SignIn
Kerala Kaumudi Online
Saturday, 20 April 2024 2.42 AM IST

കാട്ടിലെ ആന, സർക്കാരിന്റെ കാശ്... വയ്ക്കടാ വെടി

arikomban

ഒരു കോടിയോളം രൂപ മുടക്കി സംസ്ഥാന വനംവകുപ്പ് നടത്തിയ അരിക്കൊമ്പൻ ദൗത്യം പരാജയമായിരുന്നോ... ദൗത്യം ഒരു മാസം പിന്നിടുമ്പോൾ ഉയരുന്ന ഏറ്റവും പ്രസക്തമായ ചോദ്യമിതാണ്. അരിക്കൊമ്പൻ തമിഴ്‌നാട്ടിലെ ജനസാന്ദ്രതയേറിയ കമ്പം ടൗണിലിറങ്ങി ഭീതിവിതച്ച കാഴ്ച കണ്ടവരാരും മറിച്ചൊന്ന് പറയില്ല. നിരവധി വാഹനങ്ങൾ തകർത്ത ആന മൂലം ഒരാൾ മരണപ്പെടുകയും ചെയ്തു. ഇപ്പോൾ ജനവാസ മേഖലയ്ക്ക് സമീപം വനത്തിലുള്ള ആന തമിഴ്നാട് ജനതയുടെയാകെ ഉറക്കം കെടുത്തുകയാണ്. രണ്ടാം അരിക്കൊമ്പൻ ദൗത്യത്തിലൂടെ ആനയെ പിടികൂടുന്നതിന് കുങ്കിയാനകളടക്കമുള്ള ദൗത്യസംഘവുമായി വൻ സന്നാഹവുമായി തമിഴ്നാട് വനംവകുപ്പ് കാത്തിരിക്കുകയാണ്. മരിച്ചയാളുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകിയതടക്കം ഇതിനകം ലക്ഷങ്ങൾ തമിഴ്നാട് സർക്കാരിനും ചെലവായി. ചിന്നക്കനാൽ, ശാന്തമ്പാറ പഞ്ചായത്തുകളിൽ വർഷങ്ങളോളം ഭീതിപരത്തിയ അരിക്കൊമ്പനെ കഴിഞ്ഞ ഏപ്രിൽ 29നായിരുന്നു സിമന്റുപാലത്തിന് സമീപത്തു നിന്ന് മയക്കുവെടിവച്ച് പിടികൂടിയത്. പിന്നാലെ ലോറിയിൽ തേക്കടിയിലെ പെരിയാർ കടുവാ സങ്കേതത്തിലെത്തിച്ച ആനയെ 30ന് രാവിലെ അഞ്ചുമണിയോടെ ഉൾവനത്തിൽ തുറന്നുവിട്ടു. അരിക്കൊമ്പൻ പെരിയാർ കടുവാ സങ്കേതത്തിലെ വിശാലമായ വനത്തിനുള്ളിൽ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു ഇത്. എന്നാൽ വനംവകുപ്പിന്റെ പ്രതീക്ഷകൾ തെറ്റിച്ച് ആന ദിവസങ്ങൾക്കകം തമിഴ്‌നാട് വനമേഖലയിലെത്തി. പെരിയാർ കടുവാ സങ്കേതത്തിന്റെ അതിർത്തിയിൽ നിന്ന് തമിഴ്‌നാട്ടിലെ മേഘമലയിലെത്തിയ ആന രണ്ടാഴ്ചയോളം അവിടെ ചുറ്റിത്തിരിഞ്ഞു. ജനവാസമേഖലയിലിറങ്ങി കൃഷി നശിപ്പിക്കുകയും റോഡിലിറങ്ങി ബസിന് നേരെ പാഞ്ഞടുക്കുകയും ചെയ്തിരുന്നു. ഇടയ്ക്ക് മണലാർ എസ്റ്റേിലെ റേഷൻകട തകർക്കാൻ ശ്രമിച്ചെങ്കിലും കാര്യമായ നാശം വരുത്തിയില്ല. തുടർന്ന് വിനോദസഞ്ചാര മേഖലയായ ഇവിടെ രാത്രി യാത്ര നിരോധിക്കുകയും വിനോസഞ്ചാരത്തിന് വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നീട് ആന ആദ്യം ഇറക്കിവിട്ട പെരിയാർ കടുവാ സങ്കേതത്തിലെത്തി. എന്നാൽ രണ്ട് ദിവസത്തിനു ശേഷം കുമളി ടൗണിന് ആറ് കി.മീ. അടുത്തെത്തി. വനംവകുപ്പ് ഓടിച്ചുവിട്ടെങ്കിലും പിറ്റേ ദിവസം റോസാപ്പൂക്കണ്ടത്തെ ജനവാസമേഖലയ്ക്ക് തൊട്ടടുത്തെത്തി മടങ്ങി. പിന്നാലെ ഇവിടെ നിന്ന് ലോവർ ക്യാമ്പ് ഭാഗത്തേക്ക് നീങ്ങുകയായിരുന്നു. ഒരു ദിവസം രാത്രിക്കൊണ്ട് സഞ്ചരിച്ചത് 15 കിലോ മീറ്റർ ആയിരുന്നു. ചിന്നക്കനാലിലേക്ക് തിരികയെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അരിക്കൊമ്പൻ ലോവർ ക്യാമ്പിൽ നിന്ന് കമ്പം സൗത്ത് വരെയെത്തിയതെന്നും ഇതുവഴി 35 കിലോമീറ്റർ സഞ്ചരിച്ചാൽ മതികെട്ടാനിലെത്താമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ തന്നെ പറയുന്നു. എന്നാൽ കമ്പത്ത് വച്ച് വഴിതിരിഞ്ഞ് ആന ടൗണിലേക്കെത്തുകയായിരുന്നു.

തെരുവിലൂടെ തലങ്ങും വിലങ്ങുമോടിയ ആന അഞ്ചോളം വാഹനങ്ങളാണ് തകർത്തത്. ആനയെ കണ്ട് ഭയന്ന് ഓടുന്നതിനിടെ മൂന്ന് പേർക്ക് വീണ് പരിക്കേറ്റു. ഇതിലൊരാളാണ് രണ്ട് ദിവസം കഴിഞ്ഞപ്പോൾ മരിച്ചത്.

ഇതെല്ലാം തെളിയിക്കുന്നത് ആദ്യ ദൗത്യം പരാജയമായിരുന്നെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. പാലക്കാട് നിന്ന് പിടികൂടിയ പി.ടു 7 ആനയെ പോലെ കൂട്ടിലാക്കി കുങ്കിയാക്കിയിരുന്നെങ്കിൽ ഇത്തരം പ്രശ്‌നമുണ്ടാകില്ലായിരുന്നെന്നും വിമർശകർ പറയുന്നു.

തമിഴ്‌നാടിന്റെ ക്വിക്ക് ആക്ഷൻ

ആന ടൗണിലിറങ്ങി വാഹനങ്ങൾ മാത്രമാണ് തകർത്തതെങ്കിലും കേരളത്തെ പോലെ തമിഴ്‌നാട് സർക്കാർ മടിച്ചു നിന്നില്ല. ഉടൻ ദൗത്യവുമായി രംഗത്തിറങ്ങി. മിനിറ്റുകൾക്കം നൂറുകണക്കിന് പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും അഗ്നി രക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പിന്നീട് ഉദ്യോഗസ്ഥർ ഒറ്റക്കെട്ടായി ആനയെ തിരികെ വനത്തിലേക്ക് ഓടിക്കാൻ കിണഞ്ഞ് പരിശ്രമിക്കുന്ന കാഴ്ചയാണ് കണ്ടത്. ജില്ലാ ഭരണകൂടം കമ്പം ടൗണിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനം പുറത്തിറങ്ങരുതെന്ന് നിർദേശം നൽകി. ആകാശത്തേക്ക് വെടിവച്ചും പടക്കം പൊട്ടിച്ചും അരിക്കൊമ്പനെ കാട്ടിലേക്ക് ഓടിക്കാൻ വനംവകുപ്പ് ശ്രമിച്ചു. തുടർന്ന് ആനയെ മയക്കുവെടിവച്ച് പിടികൂടി മേഘമല വന്യജീവി സങ്കേതത്തിലുള്ള വെള്ളിമലയിൽ വിടാൻ തമിഴ്‌നാട് വനംവകുപ്പ് തീരുമാനിച്ചു. ഇതിനായി കുങ്കിയാനകളെ സ്ഥലത്തെത്തിച്ചു. ഇതിനെ ആന കാട്ടിലേക്ക് തന്നെ കയറിപോയതിനാൽ രണ്ടാം അരിക്കൊമ്പൻ ദൗത്യം അനിശ്ചിതത്വത്തിലാണ്. ഷൺമുഖ നദി ഡാമിനോട് ചേർന്നുള്ള റിസർവ് വനത്തിലാണ് അരിക്കൊമ്പൻ ഇപ്പോഴുള്ളത്. രാത്രിയിൽ കൃഷിത്തോട്ടത്തിലെത്തി ഭക്ഷണം കണ്ടെത്തുകയാണ് ആന ഇപ്പോൾ ചെയ്യുന്നത്. കമ്പത്ത് നാട്ടിലിറങ്ങിയതിന് തൊട്ടുപിന്നാലെയുള്ള ദിനങ്ങളിൽ കൊമ്പൻ ക്ഷീണിതനായിരുന്നു. ആനയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി വനംവകുപ്പ് അരിയുൾപ്പടെയുള്ള ഭക്ഷ്യവസ്തുക്കൾ വനത്തിൽ പലയിടത്തും എത്തിച്ചു നൽകിയിരുന്നു. അരി, ശർക്കര, പഴക്കുല എന്നിവയാണ് കാട്ടിൽ എത്തിച്ചത്. രണ്ടു ഷിഫ്‌റ്റുകളിലായി 300 പേരടങ്ങുന്ന സംഘം ആനയെ നിരീക്ഷിച്ചു വരികയാണ്. ആന നിലവിൽ മലയോര പ്രദേശത്തായതിനാൽ തന്നെ അവിടെ നിന്ന് സമതല പ്രദേശത്തേക്ക് എത്തിയതിന് ശേഷം മാത്രമേ മയക്കുവെടി വെക്കൂ.

റേഡിയോ കോളർ

പരാജയമോ

അരിക്കൊമ്പനെ പിടികൂടി പെരിയാറിൽ വിടുന്നതിന് മുമ്പ് ആനയുടെ കഴുത്തിൽ ഘടിപ്പിച്ച റേഡിയോ കോളർ പ്രയോജനപ്രദമാണോയെന്ന ചോദ്യവും ഈ ഘട്ടത്തിൽ ഉയരുന്നുണ്ട്. ആനയുടെ നീക്കങ്ങൾ മുൻകൂട്ടിയറിയാനാണ് ജി.പി.എസ്. റേഡിയോ കോളർ ഘടിപ്പിച്ചത്. സാദാ റേഡിയോ കോളറിന് പകരം ആസാമിൽ നിന്ന് വില കൂടിയ സാറ്റലൈറ്റ് സംവിധാനമുപയോഗിച്ച് പ്രവർത്തിക്കുന്ന റേഡിയോ കോളറാണ് എത്തിച്ചത്. എന്നാൽ റേഡിയോ കോളറിൽ നിന്നുള്ള സിഗ്‌നലുകൾ കൺട്രോൾ റൂമിൽ ലഭിക്കാൻ വൈകുന്നതു മൂലം ആനയുടെ നീക്കങ്ങൾ കൃത്യമായി മനസിലാക്കാൻ കഴിഞ്ഞില്ല. അഞ്ച് മണിക്കൂർ ഇടവിട്ടാണ് സിഗ്നൽ ലഭിച്ചുകൊണ്ടിരുന്നത്. അപ്പോഴേക്കും ആന മറ്റൊരു സ്ഥലത്ത് എത്തിയിരിക്കും.

ശല്യം ഒഴിഞ്ഞതിൽ ആശ്വാസം

അരിക്കൊമ്പൻ വീണ്ടും വാർത്തകളിൽ നിറയുമ്പോഴും രണ്ട് പതിറ്റാണ്ടിനിടെ കഴിഞ്ഞ ഒരു മാസമാണ് സമാധാനത്തോടെ വീടുകളിൽ കിടന്നുറങ്ങിയതെന്ന് ആനയിറങ്കൽ ജലാശയത്തോട് ചേർന്നുള്ള ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിലെ നാട്ടുകാർ പറയുന്നു. അരിക്കൊമ്പനെ കാടുകടത്തിയ ശേഷം കഴിഞ്ഞ ഒന്നിന് ചിന്നക്കനാൽ മോണ്ട്‌ഫോർട്ട് സ്‌കൂളിനു സമീപത്തെ ഒരു ഷെഡ് കാട്ടാന തകർത്തിരുന്നു. ആറിന് സിംഗുകണ്ടത്തെ ഒരു ഷെഡും കാട്ടാന തകർത്തു. എന്നാൽ ഈ ഷെഡുകളിലൊന്നും ആൾ താമസമുണ്ടായിരുന്നില്ല. വ്യാഴാഴ്ച ചിന്നക്കനാലിൽ കാട്ടാനയെ കണ്ട് പേടിച്ചോടിയ ഒരാൾക്ക് പരിക്കേറ്റിരുന്നു. അതേസമയം, അരിക്കൊമ്പൻ ആൾത്താമസമുള്ള വീടുകളും റേഷൻകടകളും മാത്രമാണ് തകർത്തിരുന്നതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ഇപ്പോൾ രാത്രിയിൽ റേഷൻ കടയ്ക്ക് കാവൽ കിടക്കേണ്ട അവസ്ഥയില്ലെന്ന് ശാന്തൻപാറ പന്നിയാറിലെ റേഷൻ കട ഉടമ പി.എൽ.ആന്റണി പറയുന്നു. അരിക്കൊമ്പൻ തകർത്ത റേഷൻകടയുടെ പുനർനിർമാണം പൂർത്തിയാകുകയാണ്. കഴിഞ്ഞ ജനുവരി ഒന്ന് മുതൽ ഏപ്രിൽ 29 വരെ അഞ്ച് തവണയാണ് അരിക്കൊമ്പൻ ഈ റേഷൻ കടതകർത്തത്. ഒരു പതിറ്റാണ്ടിനിടെ 11 തവണ അരിക്കൊമ്പൻ ഈ റേഷൻകട ആക്രമിച്ചു. ഇത് കൂടാതെ ആനയിറങ്കൽ, ചിന്നക്കനാൽ എന്നിവിടങ്ങളിലെ റേഷൻ കടയ്ക്കു നേരെയും പല തവണ അരിക്കൊമ്പന്റെ ആക്രമണമുണ്ടായിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ARIKOMBAN
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.