കൊല്ലം: എം.സി റോഡിൽ ആയൂർ വയയ്ക്കൽ വഞ്ചിപ്പെട്ടി ജംഗ്ഷനിൽ ഡീസലുമായി വന്ന ടാങ്കർ ലോറി കാറിലിടിച്ച് മറിഞ്ഞു. കാർ യാത്രക്കാരന് പരിക്കേറ്റു.
ഇന്നലെ രാത്രി 9.30 ഓടെയായിരുന്നു അപകടം. കൊട്ടാരക്കര ഭാഗത്ത് നിന്ന് ആയൂർ ഭാഗത്തേക്ക് വന്ന ടാങ്കർ ലോറി എതിർദിശയിൽ വന്ന ഇയോൺ കാറുമായി ഇടിച്ച് മറിയുകയായിരുന്നു. കാറിന്റെ മുൻവശം പൂർണമായും തകർന്നു. കാറിലുണ്ടായിരുന്ന വയയ്ക്കൽ സ്വദേശി ആദം അയൂബിനെ (28) നിസാര പരിക്കുകളോടെ വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടാങ്കർ മറിഞ്ഞതോടെ ഇന്ധന ടാങ്ക് ലീക്കാവുകയും എണ്ണ റോഡിലേക്ക് ഒഴുകുകയും ചെയ്തു. ഇത് പരിഭ്രാന്തി പരത്തി. എം.സി റോഡുവഴിയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു. വാഹനങ്ങൾ മറ്റ് റോഡുകൾ വഴി തിരിച്ച് വിടുകയുമായിരുന്നു.
കൊട്ടാരക്കര, അഞ്ചൽ, കടയ്ക്കൽ എന്നിവിടങ്ങളിൽ നിന്നുമെത്തിയ അഗ്നി ശമനസേന യൂണിറ്റും കൊട്ടാരക്കര, ചടയമംഗലം, അഞ്ചൽ പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. റോഡിൽ ഒഴുകിയ ഡീസൽ കഴുകി മാറ്റി. ടാങ്കറിൽ നിന്ന് ഡീസൽ പുറത്തേക്ക് ഒഴുകാത്ത വിധം സംവിധാനം ഉടനെ ചെയ്തത് ഗുണകരമായി. മറ്റൊരു വാഹനത്തിലേക്ക് ഡീസൽ മാറ്റാനുള്ള ശ്രമവും നടക്കുന്നുണ്ട്. സംഭവസ്ഥലത്തെ ഡീസൽ ടാങ്കുമായി ബന്ധപ്പെട്ട മറ്റ് അപകട സാഹചര്യങ്ങൾ ഇല്ലെന്ന് പൊലീസ് അറിയിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |