ന്യൂഡൽഹി: ഇന്ത്യൻ ഓഹരി വിപണിയിൽ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ (എഫ്.ഐ.ഐ) നിക്ഷേപം വൻതോതിൽ വർദ്ധിച്ചു. 2023 മേയിൽ എഫ്.ഐ.ഐ ഒഴിക്കിയത് 27,856 കോടി രൂപയാണ്. കഴിഞ്ഞ 27 മാസത്തെ ഏറ്റവും ഉയർന്ന നിക്ഷേപമാണിത്. കഴിഞ്ഞ മാർച്ച് മുതൽ എഫ്.ഐ.ഐകൾ ഓഹരി വിപണിയിൽ വാങ്ങലുകാരായി തുടരുകയാണ്. അതിനു മുൻപുള്ള മാസങ്ങളിൽ തുടർച്ചയായി വില്പനക്കാരായിരുന്നു. 2021 ഫെബ്രുവരിയിൽ നടത്തിയ 42,044 കോടി രൂപയാണ് ഇതിനുമുൻപുള്ള ഏറ്റവും ഉയർന്ന നിക്ഷേപം. കഴിഞ്ഞ മാസം ശരാശരി 1,266 കോടി രൂപയുടെ പ്രതിദിന നിക്ഷേപമാണ് എഫ്.ഐ.ഐകൾ നടത്തിയത്.
മേയ് മാസത്തിൽ വിദേശ പോർട്ട്‌ഫോളിയോ(എഫ്.പി.ഐ) നിക്ഷേപവും ഒമ്പതു മാസത്തെ ഉയർന്ന നിലയിൽ എത്തിയിരുന്നു. 43,838 കോടി രൂപയാണ് മേയിലെ എഫ്.പി.ഐ നിക്ഷേപം. 2022 ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിക്ഷേപമാണിത്. എഫ്.ഐ.ഐകൾ, ക്വാളിഫൈഡ് ഫോറിൻ ഇൻവെസ്‌റ്റേഴ്‌സ്( ക്യു.എഫ്.ഐ), മറ്റ് നിക്ഷേപ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടുന്നതാണ് എഫ്.പി.ഐ വിഭാഗം.
വിദേശ നിക്ഷേപക സ്ഥാപനങ്ങൾ പണമൊഴുക്ക് മേയിൽ ഓഹരി സൂചികകളെയും തുണച്ചു. ബെഞ്ച് മാർക്ക് സൂചികകളെ ഈ വർഷത്തെ ആദ്യസമയങ്ങളിലെ ചാഞ്ചാട്ടത്തിൽ നിന്ന് മോചിപ്പിക്കുകയും ചെയ്തു. നിഫ്റ്റി 1.9 ശതമാനവും സെൻസെക്‌സ് 1.8 ശതമാനവും നേട്ടത്തോടെയാണ് മേയിൽ ക്ലോസ് ചെയ്തത്. 2023 ൽ ഇതുവരെയുണ്ടാക്കിയ നഷ്ടം മാറ്റാനും കഴിഞ്ഞു. ഈ വർഷം ഇതുവരെ നിഫ്റ്റി 1.6 ശതമാനവും സെൻസെക്‌സ് 2.1 ശതമാനവും വളർച്ചയാണ് രേഖപ്പെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |