ന്യൂഡൽഹി: ഡൽഹി സർവീസസ് ഓർഡിനൻസ് വിഷയത്തിൽ പിന്തുണ തേടി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഇന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്രാലിനുമായി കൂടിക്കാഴ്‌ച നടത്തും. ചെന്നൈയിലാണ് കൂടിക്കാഴ്‌ച. നാളെ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറനെ കണ്ടും പിന്തുണ ആവശ്യപ്പെടും. ഉദ്യോഗസ്ഥരുടെ നിയമനത്തിനും സ്ഥലംമാറ്റത്തിനും ഡൽഹി സർക്കാരിന് അധികാരം നൽകിയ സുപ്രീംകോടതി വിധി മറികടക്കാനാണ് കേന്ദ്രസർക്കാർ ഓർഡിനൻസ് കൊണ്ടുവന്നത്. ബിൽ പാർലമെന്റിൽ എത്തുമ്പോൾ അവിടെ പരാജയപ്പെടുത്താനാണ് കേജ്‌രിവാൾ പ്രതിപക്ഷ നേതാക്കളുടെ പിന്തുണയ്‌ക്കായി രാഷ്ട്രീയ നീക്കങ്ങൾ തുടരുന്നത്.
ബീഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാർ, ഉപമുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ തേജസ്വി യാദവ്, പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി, തെലങ്കാന മുഖ്യമന്ത്രിയും ബി.ആർ.എസ് നേതാവുമായ കെ. ചന്ദ്രശേഖർ റാവു, ശിവസേന ഉദ്ധവ് താക്കറെ വിഭാഗം, എൻ.സി.പി നേതാവ് ശരദ് പവാർ, സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരെ നേരിൽ കണ്ട് പിന്തുണ തേടിയിരുന്നു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് കേജ്‌രിവാൾ സമയം ചോദിച്ചിട്ടുണ്ട്. ആം ആദ്മി പാർട്ടിക്ക് പിന്തുണ നൽകണമോയെന്ന വിഷയത്തിൽ ഹൈക്കമാൻഡ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ആം ആദ്മി പാർട്ടിയെ പിന്തുണയ്‌ക്കരുതെന്ന നിലപാടാണ് പഞ്ചാബ്, ഡൽഹി പി.സി.സി നേതാക്കൾ രാഹുൽ ഗാന്ധിയെയും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയെയും അറിയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |