപടികൾക്ക് വേഗം കൂട്ടുക എന്നതാണ് ഫലപ്രദമായ പോംവഴിയെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.

സ്വാഭാവിക വനവത്കരണം കൂടുതൽ വേഗത്തിലും ഫലപ്രദമായും നടപ്പാക്കാനാണ് വനംവകുപ്പും ഒരുങ്ങുന്നത്. ഓരോ പ്രദേശത്തിന്റെയും സവിശേഷതകൾ അനുസരിച്ചുള്ള വൃക്ഷങ്ങളാണ് വച്ചുപിടിപ്പിക്കുക. അതിന് മുൻപ് യൂക്കാലിപ്റ്റ്സ്, അക്കേഷ്യ, വാറ്റിൽ തുടങ്ങിയ പ്‌ളാന്റേഷനുകൾ വിവിധ ഘട്ടങ്ങളായി നീക്കി സ്വാഭാവികമരങ്ങൾ വച്ചുപിടിപ്പിക്കും. സ്വാഭാവികമായ പുൽമേടുകളും സൃഷ്ടിക്കും. 2021ൽ സംസ്ഥാന സർക്കാർ പുറത്തിറക്കിയ സ്വാഭാവികവനങ്ങളുടെ പുനഃസ്ഥാപന നയരേഖയിൽ ഇതിന്റെ നടപടിക്രമങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. സ്വാഭാവിക വനത്തിലൂടെയുളള ഇക്കോടൂറിസം പദ്ധതി ഫലപ്രാപ്തിയിലെത്തിയിരുന്നു. മൂന്നാറിലെ വട്ടവട പഴത്തോട്ടത്തിലെ പുനഃസ്ഥാപന മേഖലയിൽ സഞ്ചാരികൾക്ക് താമസവും പ്രകൃതിപഠനവും പക്ഷിനിരീക്ഷണവും ഒരുക്കിയായിരുന്നു ഇത്. ജി.ഒ.ഐ, ജി.ഇ.എഫ്, യു.എൻ.ഡി.പി, ഐ.എച്ച്.ആർ.എം.എൽ എന്നീ പ്രോജക്ടുകളുടെ സഹായത്തോടെ 50 ഹെക്ടർ പ്രദേശമാണ് പുൽമേടുകളാക്കി മാറ്റിയത്. തേക്കടിയിലും വനവത്കരണം സജീവമാണ്. ജലദൗർലഭ്യം നേരിടാൻ തടയണകൾ, കുളങ്ങൾ എന്നിവ നിർമ്മിക്കുന്നതിലൂടെയും സ്വാഭാവികവനങ്ങൾ കരുത്താർജ്ജിക്കുന്നതിലൂടെയും മൃഗങ്ങളുടെ കാടിറക്കം ഒരു പരിധിവരെ തടയുമെന്നാണ് നിരീക്ഷണം. കേരളത്തിന്റെ മൊത്തം ഭൂവിസ്തൃതിയിൽ വനമുള്ളത് 29.86 ശതമാനമാണ്. കേരളത്തിലെ വനവിസ്തൃതിയാകട്ടെ 11,309.47 സ്‌ക്വയർ കി.മീറ്ററും. വനത്തിലെ വിദേശ ഏകവിളത്തോട്ടങ്ങളും തേക്ക് തോട്ടങ്ങളും 1,17,000 ഹെക്ടറോളമുണ്ട്. 27000 ഹെക്ടറിലാണ് സ്വാഭാവികവനവത്‌കരണം നടപ്പാക്കേണ്ടത്. സാംഗ്ച്വറികൾ, നാഷണൽ പാർക്കുകൾ, ടൈഗർ റിസർവ് എന്നിവയടക്കം സംരക്ഷിതവനപ്രദേശം 3441.21 സ്‌ക്വയർ കി.മീറ്ററാണ്.

മണ്ണിനനുസരിച്ച്

മരങ്ങൾ

ചെമ്മണ്ണ്, വെട്ടുകല്ല് എന്നിവയുള്ള പ്രദേശങ്ങളിൽ ഇരുൾ, കരിമരുത്, മാവ്, പ്‌ളാവ്, ഞാവൽ, കാഞ്ഞിരം, അത്തി, ആൽ എന്നിവയാണ് വച്ചുപിടിപ്പിക്കേണ്ടത്. എക്കൽനിറഞ്ഞ തീരങ്ങളിൽ പൂവരശ്, വാക, തെങ്ങ്, വേലിപ്പരുത്തി, നോനി, കുടംപുളി എന്നിവയും. നദീതീരങ്ങളിലാകട്ടെ മുള, ഈറ്റ, വെട്ടി, പുന്ന, കാര, വെൺതേക്ക്, അത്തി, പൂവം തുടങ്ങിയവയാണ് അനുയോജ്യം. സമതലങ്ങളിൽ അശോകം, ആര്യവേപ്പ്, പതിമുഖം, മന്ദാരം, കണിക്കൊന്ന എന്നിവയും. വെള്ളക്കെട്ടുള്ള താഴ്ന്ന സ്ഥലങ്ങളിൽ മണിമരുത്, നീർമരുത്, ഉങ്ങ്, ചോലവേങ്ങ, ഞാവൽ എന്നിവയും ഉയരം കൂടിയ സ്ഥലങ്ങളിൽ കാഞ്ഞിരം, ഈട്ടി, കുളമാവ്, വാലി, മരോട്ടി, വയണ, ചോലപ്പൂവം, കുന്തിരിക്കം തുടങ്ങിയ മരങ്ങളും വെച്ചുപിടിപ്പിക്കാനാകും.

കേരളത്തിലെ കാടുകൾ വെെവിദ്ധ്യങ്ങളാൽ സമ്പന്നമാണ്. നിത്യഹരിതവനങ്ങൾ, ഇലപൊഴിയും കാടുകൾ, ചോലക്കാടുകൾ, പുൽമേടുകൾ, തണ്ണീർത്തടങ്ങൾ തുടങ്ങിയ കാടിന്റെ വെെവിദ്ധ്യം തന്നെയാണ് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കുന്നത്. സ്വാഭാവികവനവത്‌കരണം പൂർത്തീകരിക്കേണ്ട കാലം 20 വർഷമാണെന്നാണ് നയരേഖ വ്യക്തമാക്കുന്നത്. വനങ്ങളിലെ മണ്ണിന് യോജിച്ച മരങ്ങൾ കൂടുതലായി വച്ചുപിടിപ്പിക്കുക, കാവുകൾ സംരക്ഷിക്കുക, ആവാസങ്ങൾക്ക് യോജിച്ച ജീവജാലങ്ങളെ വ്യാപിപ്പിക്കുക, സ്വകാര്യ കണ്ടൽക്കാടുകൾ നഷ്ടപരിഹാരം നൽകി ഏറ്റെടുത്ത് സംരക്ഷിക്കുക, വനത്തിന് പുറത്തെ വൃക്ഷസമ്പത്ത് കൂട്ടി കാർബൺ ആഗിരണം സാദ്ധ്യമാക്കുക എന്നിവയാണ് സ്വാഭാവികവന പുനഃസ്ഥാപന നയരേഖയുടെ പ്രധാനലക്ഷ്യങ്ങൾ. ലക്ഷ്യങ്ങൾ പലതുണ്ടെങ്കിലും, കേരളത്തിലെ വനങ്ങളുടെ വ്യാപ്തിയും പരപ്പും കൂടുന്തോറും മൃഗങ്ങളുടെ കാടിറക്കത്തെ വളരെ ഫലപ്രദമായി പ്രതിരോധിക്കാമെന്നതു തന്നെയാണ് വലിയ പ്രതീക്ഷയായി ശേഷിക്കുന്നത്.

വേട്ടക്കാരെ

കിട്ടാനുണ്ടോ?

നാട്ടിലിറങ്ങി ശല്യം ചെയ്യുന്ന കാട്ടുപന്നികളെ വെടിവച്ചുകൊല്ലാൻ അനുമതി നൽകിയ ഉത്തരവിന്റെ കാലാവധി ഒരുവർഷം കൂടി നീട്ടിയിരിക്കുകയാണ്. പക്ഷേ, വേട്ടക്കാരെ കിട്ടാനില്ലാത്തതാണ് പ്രധാന പ്രതിസന്ധി. കഴിഞ്ഞദിവസം വരവൂരിൽ കാട്ടുപന്നിയുടെ കുത്തേറ്റ് ഒരാൾ മരിച്ചതോടെ, കാട്ടുപന്നികളെ കൊന്നൊടുക്കാൻ വേട്ടക്കാരെ തേടുകയാണ് പഞ്ചായത്ത് അധികൃതർ. തോക്ക് ലൈസൻസുള്ളവരെയാണ് പന്നികളെ കൊല്ലാൻ കണ്ടെത്തേണ്ടത്. പലരും പല പ്രതിഫലമാണ് ആവശ്യപ്പെടുന്നത്. പന്നികളുടെ എണ്ണം കൂടുതലാണെങ്കിൽ തുക ഉയരും. ചത്തപന്നികളെ സംസ്‌കരിക്കേണ്ടതും തദ്ദേശസ്ഥാപനങ്ങളുടെ ചുമതലയാണ്. ഇതിനായി മണ്ണുമാന്തി യന്ത്രമടക്കമുള്ളവ എത്തിക്കേണ്ടി വരുന്നതോടെ ചെലവ് വീണ്ടും കൂടും. വെടിവെച്ച് മാത്രമാണ് പന്നികളെ കൊല്ലാൻ അനുവാദമുളളത്. സ്‌ഫോടകവസ്തുക്കൾ ഉപയോഗിച്ചോ വിഷംവെച്ചോ വൈദ്യുതാഘാതമേൽപ്പിച്ചോ പന്നികളെ കൊല്ലാൻ പാടില്ല. കൊല്ലാനുള്ള ഉത്തരവും കൊന്നവരുടെ വിവരങ്ങളും മറവുചെയ്തതും രജിസ്റ്ററിൽ രേഖപ്പെടുത്തി സൂക്ഷിക്കണം. പന്നിശല്യം കൂടുതലുള്ള മേഖലകളിൽ, പരിഹാരം തേടി നാട്ടുകാർ സമീപിക്കുമ്പോൾ, പഞ്ചായത്തുകൾക്കാണ് അധികാരമെന്ന് പറഞ്ഞ് മടക്കി അയയ്ക്കുകയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ. കാട്ടുപന്നികളെ കൊല്ലാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള അധികാരം ഫലപ്രദമായി ഉപയോഗിക്കണമെന്ന് തദ്ദേശസ്വയംഭരണമന്ത്രിയും നിർദ്ദേശിച്ചിരുന്നു. അതേസമയം, ഫണ്ടിന്റെ അപര്യാപ്തതയും നൂലാമാലകളും ചൂണ്ടിക്കാട്ടി ചില പഞ്ചായത്തുകൾ കാട്ടുപന്നികളെ കൊല്ലുന്നതിൽനിന്ന് വിട്ടുനിൽക്കുകയാണെന്നും പറയുന്നു.

മനുഷ്യജീവനും സ്വത്തിനും കൃഷിക്കും നാശം വരുത്തുന്ന കാട്ടുപന്നികളെ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയോടെ വെടിവെച്ച് കൊല്ലാനാണ് അനുമതിയുള്ളത്. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിക്ക് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രത്യേകം അധികാരം നൽകിയിരുന്നു. സെക്രട്ടറിക്ക് ലഭിക്കുന്ന അപേക്ഷയുടെ അടിസ്ഥാനത്തിലാണ് അനുമതി നൽകുന്നത്. വെടിവെച്ചുകൊന്നശേഷം വനംവകുപ്പിന്റെ മാർഗനിർദേശ പ്രകാരം ജഡം മറവുചെയ്യണം. അമ്പതോളം കാട്ടുപന്നികളെ വെടിവെച്ച് കൊന്ന് വള്ളത്തോൾനഗർ പഞ്ചായത്ത് മാതൃകയായിരുന്നു. 25,000 ഓളം രൂപ ഇതിനായി ചെലവ് വന്നു. വേട്ടസംഘത്തിന്റെ താമസത്തിനും ഭക്ഷണത്തിനുമാണിത്. ഒരാഴ്ചയോളം നിരീക്ഷണം നടത്തിയശേഷമാകും വേട്ടനടത്തുക.

പന്നി മാത്രമല്ല, ആനയുടെ ശല്യവും പതിവാണ്. കഴിഞ്ഞദിവസം, വടക്കാഞ്ചേരി വാഴാനി ഡാമിനടുത്തും കാട്ടാനയിറങ്ങി. രാത്രി വീട്ടുമുറ്റങ്ങളിലെത്തിയ കാട്ടാന തെങ്ങും കവുങ്ങുമടക്കമുള്ള കൃഷികൾ കുത്തിമറിച്ചിടാനും ശ്രമിച്ചു. കുതിരാനിൽനിന്ന് വാഴാനി വന്യജീവി സങ്കേതത്തിലേക്ക് ആനകളുടെ വരവ് തടയാനുളള സൗരവേലി നിർമാണം വൈകുന്നതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. അതെ, വളരെ സങ്കീർണവും ഗുരുതരവുമായ സ്ഥിതിയിലേക്കാണ് മനുഷ്യ-വന്യജീവി സംഘർഷം വഴിമാറിക്കൊണ്ടിരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NATURAL FOREST
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.