വാഷിംഗ്ടൺ, ഡി.സി: ശിവഗിരി ആശ്രമം ഒഫ് നോർത്ത് അമേരിക്ക (സന) ലോകസമക്ഷം സമർപ്പിച്ചതിനോടനുബന്ധിച്ച് നോർത്ത് പോയിന്റ് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ചാൾസ് കൗണ്ടി കമ്മിഷണർ റൂബിൻ കോളിൻസ് ഉദ്ഘാടനം ചെയ്തു. മനുഷ്യനന്മയുടെയും ലോകനന്മയുടെയും സന്ദേശം പ്രസരിപ്പിക്കുന്ന ശ്രീനാരായണഗുരു ദർശനത്തെ താൻ ഹൃദയപൂർവം ഏറ്റുവാങ്ങുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മതമേതായാലും മനുഷ്യൻ നന്നായാൽ മതി, ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് , വിദ്യകൊണ്ട് പ്രബുദ്ധരാവുക തുടങ്ങിയ ഗുരുവചനങ്ങളുടെ പൊരുൾ റൂബിൻ കോളിൻസ് വിശദീകരിച്ചത് സദസ് ഹർഷാരവങ്ങളോടെ ഏറ്റുവാങ്ങി. ആശ്രമത്തിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് കൗണ്ടി (ഡിസ്ട്രിക്ട്) ഗവൺമെന്റിന്റെ പൂർണ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. ആശ്രമത്തിനുള്ള കൗണ്ടിയുടെ പ്രത്യേക അംഗീകാരഫലകം അദ്ദേഹം സ്വാമി ഗുരുപ്രസാദിന് കൈമാറി.
സ്വാമി ഗുരുപ്രസാദ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സന പ്രസിഡന്റ് ഡോ. ശിവദാസൻ മാധവൻ ചാന്നാർ മുഖ്യപ്രഭാഷണം നടത്തി. എം.ഐ. ദാമോദരൻ (മുംബയ് മന്ദിര സമിതി പ്രസിഡന്റ് ), ഡോ. സുധാകരൻ (ദുബായ്), പ്രൊഫ. ബ്രൂസ് റസ്സൽ തുടങ്ങിയവർ പ്രസംഗിച്ചു. ആശ്രമ സമർപ്പണത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സുവനീർ പ്രൊഫ. റസ്സലിനു നല്കി സ്വാമി ബോധിതീർത്ഥ പ്രകാശനം ചെയ്തു. ജനറൽ സെക്രട്ടറി മിനി അനിരുദ്ധൻ സ്വാഗതവും വൈസ് പ്രസിഡന്റ് അനിൽകുമാർ നന്ദിയും പറഞ്ഞു. ട്രഷറർ സന്ദീപ് പണിക്കർ സമ്മേളന നടപടികൾ നിയന്ത്രിച്ചു.
അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങൾക്കു പുറമേ, യു.എ.ഇ, ഖത്തർ, യു.കെ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിൽ നിന്നുമായി നൂറുകണക്കിന് ഗുരുദേവ ഭക്തർ ഉൾപ്പെടെ പ്രമുഖർ ആശ്രമ സമർപ്പണത്തിൽ പങ്കെടുക്കാനെത്തി. സമർപ്പണത്തോടനുബന്ധിച്ചുള്ള വിവിധ കമ്മിറ്റികൾക്ക് ജയരാജ് ജയദേവൻ (ട്രാൻസ്‌പോർട്ടേഷൻ), സന്തോഷ് കാവനംകുടി (ഫുഡ് കമ്മിറ്റി), കവിതാ ജയരാജൻ (പൂജ), ബിന്ദു സന്ദീപ് പണിക്കർ (രജിസ്ട്രേഷൻ), സതി സന്തോഷ്, സരിത അനിൽകുമാർ (എന്റർടെയ്ൻമെന്റ്), ശ്യാംലാൽ (ഫെസിലിറ്റി മാനേജ്മെന്റ് ) എന്നിവർ നേതൃത്വം നൽകി.
സന പി.ആർ.ഒ പ്രസാദ് കൃഷ്ണൻ വേങ്ങശേരി വാർത്താവിതരണം ഏകോപിപ്പിച്ചു.
നേരത്തേ, ശിവഗിരി ആശ്രമം ഒഫ് നോർത്ത് അമേരിക്കയുടെ ഗുരുദേവ ധ്യാന മന്ദിരത്തിന്റെ സമർപ്പണ ചടങ്ങ് യു.എ.ഇ ന്യൂ അലൈൻ മെഡിക്കൽ സെന്റർ മേധാവി ഡോ. സുധാകരൻ, പത്നി ഡോ. രേണുക, പുത്രൻ ദീപു സുധാകരൻ എന്നിവർ ചേർന്ന് നിർവഹിച്ചു. വയനാട് പുല്പള്ളി സി.കെ. രാഘവൻ മെമ്മോറിയൽ എഡ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ വി.ജെ. കമലാക്ഷിയുടെ സ്മരണയ്ക്കായാണ് പഞ്ചലോഹത്തിലുള്ള ഗുരുദേവ വിഗ്രഹം സമർപ്പിച്ചത്. ബെന്നി പണിക്കർ കൊടുങ്ങല്ലൂരാണ് വിഗ്രഹ ശില്പി.
ശാരദാ ദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങൾ പ്രതിഷ്ഠിച്ച ധ്യാന മണ്ഡപം പണിതു സമർപ്പിച്ചത് എ. വേണുഗോപാലനും പത്നി നളിനിയും ചേർന്നാണ്, പ്രാർത്ഥനാ മന്ദിരത്തിൽ നടന്ന പ്രഥമ മഹാ ഗുരുപൂജയിൽ നിരവധി ഭക്തർ പങ്കെടുത്തു. സന പി.ആർ.ഒ പ്രസാദ് കൃഷ്ണൻ വേങ്ങശേരി, ട്രസ്റ്റി ബോർഡ് അംഗം രത്നമ്മ ഗോപിനാഥൻ, രാജസിംഹൻ രാരപ്പൻ, അരുൺ (കാലിഫോർണിയ), ശ്രീനിവാസൻ ശ്രീധരൻ (ഫിലാഡെൽഫിയ), അഡ്വ. ജയപ്രകാശ് ചെറുന്നിയൂർ, ചന്ദ്രബാബു (മുംബയ്) തുടങ്ങിയവർ ആശംസകൾ നേർന്നു. സ്വാമി ഗുരുപ്രസാദ്, സ്വാമി ബോധിതീർത്ഥ, സ്വാമി ശങ്കരാനന്ദ എന്നിവർ മഹാഗുരുപൂജയ്ക്കും മറ്റ് വൈദിക ചടങ്ങുകൾക്കും കാർമ്മികത്വം വഹിച്ചു.
ഫോട്ടോ 1
......................
ഗുരുദേവ ധ്യാന മന്ദിരത്തിന്റെ സമർപ്പണം യു.എ.ഇ ന്യൂ അലൈൻ മെഡിക്കൽ സെന്റർ മേധാവി ഡോ. സുധാകരൻ, പത്നി ഡോ. രേണുക, പുത്രൻ ദീപു സുധാകരൻ എന്നിവർ ചേർന്ന് നിർവഹിക്കുന്നു. സ്വാമി ഗുരുപ്രസാദ്, സ്വാമി ശങ്കരാനന്ദ തുടങ്ങിയവർ സമീപം
ഫോട്ടോ 2
......................
ശിവഗിരി ആശ്രമം ഒഫ് നോർത്ത് അമേരിക്കയ്ക്കുള്ള ചാൾസ് കൗണ്ടിയുടെ അംഗീകാരഫലകം കൗണ്ടി കമ്മിഷണർ റൂബിൻ കോളിൻസ് സ്വാമി ഗുരുപ്രസാദിന് കൈമാറുന്നു. സന ട്രഷറർ സന്ദീപ് പണിക്കർ സമീപം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |