കോഴിക്കോട്: പാക്കിസ്ഥാനിലെ ഇസ്ലാമാബാദിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എന്ന ബ്രാൻഡ് നെയിം ഉപയോഗിച്ച് അനധികൃതമായി നടത്തിയ വ്യാജ ജുവലറി കോടതി പൂട്ടിച്ചു. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് നൽകിയ പരാതിയിൽ ജുവലറി നടത്തിയ പാക് സ്വദേശി മുഹമ്മദ് ഫൈസാനെതിരെ മലബാർ പാക്കിസ്ഥാനിൽ കേസ് നൽകിയിരുന്നു. നിയമവിരുദ്ധമായി ബ്രാൻഡ് നെയിം ഉപയോഗിച്ചതിനെതിരെ ഇടപെട്ട കോടതി, ഉടനടി ഈ വ്യാജ ഷോറൂം അടച്ചുപൂട്ടാൻ ഉത്തരവിട്ടു. കോടതി ഉത്തരവ് പാലിക്കാൻ പ്രതി വിസമ്മതിച്ചതോടെ മലബാർ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു.
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് പാക്കിസ്ഥാനിൽ ഒരു ഷോറൂമും നടത്തുന്നില്ലെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി. ബ്രാൻഡ് നെയിമും മറ്റ് വ്യാപാരമുദ്രകളും വ്യാജ ജുവലറി ഷോറൂം പ്രവർത്തിപ്പിക്കുന്നതിന് ഉപയോഗിച്ചതിന് പുറമേ, ബ്രാൻഡ് അംബാസഡർമാരുടെ ചിത്രങ്ങൾ, ആഭരണ ഡിസൈനുകൾ എന്നിവ ഉപയോഗിച്ച് സോഷ്യൽ മീഡിയ പേജുകളും ഇയാൾ നടത്തിയിരുന്നു.
മിഡിൽ ഈസ്റ്റ്, ഫാർ ഈസ്റ്റ്, യുഎസ്എ, ഇന്ത്യ എന്നിവിടങ്ങളിലായി 317 റീട്ടെയിൽ ഷോറൂമുകളുള്ള, ആഗോളതലത്തിലെ ഏറ്റവും വലിയ ആറാമത്തെ ജുവലറി റീട്ടെയിൽ ബ്രാൻഡാണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സെന്നും വിശ്വാസത്തിന്റെ അടിത്തറയിൽ സ്ഥാപിതമായ ഒരു ബിസിനസ്സാണ് ഞങ്ങളുടേതെന്നും മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദ് പറഞ്ഞു. ബ്രാൻഡിന്റെ പ്രശസ്തി ചൂഷണം ചെയ്തതായി സമ്മതിച്ച പ്രതി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ ബ്രാൻഡ് നാമവും മറ്റ് വ്യാപാരമുദ്രാ ആസ്തികളുമുള്ള എല്ലാ സൈൻ ബോർഡുകളും നീക്കം ചെയ്തതായും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |