SignIn
Kerala Kaumudi Online
Thursday, 25 April 2024 1.23 PM IST

നഗ്നതയ്ക്ക് സൗന്ദര്യമുണ്ട്, പക്ഷേ അത് അനുവാദമില്ലാതെ പ്രദർശിപ്പിക്കുമ്പോഴോ, ശരിക്കും   അടികിട്ടേണ്ട   പ്രശ്നമാണോ  എക്സിബിഷനിസം?

exi2

എക്സിബിഷനിസം അഥവാ നഗ്നതാ പ്രദർശനം എന്നത് നേരത്തേ കേരളത്തിൽ ഒറ്റപ്പെട്ട സംഭവമായി കണക്കാക്കിയിരുന്നെങ്കിൽ ഇന്ന് അതല്ല സ്ഥിതി. ഇക്കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇന്നലെ മാത്രം ഇതുമായി ബന്ധപ്പെട്ട് രണ്ട്പേരാണ് അറസ്റ്റിലായത്. സദാചാരത്തിന് വലിയ വിലകൽപ്പിക്കുന്ന മലയാളികളുടെ ഭാഗത്തുനിന്നാണ് ഇത് ഉണ്ടാകുന്നത് എന്നതാണ് ഏറെ ആശ്ചര്യപ്പെടുത്തുന്നത്. പ്രശസ്തനായ ഒരു നടനെപ്പോലും അടുത്തിടെ ഇക്കാരണത്തിന് പൊലീസ് അറസ്റ്റുചെയ്തിരുന്നു.

ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീകളും പെൺകുട്ടികളുമാണ് പലപ്പോഴും ഇത്തരം ഞരമ്പുരോഗികളുടെ വൈകൃതങ്ങൾക്ക് ഇരയാകുന്നത്. ചിലർ അറിയാത്തതുപോലെ ലൈംഗികാവയവം പ്രദർശിപ്പിക്കുമ്പോൾ മറ്റുചിലർ പരസ്യ പ്രദർശനത്തിന് തന്നെ മുതിരുന്നു. വനിതാ ഹോസ്റ്റലുകൾക്ക് മുന്നിലും ട്രെയിനിലും ബസിലും എന്നുവേണ്ട എവിടെയും ഇവരുടെ ശല്യമുണ്ടാവും. ശ്രദ്ധിക്കാതെ പോയാൽ ശ്രദ്ധയാകർഷിക്കാനുള്ള നമ്പർ പ്രയോഗിച്ചായിരിക്കും സ്വയം പ്രദർശനം. പുരുഷന്മാർക്കൊപ്പം സ്ത്രീകളും നഗ്നതാ പ്രദർശനം നടത്തുന്നുണ്ടെങ്കിലും അത് വളരെ വിരളമാണ്.

കാണിക്കുന്നവന് സുഖം, കാണുന്നവർക്കോ?

ലൈംഗിക ഉത്തേജനം കിട്ടാനാണ് കൂടുതൽപ്പേരും നഗ്നതാ പ്രദർശനം നടത്തുന്നതെന്നാണ് മനോരോഗ വിദഗ്ദ്ധർ പറയുന്നത്.നഗ്നതയ്ക്ക് സൗന്ദര്യമുണ്ട്, പക്ഷേ അത് അനുവാദമില്ലാതെ പ്രദർശിപ്പിക്കുമ്പോഴാണ് പ്രശ്നമാകുന്നത്. കാണിക്കുന്നവന് ഒരു നിമിഷത്തെ സുഖം, എന്നാൽ ഇരയാക്കപ്പെടുന്നവർ അനുഭവിക്കുന്ന ട്രോമ എത്രകാലം ഉണ്ടാകുമെന്നോ ശാരീരികവും മാനസികവുമായി എങ്ങനെയൊക്കെ ബാധിക്കുമെന്നോ അയാൾ മനസിലാക്കുന്നില്ല. ചെയ്യുന്നവൻ മാത്രമല്ല സമൂഹം പോലും ഇക്കാര്യം മനസിലാക്കാൻ ശ്രമിക്കുന്നില്ല എന്നതാണ് സത്യം. തന്റെ ലൈംഗികാവയവം കാണുമ്പോൾ സ്ത്രീകൾക്കും സന്തോഷം തോന്നുമെന്നും അവർ ലൈംഗിക പരമായി ഉത്തേജിക്കപ്പെടും എന്നും കരുതി രതിമൂർച്ഛയിലെത്തുന്നവരാണ് നഗ്നതാ പ്രദർശനം നടത്തുന്നവരിൽ കുറച്ചുപേരെങ്കിലും വിശ്വസിക്കുന്നത്. എന്നാൽ സ്ത്രീകൾക്ക് ഇത്തരക്കാരോട് അറപ്പും വെറുപ്പുമല്ലാതെ മറ്റൊന്നും തോന്നുന്നില്ല എന്നതാണ് സത്യം. ആൺവർഗത്തോട് തന്നെയുള്ള അറപ്പും ലൈംഗികതയോടുള്ള ഭയംകാരണം വിവാഹം ഉപേക്ഷിക്കുന്നതുപോലുള്ള അവസ്ഥയും ഉണ്ടായേക്കാം.

exhibitionism

എക്സിബിഷനിസം എന്നത് സൈക്യാട്രിക് ഡിസോർഡർ വിഭാ​ഗത്തിൽ വരുന്ന രോ​ഗാവസ്ഥയാണെന്ന് വിദഗ്ദ്ധർ പറയുന്നത്.അസാധാരണമായ ലൈംഗിക പ്രവൃത്തികളാൽ സ്വയം ഉത്തേജനം ഉണ്ടാക്കി ആനന്ദം കണ്ടെത്തുന്ന അവസ്ഥയാണിത്. അപരിചിതരുടെ ഞെട്ടലോ മതിപ്പോ ആശ്ചര്യമോ ഇക്കൂട്ടരെ ഏറെ ആവേശഭരിതരാക്കും. സ്വാഭാവികമായി രണ്ട് വ്യക്തികൾ തമ്മിൽ ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോഴാണ് രതിമൂർച്ഛ ഉണ്ടാകുന്നത്. എന്നാൽ നഗ്നതാ പ്രദർശം നടത്തുന്നവർക്ക് ഇത്തരത്തിൽ രതിമൂർച്ഛ ഉണ്ടാകുന്നില്ല. ഇവർക്ക് അപ്രതീക്ഷിതമായി മറ്റുള്ളവർക്ക് മുന്നിൽ ജനനേന്ദ്രിയം തുറന്നുകാട്ടുമ്പോഴാണ് ഉത്തേജനവും രതിമൂർച്ഛയും ഉണ്ടാവുന്നത്. ഇവരുടെ ദാമ്പത്യ ജീവിതം പലപ്പോഴും പരാജയമായിരിക്കും.

കാഴ്ചക്കാർ വേണം

അപരിചിതരായ ആൾക്കാരുടെ മുന്നിൽ ജനനേന്ദ്രിയം പ്രദർശിപ്പിക്കാനാണ് എക്സിബിഷനിസം നടത്തുന്നവരിൽ കൂടുതൽ പേർക്കും താൽപ്പര്യം . എന്നാൽ ഇതിൽ നിന്ന് തികച്ചും വ്യത്യസ്തരാണ് മറ്റൊരുകൂട്ടം എക്സിബിഷനിസ്റ്റുകൾ. താൻ പ്രദർശിപ്പിക്കുമ്പോൾ അത് ഇഷ്ടത്തോടെ കാണുന്നവർ ഉണ്ടാവണമെന്ന് ഇവർക്ക് നിർബന്ധമാണ്. അത്തരക്കാർ ഉണ്ടെങ്കിൽ മാത്രമേ ഇവർ പ്രദർശനം നടത്തൂ. കാഴ്ചക്കാരുടെ താത്പര്യമനുസരിച്ച് മാത്രമേ ഇവർ ഓരോന്നും ചെയ്യുന്നുള്ളൂ എന്നതിനാൽ ഇവർ സമൂഹത്തിന് പ്രശ്നമുണ്ടാക്കാറില്ല. അതുകൊണ്ടുതന്നെ ആരും പരാതി പറയാറുമില്ല.

exhibitionism2

സ്ത്രീകളിലെ എക്സിബിഷനിസം

സ്വന്തം ലൈംഗികാവയവങ്ങൾ സ്ത്രീകൾ പരസ്യമായി പ്രദർശിപ്പിക്കുന്നത് വളരെ അപൂർവമാണ്. അത്തരം ആഗ്രഹമുള്ള സ്ത്രീകൾ തങ്ങളുടെ വസ്ത്രധാരണത്തിലൂടെ അത് പ്രതിഫലിപ്പിക്കാറുണ്ടെന്നാണ് വിദഗ്ദ്ധർ പറയുന്നത്. തങ്ങളുടെ ശരീരഭാഗങ്ങൾ ആൾക്കാർ ശ്രദ്ധിക്കുന്നതിലൂടെയാണ് ഇവർ സംതൃപ്തി കൈവരിക്കുന്നത്.

കാരണം ഇതാകാം

ചെറുപ്പകാലത്തുണ്ടാകുന്ന ഏതെങ്കിലും ലൈംഗികാതിക്രമങ്ങൾ എക്സിബിഷനിസത്തിന് കാരണമാകാറുണ്ട് എന്നാണ് മനോരോഗവിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. കൗമാരകാലം മുതലാണ് സ്വയം പ്രദർശനം ഒരു വ്യക്തിയിൽ തലപൊക്കുന്നത്. അറിയാതെ ചെയ്യുന്ന ഒരു പ്രവൃത്തിയായി ആദ്യം തുടങ്ങുകയും അതുപിന്നെ അപകടകരമായ അവസ്ഥയിലേക്ക് പോവുകയും ചെയ്യും. ചികിത്സ നൽകിയാൽ ഈ അവസ്ഥയിൽ നിന്ന് ഒരുപരിധിവരെ മോചനം നേടാനാവും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EXHIBITIONISM, KERALA, LADIES, MAN, SEX
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.