സി.ഐ.ടി.യു ചരിത്രം പ്രകാശനം ചെയ്തു
തിരുവനന്തപുരം: തൊഴിലാളി വിരുദ്ധ നീക്കങ്ങൾക്കെതിരെ ശക്തമായി ഇടപെടാൻ സി.ഐ.ടി.യുവിന് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നയങ്ങളിൽ ജനങ്ങൾക്കുണ്ടാകുന്ന രോഷത്തെ സമരരൂപങ്ങളാക്കി മാറ്റുകയാണ് പുതിയ കാലത്തെ ഉത്തരവാദിത്വം. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ പുസ്തകമായ ' സി.ഐ.ടി.യു കേരള ചരിത്രം' അയ്യങ്കാളി ഹാളിൽ പ്രകാശനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ആഗോളവത്കരണ നയത്തിന്റെ തിക്തഫലങ്ങൾ അനുഭവിക്കുന്ന ജനവിഭാഗങ്ങൾ സി.ഐ.ടി.യുവിനെ പ്രത്യാശയോടെയാണ് കാണുന്നത്. ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങൾ പൊരുതി നേടിയെടുത്തതൊക്കെ ഇല്ലായ്മ ചെയ്യപ്പെടുന്നു. ജാതിയുടെയും മതത്തിന്റെയും പേരിൽ കള്ളിതിരിച്ച് പരസ്പരം പൊരുതിക്കാനും ശ്രമിക്കുന്നു.
കർഷക സമരത്തിന് സംഭാവന നൽകിയതിന്റെ പേരിൽ പോസ്റ്റൽ ജീവനക്കാരുടെ സംഘടനയ്ക്കുള്ള അംഗീകാരം എടുത്തുകളഞ്ഞു. പുതിയ ലേബർ കോഡ് അടക്കം തൊഴിലാളി സമൂഹത്തെ ആശങ്കയിലാഴ്ത്തുന്നു. പോരാട്ടങ്ങളുടെ തീച്ചൂളയിലാണ് സി.ഐ.ടി.യു പിറന്നതും വളർന്നും. കേരളത്തെ ഇന്ന് കാണുന്ന കേരളമാക്കാൻ തൊഴിലാളി പ്രസ്ഥാനങ്ങൾ വഹിച്ച പങ്ക് വിസ്മരിക്കാനാവില്ല. അടിമകാലഘട്ടത്തിൽ വിൽപ്പനച്ചരക്കായിരുന്ന തൊഴിലാളി ആത്മാഭിമാനമുള്ള തൊഴിലാളിയായി മാറിയതിന്റെ ചരിത്രമാണ് അതെന്നും പിണറായി പറഞ്ഞു.
സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എളമരം കരീം, ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ, സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി. രാമകൃഷ്ണൻ, സെക്രട്ടറിമാരായ കെ.എൻ. ഗോപിനാഥ്, മന്ത്രി വി. ശിവൻകുട്ടി, കെ.എസ്. സുനിൽകുമാർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സി. ജയൻബാബു സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |