വിഴിഞ്ഞം: ഒരുമിച്ച് താമസിച്ചിരുന്ന യുവതിയെ പീഡിപ്പിച്ച ശേഷം വായിൽ തുണി തിരുകി കെട്ടിത്തൂക്കാൻ ശ്രമം. സംഭവമറിഞ്ഞെത്തിയ വിഴിഞ്ഞം പൊലീസ് വാതിൽ ചവിട്ടിത്തുറന്ന് യുവതിയെ രക്ഷപെടുത്തി. വിഴിഞ്ഞം പയറ്റുവിളയിൽ ശനിയാഴ്‌ച രാത്രി നടന്ന സംഭവത്തിൽ നരുവാമൂട് സ്വദേശി കരടി ഉണ്ണി എന്ന അനിൽകുമാറിനെയാണ് (35) വിഴിഞ്ഞം എസ്.ഐ കെ.എൽ. സമ്പത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.
പയറ്റുവിളയിലെ വാടക വീട്ടിൽ ഇരുവരും ലിവിംഗ് ടുഗതറായി താമസിക്കുകയായിരുന്നു. പ്രതി കഞ്ചാവ് ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ട യുവതി ബന്ധം തുടരാൻ താത്പര്യമില്ലെന്നും പിരിയാമെന്നും പറഞ്ഞു. ഈ വൈരാഗ്യത്തിൽ ആദ്യം യുവതിയെ മർദ്ദിച്ച ശേഷം പുറത്തുപോയ പ്രതി രാത്രി മടങ്ങി വന്ന് മർദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്‌ത ശേഷം വായിൽ തുണി തിരുകി ബെഡ് ഷീറ്റിൽ കെട്ടി തൂക്കാൻ ശ്രമിച്ചെന്നും പൊലീസ് പറഞ്ഞു.
ആദ്യം തോർത്ത് ഉപയോഗിച്ച് മുറുക്കിയപ്പോൾ ബോധം നഷ്ടപ്പെട്ട യുവതി വീണ്ടും അനങ്ങുന്നത് കണ്ടപ്പോൾ ചവിട്ടിയ ശേഷമാണ് ബെഡ് ഷീറ്റിൽ കെട്ടി തൂക്കാൻ ശ്രമിച്ചത്. യുവതിയുടെ ആദ്യബന്ധത്തിലെ കുട്ടിയുടെ നിലവിളി കേട്ടെത്തിയ അയൽവാസികൾ അറിയിച്ചതനുസരിച്ചാണ് പൊലീസ് സ്ഥലത്തെത്തിയത്.
വാതിൽ ചവിട്ടിത്തുറന്ന് അകത്ത് കയറിയപ്പോൾ പ്രതി യുവതിയെ ഫാനിന്റെ ക്ലാമ്പിൽ കെട്ടിത്തൂക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും കൃത്യസമയത്ത് എത്തിയതിനാൽ യുവതിയുടെ ജീവൻ രക്ഷിക്കാനായെന്നും എസ്.ഐ കെ.എൽ. സമ്പത്ത് പറഞ്ഞു. അവശയായ യുവതിയെ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു. ഇരുവരും വേറെ വിവാഹം കഴിച്ചിട്ടുണ്ട്. നിരവധി കേസുകളിൽ പ്രതിയായ യുവാവ് കൊലപാതകശ്രമ കേസിൽ ജയിലിൽ കഴിഞ്ഞശേഷം അടുത്തിടെയാണ് പുറത്തിറങ്ങിയതെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |