മലപ്പുറം:ജുവലറിയിലെത്തിയ യുവതി അടിച്ചുമാറ്റിയത് ഒന്നരപ്പവന്റെ രണ്ട് സ്വർണമാല. ചെമ്മാടുള്ള ജുവലറിയിൽ സെയിൽസ്മാന്റെ ശ്രദ്ധ അല്പമൊന്ന് മാറിയപ്പോൾ അതിവിദഗ്ദ്ധമായിട്ടായിരുന്നു യുവതിയുടെ അടിച്ചുമാറ്റൽ. മോഷണത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
മാല വാങ്ങാനെന്ന വ്യാജേനയാണ് യുവതി എത്തിയത്. ഈ സമയം ജുവലറിയിൽ സാമാന്യം തിരക്കുമുണ്ടായിരുന്നു. മാേഡലുകൾ കാണിക്കുന്നതിനായി സെയിൽസ്മാൻ മാലകൾ യുവതിക്ക് മുന്നിൽ നിരത്തിവച്ചു. യുവതി ഇവ നോക്കുന്നതിനിടെ മറ്റൊരു മോഡൽ മാല എടുക്കാനായി സെയിൽസ്മാൻ പോയി. ഈ തക്കത്തിനാണ് രണ്ട് സ്വർണമാലകൾ വളരെ വേഗത്തിൽ തന്റെ കൈയിലുണ്ടായിരുന്ന ബാഗിലേക്ക് യുവതി മാറ്റിയത്. അതിനുശേഷം സ്വർണം വാങ്ങാതെ തന്നെ അവർ സ്ഥലംവിടുകയും ചെയ്തു.
യുവതി പോയശേഷം നടത്തിയ പരിശോധനയിലാണ് സ്വർണമാലകൾ കാണാനില്ലെന്ന് വ്യക്തമായത്. തുടർന്ന് സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് യുവതിയാണ് മാലമോഷ്ടിച്ചതെന്ന് വ്യക്തമായത്. ജുവലറി ഉടമകളുടെ പരാതിയെത്തുടർന്ന് പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇതുവരെ ഒരുതുമ്പും ലഭിച്ചിട്ടില്ല എന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |