മാഡ്രിഡ് : സ്പാനിഷ് ക്ളബ് റയൽ മാഡ്രിഡിലെ 14 വർഷത്തെ കരിയറിന് വിരാമമിടാൻ ഫ്രഞ്ച് സ്ട്രൈക്കർ കരിം ബെൻസേമ. ഈ സീസണോടെ ക്ളബുമായുള്ള കരാർ അവസാനിക്കുന്ന ബെൻസേമ ഫ്രീ ട്രാൻസ്ഫർ ഏജന്റായി വിടപറയുമെന്ന് ക്ളബ് അധികൃതർ ഇന്നലെ വ്യക്തമാക്കി.
തന്റെ 21-ാം വയസിൽ ഫ്രഞ്ച് ക്ളബ് ലിയോണിൽ നിന്നാണ് ബെൻസേമ റയലിലെത്തിയത്. 14 വർഷത്തെ കരിയറിലെ റയലിന്റെ 25 കിരീടനേട്ടങ്ങളിൽ പങ്കാളിയായാണ് ബെൻസേമ പടിയിറങ്ങുന്നത്. ഇതിൽ അഞ്ച് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും അഞ്ച് ക്ളബ് ലോകകപ്പുകളും നാലുവീതം ലാ ലിഗ കിരീടങ്ങളും സൂപ്പർ കപ്പുകളും മൂന്ന് കിംഗ്സ് കപ്പുകളും ഉൾപ്പെടുന്നു. എല്ലാ ടൂർണമെന്റുകളിലുമായി 647 മത്സരങ്ങളിൽ റയലിന്റെ കുപ്പായമണിഞ്ഞ ബെൻസേമ 353 ഗോളുകൾ നേടിയിട്ടുണ്ട്. ലാ ലിഗയിലും ചാമ്പ്യൻസ് ലീഗിലും റയലിന്റെ ഗോൾ വേട്ടയിലെ രണ്ടാം സ്ഥാനക്കാരനാണ് ബെൻസേമ. നിലവിലെ ബാലൻ ഡി ഓർ പുരസ്കാരജേതാവായ ബെൻസേയ്ക്കായിരുന്നു കഴിഞ്ഞ വർഷത്തെ യുവേഫ പ്ളേയർ ഒഫ് ദ ഇയർ പുരസ്കാരവും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |