SignIn
Kerala Kaumudi Online
Friday, 19 April 2024 4.42 AM IST

എലത്തൂരിൽ നിന്ന് ഒന്നും പഠിച്ചില്ല

photo

കോഴിക്കോടിനു സമീപം എലത്തൂരിലെ ട്രെയിൻ തീവയ്പ്പിന്റെ നടുക്കം മാറും മുമ്പെ അതേ ട്രെയിനിന്റെ ബോഗി കണ്ണൂരിൽ വീണ്ടും കത്തിനശിച്ച സംഭവം നാടാകെ സംഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്. യാത്രകഴിഞ്ഞ് ട്രെയിൻ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ യാർഡിൽ നിറുത്തിയിട്ടപ്പോഴാണ് തീകത്തിയത്. ഒരു ബോഗി പൂർണമായി കത്തിനശിച്ചു. യാത്രക്കാരില്ലാതിരുന്ന സമയമായിരുന്നത് മാത്രമാണ് ആശ്വാസം. അതേസമയം തീപിടിത്തം നടന്ന സ്ഥലത്തുനിന്നും ഭാരത് പെട്രോളിയം കോർപ്പറേഷന്റെ ഇന്ധന സംഭരണശാലയിലേക്ക് അധികദൂരം ഇല്ലായിരുന്നെന്ന് ഓർക്കണം. അഗ്നിരക്ഷാസേന വളരെപ്പണിപ്പെട്ട് തീയണച്ചതിനാൽ വൻദുരന്തം ഒഴിവായി. തീവയ്പ്പുമായി ബന്ധപ്പെട്ട് ഒരാൾ പൊലീസ് വലയിലായിട്ടുണ്ട്.

എലത്തൂരിൽ അക്രമിയായ ഷാരൂഖ് സെയ്ഫി യാത്രക്കാരനെന്ന നിലയിൽ ട്രെയിനിൽ കയറി, കുപ്പിയിൽ നിറച്ച പെട്രോൾ യാത്രക്കാരുടെ ദേഹത്ത് വീശിയൊഴിച്ച് തീകൊളുത്തിയത് ഇക്കഴിഞ്ഞ ഏപ്രിൽ രണ്ടിനായിരുന്നു. കോച്ചിൽ അധികം യാത്രക്കാരില്ലാത്തതിനാൽ എട്ടുപേർക്കേ പൊള്ളലേറ്റുള്ളൂ. എന്നാൽ ഭീകരമായ കാഴ്ചകണ്ട് രക്ഷതേടി ട്രെയിനിനു പുറത്തേക്ക് ചാടിയ ഒരു കുട്ടിയടക്കം മൂന്നുപേർ ദാരുണമായി മരണമടഞ്ഞു. കണ്ണൂരിൽ പിടിയിലായ ആൾ മനോവൈകല്യമുള്ളയാളാണെന്നാണ് പ്രാഥമികനിരീക്ഷണം. എലത്തൂരിൽ പിടിയിലായ ഷാരൂഖ് സെയ്ഫിയും ആദ്യം മനോവിഭ്രാന്തി പ്രകടമാക്കിയിരുന്നു. അക്രമിയുടെ മാനസികാവസ്ഥ എന്തുമാകട്ടെ, സംരക്ഷണത്തിലുള്ള റെയിൽവേ സ്റ്റേഷൻ യാർഡിൽ ഇന്ധനവുമായി കടന്നുകയറി ട്രെയിൻ തീവയ്കാൻ ഒരാൾക്ക് നിഷ്‌പ്രയാസം കഴിയുന്നത് അത്യന്തം ഉത്‌കണ്ഠയോടെ മാത്രമേ വീക്ഷിക്കാനാവൂ.

എലത്തൂർ സംഭവത്തിന്റെ വേരുകൾ കണ്ടെത്തി തകർക്കണമെന്നും അലംഭാവം ആപത്ത് ക്ഷണിച്ചുവരുത്തുമെന്നും അന്ന് ഞങ്ങൾ മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. നി‌ർഭാഗ്യവശാൽ അത്തരത്തിലുള്ള മുൻകരുതൽ നടപടികളൊന്നും ഉണ്ടായതായിക്കണ്ടില്ല. രാജ്യത്തെ ഏറ്റവും സുരക്ഷിതയാത്ര വാഗ്ദാനം ചെയ്യുന്ന, സാധാരണക്കാരുടെ നിത്യാശ്രയമായ ട്രെയിനിൽ യാത്രികർക്കു ഭയാശങ്കകൾ കൂടാതെ സഞ്ചരിക്കാൻ കഴിയണം. സംസ്ഥാനത്ത് ക്രമസമാധാനാന്തരീക്ഷം തകർക്കാനും വിധ്വംസക പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനും ഛിദ്രശക്തികൾ കുറെക്കാലമായി ശ്രമിക്കുന്നുണ്ട്. ഇത് ഗൗരവമായെടുത്ത് കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജൻസികൾ കൂട്ടായ പ്രവർത്തനത്തിലൂടെ അവയുടെ അടിവേരുകൾ അറുത്ത് ഉന്മൂലനം ചെയ്യേണ്ടിയിരിക്കുന്നു. എല്ലാം മുറപോലെ നടത്തിയാൽ മതിയെന്ന പഴഞ്ചൻ സമീപനം മനുഷ്യജീവൻ അപകടത്തിലാക്കുന്ന വൻദുരന്തങ്ങൾക്കായിരിക്കും വഴിവയ്ക്കുക, അതിനിടയാക്കരുത്.

സംസ്ഥാനത്ത് പുതുതായി ആരംഭിച്ച വന്ദേഭാരത് എക്‌സ്‌പ്രസിൽ ടിക്കറ്റ് കിട്ടാൻ വലിയ തിരക്കാണ്. എന്നാൽ ഇതിനോടകം വന്ദേഭാരതിനു നേരെ പലയിടങ്ങളിലും കല്ലേറുണ്ടായി. ട്രെയിനിനുനേരെ കല്ലെറിയുന്നവർ ആരായാലും അർഹിക്കുന്ന കർശനശിക്ഷ അവർക്കു ലഭ്യമാക്കുകതന്നെ വേണം. എന്നാൽ മാത്രമേ ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കൂ.

കണ്ണൂർ റെയിൽവേ യാർഡിൽ മുമ്പും തീപിടിത്തം ഉണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. പക്ഷേ റെയിൽവേ സ്റ്റേഷനിലും പരിസരത്തും യാതൊരു നിരീക്ഷണവും ഏർപ്പെടുത്തിയതായി അറിയില്ല. യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാതെ റെയിൽവേ സംരക്ഷണസേന കർശന നിയന്ത്രണം ഏറ്റെടുക്കണം. തീകത്തുന്ന വസ്തുക്കളുമായി ട്രെയിനിൽ കയറാനോ റെയിൽവേ സ്റ്റേഷനിൽ കറങ്ങാനോ ആരെയും അനുവദിക്കരുത്.

എലത്തൂരിലെയും കഴിഞ്ഞദിവസം കണ്ണൂരിൽ നടന്ന സംഭവത്തെയും ചേർത്തുവായിക്കുമ്പോൾ ഒട്ടേറെ സംശയങ്ങൾ അവശേഷിക്കുന്നുണ്ട്. ഒരേ തീവണ്ടിതന്നെ തിരഞ്ഞുപിടിച്ച് അക്രമം നടത്തിയതും, അക്രമം നടന്ന സ്ഥലത്തിനുസമീപം രണ്ടിടത്തും ഇന്ധനസംഭരണ കേന്ദ്രങ്ങളുണ്ടായിരുന്നതും ദുരൂഹത വർദ്ധിപ്പിക്കുന്നു. അക്രമികൾ വലിയ ദുരന്തങ്ങളാകും ആസൂത്രണം ചെയ്തിരിക്കുക. പഴുതടച്ചുള്ള അന്വേഷണമാണ് ആവശ്യം. അശ്രദ്ധകാട്ടാതെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തണം. ഓരോ നിമിഷവും വിലപ്പെട്ടതാണ്. അമാന്തം കാട്ടിയാൽ വലിയവില കൊടുക്കേണ്ടിവരും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TRAIN FIRE KERALA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.