തിരുവനന്തപുരം: ജില്ലകളിൽ പത്ര ഏജന്റുമാരെ ഫോണിൽ വിളിച്ച് പത്രങ്ങളുടെ സർക്കുലേഷന്റെ കണക്കെടുത്ത് പൊലീസ്. ഏതൊക്കെ പത്രങ്ങളുടെ എജൻസിയുണ്ട്, എത്ര പത്രം വീതം വിതരണം ചെയ്യുന്നുണ്ട് എന്നിവയാണ് ചോദിക്കുന്നത്. സ്പെഷ്യൽബ്രാഞ്ചിൽ നിന്നാണെന്ന് പറഞ്ഞാണ് കണക്കെടുപ്പ്. പത്രങ്ങളിലെ സർക്കുലേഷൻ വിഭാഗത്തിലെ ജീവനക്കാരെ വിളിച്ചും കണക്കെടുപ്പ് നടത്തുന്നുണ്ട്. ഒരു പത്രത്തിന്റെ സർക്കുലേഷൻ പ്രവർത്തനത്തിന്റെ ഭാഗമായാണ് പൊലീസിന്റെ വിവരശേഖരണമെന്നാണ് സൂചന.
സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ പത്രങ്ങളുടെ കണക്കെടുക്കുന്നില്ലെന്ന് ഇന്റലിജൻസ് നേതൃത്വം അറിയിച്ചു. കണ്ണൂർ, കോഴിക്കോട്, കോട്ടയം, തൃശ്ശൂർ ജില്ലകളിലെ ഏജന്റുമാരെയാണ് കൂടുതലും വിളിക്കുന്നത്. വിജിലൻസ് വിഭാഗത്തിന്റെ ആവശ്യത്തിനാണെന്നും ചില ഏജന്റുമാരോട് പറയുന്നുണ്ട്. എന്നാൽ ഇത്തരം വിവരശേഖരണമില്ലെന്ന് വിജിലൻസ് വ്യക്തമാക്കി. പൊലീസ് ആസ്ഥാനവും കണക്കെടുപ്പ് നിഷേധിച്ചു. ഇത്തരം വിളികളുണ്ടായാൽ വിവരങ്ങൾ നൽകേണ്ടെന്നും പൊലീസ് ഉന്നതർ പറയുന്നു. എന്നാൽ ഇതേക്കുറിച്ച് അന്വേഷിക്കാൻ പൊലീസ് തയ്യാറായില്ല.
പൊലീസിനെ ഉപയോഗിച്ച് ഒരു പത്രത്തിനായി, മറ്റു പത്രങ്ങളുടെ കണക്കെടുപ്പ് നടത്തുകയാണെന്നാണ് ആരോപണം. മറ്റ് പത്രങ്ങൾ വരുത്തുന്ന ഉദ്യോഗസ്ഥരെ കണ്ടെത്താനും ഏജന്റുമാരെ വിരട്ടാനും പൊലീസിനെ ഉപയോഗിക്കുന്നതായും ആക്ഷേപമുണ്ട്. പത്രങ്ങളുടെ സർക്കുലേഷൻ മാനേജർമാരെ സമീപിച്ചും വിവരങ്ങൾ തേടുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |