എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തെങ്കിലും തുടർനടപടിയില്ല
ഡി.ജി.പിക്ക് നൽകിയ പരാതിയിൽ പൊലീസിനെതിരെയും ആക്ഷേപം
തിരുവനന്തപുരം: വിവാഹവാഗ്ദാനം നൽകി ഒൻപത് മാസം ഒപ്പം താമസിച്ച ശേഷം കബളിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. റിസർവ് ബറ്റാലിയൻ കമാൻഡോയും പേയാട് സ്വദേശിയുമായ അഖിലേഷിനെതിരെയാണ് പാൽകുളങ്ങര സ്വദേശിയായ യുവതിയുടെ പരാതിയിൽ നാലുമാസങ്ങൾക്ക് ശേഷം വഞ്ചിയൂർ പൊലീസ് കേസെടുത്തത്. ആരോപണവിധേയനായ വ്യക്തി പൊലീസുകാരനായതിനാൽ കേസെടുക്കാതെ വഞ്ചിയൂർ പൊലീസ് ആദ്യം തട്ടിക്കളിച്ചു. എന്നാൽ യുവതി ഡി.ജി.പിക്ക് പരാതി നൽകിയതോടെയാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറായത്. എന്നാൽ ഒരാഴ്ച പിന്നിടുമ്പോഴും മറ്റ് നടപടികളിലേക്ക് കടക്കാൻ പൊലീസ് തയ്യാറായിട്ടില്ല. യുവതി ഡി.ജി.പിക്ക് നൽകിയ പരാതിയിൽ വഞ്ചിയൂർ പൊലീസിനെതിരെയും ആക്ഷേപമുണ്ട്.
ഭർത്താവ് മരിച്ച യുവതിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയ അഖിലേഷ് പാൽകുളങ്ങരയിൽ വീട് വാടകയ്ക്കെടുത്ത് ഒപ്പം താമസിക്കുകയായിരുന്നു. ജ്യേഷ്ഠന്റെ വിവാഹം കഴിയുന്നത് വരെ കാത്തിരിക്കണമെന്നായിരുന്നു നിബന്ധന. ഇരുവരുടെയും വീട്ടുകാർക്കും ഇവരുടെ ബന്ധത്തെക്കുറിച്ച് അറിവുണ്ടായിരുന്നതായും യുവതി പൊലീസിന് മൊഴിനൽകി. എന്നാൽ അഖിലേഷിന് സമാനമായ രീതിയിൽ യുവതികളെ കബളിപ്പിച്ചിട്ടുണ്ടെന്ന് മനസിലാക്കിയതോടെ ഇരുവർക്കും ഇടയിൽ വഴക്കായി. ഇതിനിടെ അഖിലേഷിന്റെ മർദ്ദനത്തിനിരയായ യുവതി ആശുപത്രിയിലുമായി. കഴിഞ്ഞവർഷം മേയ് മുതൽ ഒരുമിച്ച് താമസിക്കാൻ തുടങ്ങിയ ഇരുവരും ഇക്കഴിഞ്ഞ ജനുവരി അവസാനത്തോടെയാണ് പിരിഞ്ഞത്. ഇതിനിടെ തന്റെ കൈയിൽ നിന്നും 2.5ലക്ഷം രൂപയും അഞ്ച് പവൻ സ്വർണവും അഖിലേഷ് കൈക്കാലാക്കിയെന്നും പരാതിയിലുണ്ട്.
കേസെടുക്കാനാകില്ലെന്ന്
പൊലീസിന്റെ കത്ത്
പൊലീസ് ഉദ്യോഗസ്ഥനെതിരെ നൽകിയ പീഡന പരാതിയിൽ കേസെടുക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി വഞ്ചിയൂർ പൊലീസ് യുവതിക്ക് കത്ത് അയച്ചു. യുവതിയുടെ മൊഴിയെടുക്കാതെ വ്യക്തി വൈരാഗ്യം കാരണമാണ് പരാതിയെന്ന് അനുമാനിക്കുന്നുവെന്ന കാരണം പറഞ്ഞായിരുന്നു കേസെടുക്കില്ലെന്ന് അറിയിച്ചത്.ഫെബ്രുവരി ഏഴിനാണ് യുവതി ആദ്യം പരാതിയുമായി വഞ്ചിയൂർ സ്റ്റേഷനിൽ എത്തിയത്. പിന്നാലെ നെട്ടോട്ടം ഓടിച്ചു. നീതി ലഭിക്കാതെ വന്നതോടെ ഏപ്രിൽ ആദ്യവാരം സിറ്റി പൊലീസ് കമ്മിഷണർക്ക് യുവതി പരാതി നൽകി. കമ്മിഷണർ ഓഫീസിൽ നിന്നുള്ള നിർദ്ദേശപ്രകാരം യുവതിയുടെ പരാതി സ്വീകരിച്ച വഞ്ചിയൂർ എസ്.എച്ച്.ഒ ഏപ്രിൽ 17നാണ് കേസെടുക്കാനാകില്ലെന്ന് രേഖാമൂലം അറിയിച്ചത്. തുടർന്ന് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മേയ് 19ന് ഡി.ജി.പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 27ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. പഴയ എസ്.എച്ച്.ഒ സ്ഥലം മാറിപ്പോകുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |