ആലുവ: പ്രേമം സിനിമയിലൂടെ ഹിറ്റായ ആലുവ മാർക്കറ്റിന് സമീപത്തെ ഉളിയന്നൂരിലേക്കുള്ള അക്വഡേറ്റ് കാണാനെത്തുന്നവർ ഏറെയാണ്. തിരക്കിനൊപ്പം അക്വഡേറ്റിന് താഴെ മാലിന്യവും കൂടി. മാലിന്യം നീക്കം ചെയ്ത് പാലത്തിന്റെ മുഖം മിനുക്കാൻ ഒരു കൂട്ടം ഇൻസ്റ്റഗ്രാം പേജ് കൂട്ടായ്മയിലെ അംഗങ്ങൾ ഒത്തുചേർന്നു.
ഇൻസ്റ്റാഗ്രാമിലും വാട്ട്സാപ്പിലുമെല്ലാം സമയം കളയുന്നവരാണ് പുതുതലമുറയെന്ന് പറഞ്ഞ് പരിഹസിക്കുന്നവർക്ക് മുമ്പിൽ പുതു മാതൃകയാവുകയാണ് 'ലീഫ് കമ്മ്യൂണിറ്റി' എന്ന പേരിൽ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 2000 ഓളം പേരുടെ കൂട്ടായ്മ.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി പെൺകുട്ടികളടക്കം 25ഓളം പേരാണ് മാലിന്യ നീക്കത്തിനെത്തിയത്. രാവിലെ ആരംഭിച്ച മാലിന്യ നീക്കം വൈകിട്ട് വരെ തുടർന്നു. കഴിഞ്ഞയാഴ്ച്യാണ് ആദ്യമായി ഇത്തരമൊരു സേവന പ്രവർത്തനം ആരംഭിച്ചത്. അന്ന് തീരാത്തവയാണ് ഇന്നലെ കൂടുതൽ അംഗങ്ങളുമായെത്തി നീക്കം ചെയ്തത്.
പ്ളാസ്റ്റിക്ക് മാലിന്യം വേർതിരിച്ച് നഗരസഭയ്ക്ക് നൽകി. ജൈവമാലിന്യം കുഴിയെത്ത് കുഴിച്ചുമൂടി. പിന്നെ കുമ്മായവും ഇട്ട് സ്ഥലം ക്ളീൻ ആക്കി. അടുത്ത ദിവസം വീണ്ടുമെത്തി പൂന്തോട്ടം സ്ഥാപിക്കാനാണ് തീരുമാനം.
ലീഫ് കമ്യൂണിറ്റിക്ക് പിന്നിൽ
ഒന്നര മാസം മുമ്പ് കൊല്ലം സ്വദേശി എസ്. സിദ്ധാർത്ഥിന്റെ നേതൃത്വത്തിലാണ് 'ലീഫ് കമ്മ്യൂണിറ്റി' ആരംഭിച്ചത്. പരിസര ശുചീകരണം ഉൾപ്പെടെയുള്ള ലക്ഷ്യത്തോടെയുള്ള ഗ്രൂപ്പിലേക്ക് നിരവധി വിദ്യാർത്ഥികളാണെത്തിയത്. ഇതോടെ കേരളത്തിലും ലക്ഷ്വദീപിലുമായി ലീഫിന് നിരവധി വാട്ട്സ് ആപ്പ് ഗ്രൂപ്പുകളുമായി.
ഓൺലൈനിൽ തന്നെ എസ്. സിദ്ധാർത്ഥ് (പ്രസിഡന്റ്), ഹജാസ് അണ്ണിക്കര - മലപ്പുറം (സെക്രട്ടറി), മുഹമ്മദ് മുഹ്സിൻ - വയനാട് (വൈസ് പ്രസിഡന്റ്), അപ്പു സതീശൻ - ഇടുക്കി (രക്ഷാധികാരി) എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റിയും രൂപീകരിച്ചു. തുടർന്നാണ് മാലിന്യവിമുക്ത കേരളത്തിനായി പോരാടൻ തീരുമാനിച്ചത്.
കൂട്ടായ്മയിലെ പലരും നേരിട്ട് കാണുന്നത് പോലും ഇന്നലെയാണ്. സൂപ്പർഹിറ്റായ നിവിൻ പോളിയുടെ 'പ്രേമം' സിനിമ ചിത്രീകരിച്ച പാലം എന്ന നിലയിലാണ് ഉളിയന്നൂരിലേക്കുള്ള അക്വഡേറ്റിന് പ്രേമം പാലം എന്ന പേരും വന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |