ന്യൂഡൽഹി: മുറിവേറ്റവരുടെയും ബന്ധുക്കളുടെയും നിലവിളിയായിരുന്നു ബാലസോർ സർക്കാർ ജില്ലാ ആശുപത്രിയിൽ ഇന്നലെ മുഴങ്ങിക്കേട്ടത്. അപകടം നടന്ന സ്ഥലത്തു നിന്ന് അടുത്തുള്ള ഈ ആശുപത്രിയിലേക്കാണ് പരിക്കേറ്റവരെ കൂടുതലും കൊണ്ടുവന്നത്. അതിനാൽ യുദ്ധമേഖലയിലെ ആശുപത്രിക്ക് സമാനമായിരുന്നു ആശുപത്രിയിലെ കാഴ്‌ചകൾ. മുറികളിലും വരാന്തകളിലും സ്‌ട്രെച്ചറുകളിൽ പരിക്കേറ്റവരെ നിരത്തി കിടത്തിയിരുന്നു.
520 പേരെ ഈ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. മതിയായ സൗകര്യങ്ങളില്ലാത്തതിനാൽ ആശുപത്രിയിൽ ജീവനക്കാർ ഏറെ ബുദ്ധിമുട്ടി. തുടർന്ന് കൂടുതൽ ഡോക്‌ടർമാരെയും ജീവനക്കാരെയും എത്തിച്ചു. അസൗകര്യമെല്ലാം മറന്ന് ആരോഗ്യപ്രവർത്തകർ പ്രവർത്തിച്ചു. ബന്ധുക്കളുടെ കാര്യമറിയാൻ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകൾ കൂടി ആശുപത്രിക്ക് മുന്നിൽ തടിച്ചു കൂടിയതോടെ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ അധികൃതർ ബുദ്ധിമുട്ടി.
പരിക്കേറ്റ 251 പേരെ ആദ്യം ആശുപത്രിയിൽ എത്തിച്ചപ്പോൾ തങ്ങൾ ഒട്ടും തയ്യാറായിരുന്നില്ലെന്ന് അഡിഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. മൃത്യുഞ്ജയ് മിശ്ര പറഞ്ഞു. ജീവനക്കാർ രാത്രി മുഴുവൻ ജോലി ചെയ്തു. എല്ലാവർക്കും പ്രഥമശുശ്രൂഷ നൽകി.
നിസാര പരിക്കുകളുള്ളവരെ ഉടൻ ഡിസ്ചാർജ് ചെയ്തു. ഏറെ രക്തം ആവശ്യമായിരുന്നു. ഇതറിഞ്ഞ് 2000ത്തോളം യുവാക്കൾ രക്തദാനത്തിനെത്തി. ഒറ്റരാത്രികൊണ്ട് 500 യൂണിറ്റ് രക്തം ശേഖരിച്ചു. ഇത് ഒരപൂർവ്വ അനുഭവമാണെന്നും ഡോക്‌ടർ പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായിക്കാൻ ഭുവനേശ്വർ എയിംസിൽ നിന്ന് വിദഗ്‌ദ്ധ ഡോക്‌ടർമാരുടെ സംഘം എത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |