അമ്പലപ്പുഴ : വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ ഹൃദയപൂർവ്വം എന്ന പേരിൽ ഡി. വെെ .എഫ് .ഐ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിവരുന്ന പൊതിച്ചോറ് വിതരണം ഏഴാം വർഷത്തിലേക്ക് കടന്നു. ഡി .വൈ. എഫ് .ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 2017 ജൂൺ മൂന്നിനാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുളള രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി, ജില്ലയിലെ വിവിധ ഏരിയ കമ്മിറ്റിക്കു കീഴിലെ 155 മേഖല കമ്മിറ്റികളാണ് ഓരോ ദിവസവും മുടക്കം കൂടാതെ പൊതിച്ചോറ് ആശുപത്രിയിൽ എത്തിക്കുന്നത്.
ആശുപത്രി പരിസരം മാലിന്യമുക്തമാക്കാനും പ്ലാസ്റ്റിക് രഹിതമാക്കാനും വീടുകളിൽ നിന്ന് മേഖല കമ്മിറ്റി പ്രവർത്തകർ വാഴയിലയിൽ പൊതിഞ്ഞ ഭക്ഷണമാണ് ശേഖരിക്കുന്നത്. പ്രളയകാലത്തും കൊവിഡ് കാലത്തും ഉൾപ്പടെ 54,75,000 പൊതിച്ചോറുകളാണ് മുടക്കം കൂടാതെ ഇത്തരത്തിൽ വിതരണം ചെയ്തത്. മാവേലിക്കര തഴക്കര മേഖല കമ്മിറ്റിയാണ് ആറാം വാർഷിക ദിനത്തിൽ ഭക്ഷണമെത്തിച്ചത്. ഡി. വൈ. എഫ് .ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ് വിതരണോദ്ഘാടനം നിർവ്വഹിച്ചു. സി.പി. എം തഴക്കര ലോക്കൽ കമ്മിറ്റിുടെ നേതൃത്വത്തിൽ പായസ വിതരണവും നടത്തി. ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. ശ്രീകുമാർ ആശുപത്രി സൂപ്രണ്ടിന് പായസം കൈമാറി ഉദ്ഘാടനം നടത്തി. ആശുപത്രി അങ്കണത്തിൽ ചേർന്ന സമ്മേളനത്തിൽ ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് ജയിംസ് ശാമുവൽ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ആർ. രാഹുൽ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |