SignIn
Kerala Kaumudi Online
Friday, 22 September 2023 4.27 PM IST

ഈ അണിയറ രഹസ്യമറിഞ്ഞാൽ തോമസ് മാഷിനെ കൊണ്ട് പിണറായി സർക്കാരിനും പാർട്ടിക്കും എന്ത് പ്രയോജനമെന്ന് ആരും ചോദിക്കില്ല

kv-thomas-and-pinarayi

തൊഴിലാളിവർഗ പാർട്ടി നേതാക്കൾ അണികളെ പറഞ്ഞു പഠിപ്പിച്ചിരുന്നത് അമേരിക്കയും മറ്റു സമ്പന്ന യൂറോപ്യൻ രാജ്യങ്ങളുമൊക്കെ മുതലാളിത്ത ബൂർഷ്വാസികളുടെ നാടെന്നാണ്. ഇന്നും തൊഴിലാളിവർഗ സർവാധിപത്യം സ്വപ്നംകണ്ട് നടക്കുന്ന കമ്മ്യൂണിസ്റ്റുകളുണ്ടെങ്കിലും തങ്ങൾക്ക് ഇതിനൊക്കെ ഇളവ് ലഭിച്ചിട്ടുണ്ടെന്ന മട്ടിലാണ് നേതാക്കളുടെ പ്രവർത്തനം. കേരളം ആരോഗ്യരംഗത്തും ആരോഗ്യപരിപാലനത്തിലും ലോകത്തിനു തന്നെ മാതൃകയെന്ന് ഒരിടത്ത് പറയുമ്പോൾ കമ്മ്യൂണിസ്റ്റ് നേതാക്കൾ വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പറക്കുന്നതാണ് ഇപ്പോഴത്തെ ഫാഷൻ. കേരളം കടുത്ത ധനപ്രതിസന്ധിയിൽ നട്ടം തിരിയുമ്പോഴും പാഴ്ചെലവുകളും ധൂർത്തും നിയന്ത്രിക്കാനോ കിട്ടാനുള്ള നികുതികൾ പിരിച്ചെടുക്കാനോ യാതൊരു നടപടിയുമില്ല. ധനപ്രതിസന്ധി മൂലം വിദേശയാത്രകൾക്ക് കർശന നിയന്ത്രണമുണ്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനും പരിവാരങ്ങൾക്കും അതൊന്നും ബാധകമല്ലാത്ത രീതിയിലാണ് അവരുടെ പ്രവർത്തനം. പിണറായി വിജയൻ വീണ്ടുമൊരു അമേരിക്കൻ യാത്രയ്ക്കൊരുങ്ങുമ്പോഴാണ് തൊഴിലാളി പാർട്ടിയുടെ ഇരട്ടത്താപ്പും വിമർശന വിധേയമാകുന്നത്. ഇക്കുറി മുതലാളിത്ത രാഷ്ട്രമായ അമേരിക്ക മാത്രമല്ല, തൊഴിലാളിവർഗ രാജ്യമായ ക്യൂബയും സന്ദർശിക്കുകയാണ്. യാത്രയ്ക്ക് കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചതോടെ സർക്കാരിന് ആശ്വാസമായി. നേരത്തെ മുഖ്യമന്ത്രിയുടെ യു.എ.ഇ യാത്രയ്ക്കുള്ള അനുമതി കേന്ദ്രം നിഷേധിച്ചത് വിവാദമായിരുന്നു. ജൂൺ എട്ട് മുതൽ 18 വരെയുള്ള യാത്രയ്ക്ക് കേന്ദ്രാനുമതി ലഭിച്ചതോടെ ജൂൺ ആറിന് മുഖ്യമന്ത്രിയും പരിവാരങ്ങളും യാത്രതിരിക്കും. അമേരിക്കയിൽ നടക്കുന്ന ലോക കേരളസഭ മേഖലാ സമ്മേളനത്തിൽ പങ്കെടുക്കുന്ന മുഖ്യമന്ത്രി ലോകബാങ്ക് ഉദ്യോഗസ്ഥരുമായും ചർച്ച നടത്തും. മുഖ്യമന്ത്രിക്കൊപ്പം സ്പീക്കർ എ.എൻ ഷംസീർ, ധനമന്ത്രി കെ.എൻ ബാലഗോപാൽ, പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ വി.കെ രാമചന്ദ്രൻ, ചീഫ് സെക്രട്ടറി വി.പി ജോയ്, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കെ.എം എബ്രഹാം അടക്കം ഏഴ് ഉദ്യോഗസ്ഥരും അനുഗമിക്കുന്നുണ്ട്. ക്യൂബ സന്ദർശനത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ്, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥരുടെ സംഘമാണ് മുഖ്യമന്ത്രിയെ അനുഗമിക്കുന്നത്. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട സഹകരണം ശക്തമാക്കുന്നതിനാണ് ക്യൂബ സന്ദർശനമെന്നാണ് പറയുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും ബുദ്ധിമുട്ടുകളും നേരിടുന്ന ക്യൂബയിൽ നിന്ന് കേരളം എന്ത് പഠിക്കാനാണെന്ന് വിമർശകർ ചോദ്യം ഉന്നയിച്ചു തുടങ്ങിയിട്ടുണ്ട്. കേരളവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പ്രതിപക്ഷമല്ല, ഭരണപക്ഷം തന്നെ പറഞ്ഞ് വിലപിക്കുമ്പോഴാണ് സർക്കാർ ചിലവിലുള്ള യാത്ര. ഇതുവരെ നടത്തിയ വിദേശയാത്രകൾ കൊണ്ടും ലോകകേരള സഭ ചേർന്നതു കൊണ്ടും കേരളത്തിന് എന്ത് പ്രയോജനം കൈവന്നുവെന്ന ചോദ്യവും ഇവിടെ പ്രസക്തമാകുകയാണ്.

ധനപ്രതിസന്ധിയിലും ധൂർത്തിന് കുറവില്ല
കടുത്ത ധനപ്രതിസന്ധിയിലായ കേരളത്തിന്റെ ഈ വർഷം കടമെടുക്കാവുന്ന തുകയിൽ കേന്ദ്രം കടുംവെട്ട് നടത്തിയെന്ന ധനകാര്യമന്ത്രി കെ.എൻ ബാലഗോപാലിന്റെ വിലാപമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഈ സാമ്പത്തിക വർഷം 32,442 കോടി രൂപ കടമെടുക്കാൻ കേന്ദ്രം സമ്മതിച്ചിരുന്നെന്നും എന്നാൽ ഇത് ഒറ്റയടിക്ക് 17,052 കോടിയായി കേന്ദ്രം വെട്ടിക്കുറച്ചെന്നും ഈ വർഷം ഇനി കടമെടുക്കാൻ കഴിയുക 15,390 കോടി മാത്രമാണെന്നും അദ്ദേഹം പറയുന്നു. ഈ വർഷം 2000 കോടി എടുത്തു കഴിഞ്ഞു. അതിനാൽ ഇനി ശേഷിക്കുന്ന 13,390 കോടി രൂപ മാത്രമേ കടം എടുക്കാൻ കഴിയുകയുള്ളുവെന്നും ഇതുമൂലം കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുമെന്നുമാണ് അദ്ദേഹം പറയുന്നത്.

ഇപ്പോൾത്തന്നെ വിവിധതരം നികുതികളുടെ അമിതഭാരം കാരണം പൊറുതിമുട്ടുന്ന കേരള ജനത ഒറ്റക്കെട്ടായി കേന്ദ്രത്തിനെതിരെ പ്രതിഷേധിക്കണമെന്നാണ് ധനമന്ത്രി പറയുന്നത്. എന്നാൽ ബാലഗോപാലിന്റെ സാമ്പത്തിക ശാസ്ത്രം ഉയർത്തിക്കാട്ടി കേന്ദ്രം ഞെക്കിപ്പിഴിയുന്നുവെന്ന വാദം ശരിയല്ലെന്നാണ് കേന്ദ്രമന്ത്രി വി.മുരളീധരൻ പറയുന്നത്. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനു പിന്നിൽ കേന്ദ്രത്തിന് പറയാൻ വ്യക്തമായ കാരണങ്ങളുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ധനകാര്യ മാനേജ്മെന്റിലും കിട്ടാനുള്ള നികുതികൾ പിരിച്ചെടുക്കുന്നതിലും ശുഷ്കാന്തി കാട്ടാത്ത കേരളം അനാവശ്യ കാര്യങ്ങൾക്കായി പണം ധൂർത്തടിക്കുന്നെന്നും വിദഗ്ദ്ധർ പറയുന്നു. ഒരു സംസ്ഥാനത്തിന്റെ സഞ്ചിത കടം (സംസ്ഥാനം രൂപീകൃതമായതു മുതലുണ്ടാകുന്ന കടം) ഒരു കാരണവശാലും 29 ശതമാനത്തിൽ കൂടാൻ പാടില്ല. എന്നാൽ കേരളത്തിന്റെ കഴിഞ്ഞ വർഷത്തെ സഞ്ചിതകടം 39 ശതമാനമായിരുന്നു. 35 ശതമാനത്തിനു മുകളിൽ പോയ മൂന്ന് സംസ്ഥാനങ്ങളിൽ ഒന്ന് കേരളമാണ്. ഇക്കാര്യം റിസർവ് ബാങ്കും സി.എ.ജി യും പലതവണ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. കേരളം സാമ്പത്തിക നിയന്ത്രണം പാലിച്ചില്ലെങ്കിൽ കടക്കെണിയിലേക്ക് പോകുമെന്ന് 2021 മുതൽ സി.എ.ജി മുന്നറിയിപ്പ് നൽകുന്നുണ്ട്. 2016 ൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ കടമെടുത്ത തുകയ്ക്ക് നൽകിയിരുന്ന പലിശ 11,111 കോടിയായിരുന്നു. എന്നാൽ 2023- 24 ലെ ബഡ്ജറ്റിൽ ഇത് 136 ശതമാനം ഉയർന്ന് 26,246 കോടിയായി. വരവിൽ കൂടുതൽ ചെലവാക്കരുതെന്നും ഇനിയും അമിതമായി കടമെടുത്താൽ കടക്കെണിയിലേക്ക് പോകുമെന്ന സി.എ.ജി മുന്നറിയിപ്പും കേരളം കാര്യമായെടുത്തില്ലെന്ന് വേണം കരുതാൻ.

നികുതിവരുമാനം വർദ്ധിക്കുന്നില്ല
ആവശ്യം വരുമ്പോൾ കടമെടുക്കുന്നതിനു പകരം സ്വന്തം നികുതി വരുമാനം വർദ്ധിപ്പിക്കാനുള്ള നടപടികളൊന്നും കേരള സർക്കാർ സ്വീകരിക്കുന്നില്ലെന്നതിന്റെ തെളിവാണ് പിരിച്ചെടുക്കാനുള്ള നികുതി കുടിശ്ശികയായ 19,720 കോടി രൂപ. ധനപ്രതിസന്ധി മറികടക്കാനുള്ള മാർഗം കടമെടുക്കലാണെന്ന ധനമന്ത്രിയുടെ വിചിത്രവാദത്തെ ഖണ്ഡിക്കുന്നതാണിത്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ ജി.എസ്.ടി വരുമാനവും ഗണ്യമായി വർദ്ധിച്ചില്ല. പരോക്ഷ നികുതി പിരിവിലും കടുത്ത അനാസ്ഥയാണ് കാട്ടുന്നത്. നികുതിയേതര വരുമാന മാർഗമായി 36 ഇനങ്ങളുണ്ട്. അതിലൊന്ന് മാത്രമാണ് ഈയിടെ സ്ഥാപിച്ച എ.ഐ കാമറകളിലൂടെയുള്ള ഫൈൻ ഈടാക്കൽ. ജനത്തെബുദ്ധിമുട്ടിക്കാത്തവിധം നടപ്പാക്കാവുന്ന മറ്റു 35 തരം നികുതിയേതര വരുമാന മാർഗങ്ങളുണ്ട്. നികുതി പിരിവിൽ കാര്യക്ഷമതയില്ലെങ്കിലും ധൂർത്തിന്റെയും അനാവശ്യ ചെലവിന്റെയും കാര്യത്തിൽ ഒരു നിയന്ത്രണവുമില്ലാത്തതാണ് ധനപ്രതിസന്ധി രൂക്ഷമാക്കുന്ന പ്രധാന ഘടകം. ഉന്നത തസ്തികകൾ സൃഷ്ടിച്ച് സ്വന്തക്കാരെയും ഇഷ്ടക്കാരെയും പാർട്ടിക്കാരെയും പിൻവാതിലിലൂടെ തിരുകിക്കയറ്റുന്നതിനും അവർക്ക് ഉയർന്ന ശമ്പളവും മുന്തിയ കാറും നൽകുന്നതിനും ഒരു നിയന്ത്രണവുമില്ല. സർക്കാർ വാഹനങ്ങളുടെ ദുരുപയോഗം നിയന്ത്രിക്കാൻ യാതൊരു നടപടിയുമുണ്ടാകുന്നില്ല. കേരളം പോലൊരു ചെറിയ സംസ്ഥാനത്ത് 21 പി.എസ്.സി അംഗങ്ങളെ തീറ്റിപ്പോറ്റാൻ കോടികളാണ് ചെലവഴിക്കുന്നത്. സിവിൽ സർവീസ് അടക്കം നിരവധി പരീക്ഷകൾ നടത്തുന്ന യു.പി.എസ്.സിയിൽ വെറും 11 അംഗങ്ങൾ മാത്രമാണുള്ളത്. രണ്ടുവർഷം മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫായി ജോലി നോക്കുന്നവർക്ക് ആജീവനാന്തം പെൻഷൻ നൽകുന്ന വിചിത്രമായ സംവിധാനം ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തുമില്ല. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ നടത്തുന്ന വിദേശയാത്രകളിലൂടെയും കോടികളാണ് സംസ്ഥാന ഖജനാവിൽ നിന്ന് ചോർന്നു പോകുന്നത്. പ്രതിമാസം ഒരു ലക്ഷം രൂപ ഓണറേറിയവും രണ്ട് മൂന്ന് സ്റ്റാഫിനെയും നൽകി ഡൽഹിയിൽ കുടിയിരുത്തിയ കെ.വി തോമസിന്റെ നിയമനവും ചോദ്യം ചെയ്യപ്പെടുന്നുണ്ടെങ്കിലും പിണറായിയുടെയും പരിവാരങ്ങളുടെയും അമേരിക്കൻ, ക്യൂബൻ സന്ദർശനത്തിന് കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി നേടിയെടുത്തത് തോമസ് മാഷിന്റെ ഇടപെടലിലൂടെയാണെന്നാണ് പിന്നാമ്പുറ സംസാരം. ഗർഭസ്ഥ ശിശുവിന് പോലും ഒരു ലക്ഷം രൂപയുടെ കടബാദ്ധ്യതയുള്ള സംസ്ഥാനമായി മാറിയ കേരളത്തിൽ ഭരണാധികാരികളുടെ പിടിപ്പുകേട് മൂലം സംജാതമായ ധനപ്രതിസന്ധിക്ക് പരിഹാരം കാണേണ്ടത് ഭരണാധികാരികൾ തന്നെയാണ്. അല്ലാതെ നികുതിഭാരം കൊണ്ട് നടുവൊടിയുന്ന ജനങ്ങളല്ല അതിനുത്തരവാദികൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CPIM, KERALA GOVERNMENT EXTRAVAGANZA, KV THOMAS, PINARAYI VIJAYAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.