SignIn
Kerala Kaumudi Online
Wednesday, 27 September 2023 8.20 PM IST

മെഡൽ കൊണ്ട് മുറിവേറ്റവർ

wresling-strike

ഓരോ കായിക താരവും ഒരായുസുമുഴുവൻ സ്വപ്നം കാണുന്നത് ഒരു ഒളിമ്പിക് മെഡലിനായാണ്. രാവും പകലും മെയ്യും മനവുമുരുകി അദ്ധ്വാനിച്ചാണ് അവർ മെഡലുകളോരോന്നും നേടുന്നത്. സ്വർണത്തിന്റെ നിറം മാത്രമേ പൂശുന്നുള്ളൂവെങ്കിലും സ്വർണത്തേക്കാൾ വിലയുണ്ട് ആ മെഡൽ നേടാനായി അവർ ഒഴുക്കിയ വിയർപ്പിന്. ആ മെഡലുകളുമായാണ് കഴിഞ്ഞ സന്ധ്യയിൽ ഇന്ത്യൻ ഗുസ്തിതാരങ്ങൾ ഹരിദ്വാറിൽ വിശുദ്ധ ഗംഗാനദിയുടെ തീരത്തേക്ക് നടന്നത്.

തങ്ങൾ മറ്റെന്തിനെക്കാളും വലുതായി കരുതുന്ന ആ മെഡലുകൾ ഗംഗയിലേക്ക് സമർപ്പിച്ച് തങ്ങളുടെ ആത്മാഭിമാനത്തിനേറ്റ മുറിവുണക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ഒരു പതിറ്റാണ്ടിലേറെയായി ഇന്ത്യൻ ഗുസ്തി ഫെഡറേഷന്റെ തലപ്പത്ത് ചക്രവർത്തിയെപ്പോലെ വാണരുളുന്ന ബ്രിജ്ഭൂഷൺ ചരൺ സിംഗ് എന്ന ബി.ജെ.പി എം.പിയ്ക്ക് നേരേ ഉയർന്ന ലൈംഗികാരോപണ പരാതികൾ അന്വേഷിക്കണമെന്നായിരുന്നു ഈ ഗുസ്തിതാരങ്ങളുടെ ആരോപണം. എന്നാൽ അവരുടെ പരാതികൾ അവഗണിക്കപ്പെട്ടു എന്നുമാത്രമല്ല ആരോപണ വിധേയനായ വ്യക്തി ഒരു കൂസലുമില്ലാതെ ആ സ്ഥാനത്ത് തുടരുകയും ചെയ്തു.‌

ബി.ജെ.പിയുടെ ശക്തികേന്ദ്രമായ ഉത്തർ പ്രദേശിൽ മുഖ്യമന്ത്രി യോഗിരാജ് സിംഗ് കഴിഞ്ഞാൽ ഏറ്റവും ശക്തനായ നേതാവായി അറിയപ്പെടുന്ന ബ്രിജ്ഭൂഷനെ തൊട്ടുകളിക്കാൻ ബി.ജെ.പി മുതിരില്ല എന്ന തിരിച്ചറിവാണ് ഒരു മാസത്തിലേറെയായി നീളുന്ന സമരം രാജ്യത്തിന് സമ്മാനിച്ചത്. ഏപ്രിലിൽ സമരം തുടങ്ങുമ്പോൾ ആ വേദിയിലേക്ക് രാഷ്ട്രീയക്കാരെ ഗുസ്തിതാരങ്ങൾ അടുപ്പിച്ചിരുന്നില്ല. ഈ സമരത്തെ രാഷ്ട്രീയമായി മുതലെ‌ടുക്കാൻ ആരെയും അനുവദിക്കില്ലെന്ന അവരുടെ നിലപാട് സത്യസന്ധമായിരുന്നു. അതുകൊണ്ടുതന്നെ സമരക്കാരെക്കുറിച്ച് മോശമായി സംസാരിച്ച ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി ഉഷ ഉൾപ്പടെയുള്ളവർക്ക് മാപ്പുപറയേണ്ടിവന്നത്. എന്നാൽ ആ സത്യസന്ധതയ്ക്ക് ഒരു വിലയും കേന്ദ്ര സർക്കാർ നൽകിയില്ല. സമരക്കാരുമായി ചർച്ച നടത്താനോ ബ്രിജ്ഭൂഷണിനെതിരെ സമയബന്ധിതമായി അന്വേഷണം നടത്താനോ സർക്കാർ മുതിർന്നതേയില്ല. മറുവശത്ത് സമരക്കാരുടെ ആവശ്യങ്ങൾ അസംബന്ധമെന്ന് പറഞ്ഞ് ആക്ഷേപിക്കാൻ പലരും രംഗത്തെത്തി. ഗുസ്തി താരങ്ങളെക്കൊണ്ടുതന്നെ ഈ സമരത്തെ തള്ളിപ്പറയിക്കാനും ശ്രമം നടന്നു. എന്നാൽ സുപ്രീം കോടതി അന്വേഷണത്തിന് നിർദ്ദേശം നൽകിയതോടെ പേരിന് ഒരു അന്വേഷണം നടത്തി തലയൂരാനുള്ള ശ്രമങ്ങളായി.

ഇതോടെയാണ് പ്രിയങ്കാഗാന്ധി ഉൾപ്പടെയുള്ള രാഷ്‌ട്രീയ നേതാക്കൾ സമരപ്പന്തലിലേക്ക് എത്തിയതും കർഷക നേതാക്കൾ പരസ്യ പിന്തുണയുമായി എത്തിയതും.

സമരം ഒരു മാസം പിന്നിട്ടിട്ടും കായിക താരങ്ങളുടെ ആവശ്യങ്ങൾ ആവശ്യങ്ങളായിത്തന്നെ നിലനിന്നു. അതിനിടയിലാണ് കഴിഞ്ഞ ദിവസം പുതിയ പാർലമെന്റ് ഉദ്ഘാടനം നടക്കുമ്പോൾ ഡൽഹിയിൽ ഖാപ് പഞ്ചായത്ത് നടത്തുവാൻ സമരക്കാർ തീരുമാനിച്ചത്. എന്നാൽ ഡൽഹി പൊലീസ് സമരക്കാരെ അതിശക്തമായി നേരിട്ടു. ലോക കായിക വേദികളിൽ ഇന്ത്യയുടെ അഭിമാനമുയർത്തിയ താരങ്ങളെ തെരുവിൽ ചവിട്ടിയരച്ചു.പൊലീസ് വാഹനങ്ങളിലേക്ക് റോഡിലൂടെ വലിച്ചിഴച്ച് കയറ്റി. ഒളിമ്പിക്സിൽ ത്രിവർണ പതാക പാറിച്ച, ലോക കായിക വേദികളിൽ ഇന്ത്യൻ ദേശീയ ഗാനം ഉയരാൻ കാരണക്കാരായ കായികതാരങ്ങൾ തെരുവിൽ പൊലീസ് ബൂട്ടുകൊണ്ടുള്ള ചവിട്ടേറ്റ് പുളയുന്ന ദൃശ്യം മറ്റ് ലോക രാജ്യങ്ങളിലുള്ള കായിക താരങ്ങളെ അമ്പരപ്പിച്ചു. ഇന്ത്യയിലെ കായികതാരങ്ങളുടെ സ്ഥിതിയിൽ അവർ പരിതപിച്ചു.

എന്നാൽ ഇന്ത്യയിലെ കായിക താരങ്ങളിൽ ഭൂരിപക്ഷവും ഈ വലിയ സമരത്തെ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. ചെറിയ കാര്യങ്ങൾക്കുപോലും ട്വീറ്റുകൾ കൊണ്ട് കണ്ണീരൊഴുക്കുന്നവർ രാജ്യത്തിനായി വിയർപ്പൊഴുക്കുന്നവരുടെ വേദനയ്ക്ക് നേരേ കണ്ണടച്ചു. എന്നാൽ ഒളിമ്പിക്സിലെ ഇന്ത്യയുടെ ഏക അത്‌ലറ്റിക്സ് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര, ഇന്ത്യൻ ഫുട്ബാൾ ക്യാപ്ടൻ സുനിൽ ഛെത്രി, മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്ടൻ അനിൽ കുംബ്ളെ, ടെന്നീസ് താരം സാനിയ മിർസ, ക്രിക്കറ്റ് താരങ്ങളായ വിരേന്ദർ സെവാഗ്, ഇർഫാൻ പഠാൻ തുടങ്ങിയവർ പ്രതിഷേധത്തിന് പിന്തുണയർപ്പിക്കാൻ ധൈര്യം കാട്ടി.

തങ്ങളുടെ ആത്മാഭിമാനത്തിന് മുറിവേറ്റപ്പോഴാണ് രാജ്യത്തിന്റെ അഭിമാനമുയർത്തിയ മെഡലുകൾ ഗംഗയിലുപേക്ഷിക്കാൻ അവർ തീരുമാനിച്ചത്. പ്രധാനമന്ത്രിക്കോ രാഷ്ട്രപതിക്കോ മെഡലുകൾ സമർപ്പിക്കാനായിരുന്നു ആദ്യ തീരുമാനം.എന്നാൽ അവർ തങ്ങളുടെ ആവശ്യം പരിഗണിക്കില്ലെന്ന് കരുതിയാണ് ജീവിത പുണ്യമായ മെഡലുകൾ പുണ്യനദിയായ ഗംഗയിലൊഴുക്കാൻ തീരുമാനിച്ചിറങ്ങിയത്. കർഷക സമിതി നേതാക്കൾ ഇടപെട്ടതുകൊണ്ടാണ് അവസാനനിമിഷം വലിയ നാണക്കേടിൽ നിന്ന് രാജ്യം രക്ഷപെട്ടത്. മെഡലുകൾകൊണ്ട് മുറിവേറ്റ ഈ കായിക താരങ്ങളുടെ നിലവിളി ഇനിയെങ്കിലും കേൾക്കാൻ ഭരണനേതൃത്വം തയ്യാറായില്ലെങ്കിൽ ഇന്ത്യൻ കായികരംഗത്തിന് തന്നെയാവും തീരാകളങ്കം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, WRESLING STRIKE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.