ന്യൂഡൽഹി: തനിയ്ക്ക് എതിരെയുള്ള ലെെംഗിക പീഡന ആരോപണങ്ങൾ തെളിച്ചാൽ തൂങ്ങിമരിക്കുമെന്ന് ദേശീയ ഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷനും ബി ജെ പി എം പിയുമായ ബ്രിജ് ഭൂഷൺ സിംഗ്. തനിയ്ക്ക് എതിരെയുള്ള എല്ലാ ആരോപണങ്ങളും തള്ളിയായിരുന്നു ബ്രിജ് ഭൂഷണിന്റെ പ്രതികരണം.
' എനിക്കെതിരെയുള്ള ഒരു ആരോപണമെങ്കിലും തെളിയിക്കപ്പെട്ടാൽ, ഞാൻ തൂങ്ങിമരിക്കും. നിങ്ങളുടെ( ഗുസ്തിതാരങ്ങൾ) കെെയിൽ ഉള്ള തെളിവുകൾ കോടതിയിൽ ഹാജരാക്കുക. ഏത് ശിക്ഷയും ഏറ്റുവാങ്ങാൻ ഞാൻ തയ്യാറാണ്' - ബ്രിജ് ഭൂഷൺ പറഞ്ഞു.
ലൈംഗിക പീഡന പരാതിയിൽ ബ്രിജ് ഭൂഷൺ സിംഗിനെതിരെ തെളിവില്ലെന്ന് ഡൽഹി പൊലീസ് പറഞ്ഞതായി നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു. ബ്രിജ് ഭൂഷൺ സിംഗിനെ അറസ്റ്റ് ചെയ്യാൻ മതിയായ തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നും 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുമെന്നാണ് പുറത്തുവന്ന റിപ്പോർട്ട്. ഇത് വലിയ രീതിയിൽ ചർച്ചയായതിന് പിന്നാലെ ഡൽഹി പൊലീസ് ഇതിനെതിരെ രംഗത്തെത്തി. മാദ്ധ്യമങ്ങളിൽ വരുന്ന വാർത്ത തെറ്റാണെന്നും കേസിൽ അന്വേഷണം വളരെ സുക്ഷ്മതയോടെ പുരോഗമിക്കുകയാണെന്നും ഡൽഹി പൊലീസ് വ്യക്തമാക്കി. പൂർണമായ അന്വേഷണത്തിന് ശേഷമേ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുവെന്നും പൊലീസ് അറിയിച്ചു.
Till now, we have not found sufficient evidence to arrest Brij Bhushan Singh. Within 15 days we'll be filing our report in court. It could be in the form of chargesheet or final report. There is no supportive evidence to prove wrestlers' claim: Top Sources in Delhi Police to ANI
— ANI (@ANI) May 31, 2023
ഇന്നലെ നീതി നിഷേധത്തിനെതിരെ പ്രതിഷേധിച്ച് രാജ്യത്തിനായി നേടിയ മെഡലുകൾ ഗംഗാ നദിയിൽ ഒഴുക്കാൻ ഗുസ്‌തി താരങ്ങളെത്തിയത് രാജ്യമൊട്ടാകെ ചർച്ചയാവുകയും പ്രതിഷേധമുയരുകയും ചെയ്തിരുന്നു. കർഷക നേതാക്കൾ ഇടപെട്ടാണ് താരങ്ങളെ പിന്തിരിപ്പിച്ചത്. തങ്ങൾ ഒപ്പമുണ്ടെന്ന് കർഷക, ജാട്ട് നേതാക്കൾ ഗുസ്‌തി താരങ്ങളെ അറിയിച്ചു. ഇതോടെ പ്രതിഷേധം അവസാനിപ്പിച്ച് ഗുസ്തി താരങ്ങൾ ഇന്നലെ പിൻവാങ്ങുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |