സൂറത്ത്: ഗുജറാത്തിൽ മകളെ കുത്തിക്കൊന്ന പിതാവ് അറസ്റ്റിൽ. സൂറത്തിലെ സത്യനഗർ സൊസൈറ്റിയിൽ ഈ മാസം പതിനെട്ടിനായിരുന്നു സംഭവം. പ്രദേശത്ത് വാടകയ്ക്ക് താമസിക്കുന്ന രാമാനുജയാണ് പിടിയിലായത്. കുടുംബ വഴക്കിനെ തുടർന്നാണ് അരുംകൊലയെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇരുപത്തിയഞ്ചോളം തവണയാണ് പ്രതി മകളെ കത്തികൊണ്ട് കുത്തിയത്. ടെറസിൽ ഉറങ്ങുന്നതുമായി ബന്ധപ്പെട്ട് മകളും ഭാര്യയും തമ്മിൽ വഴക്കുണ്ടായി. ബഹളം കേട്ടതോടെ ദേഷ്യം വന്ന രാമാനുജ കുടുംബത്തെ ആക്രമിക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
സിസിടിവി ദൃശ്യങ്ങൾ പ്രകാരം പതിനെട്ടാം തീയതി രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. രാമാനുജ മക്കളുടെ മുന്നിൽ വച്ച് ഭാര്യ രേഖയെ കത്തികൊണ്ട് ഉപദ്രവിക്കാൻ ശ്രമിച്ചു. യുവതിക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതുകണ്ട് മക്കൾ അക്രമം തടയാൻ ശ്രമിച്ചു. ഇതിനിടയിൽ മകളെ പിടികൂടിയ പ്രതി പലതവണ കുത്തുകയായിരുന്നു. മുറിയിലേക്കോടിയ പെൺകുട്ടിയെ പിന്തുടർന്ന് മരണം ഉറപ്പാക്കും വരെ കുത്തി.
മകളെ കൊന്നതിന് ശേഷം വീണ്ടും ഭാര്യയെ ഉപദ്രവിക്കാൻ ഇയാൾ ശ്രമിച്ചു. ആക്രമണത്തിൽ മറ്റ് മക്കൾക്കും പരിക്കേറ്റു. അയൽവാസികൾ വിവരമറിയിച്ചതിനെതുടർന്ന് പൊലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടി. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും കൊലപാതകവും, കൊലപാതക ശ്രമവും അടക്കമുള്ള വിവിധ വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |