കളക്കാട്: മയക്കുവെടി വെച്ച് പിടികൂടിയ അരിക്കൊമ്പനെ കളക്കാട് പ്രവേശിപ്പിക്കില്ലെന്ന് എസ്‌ഡിപിഐ. കളക്കാട് അരിക്കൊമ്പനെ എത്തിക്കുന്നതിനെതിരെ എസ്‌ഡിപിഐ പ്രതിഷേധം സംഘടിപ്പിച്ചു. ഇന്ന് പുലർച്ചെ തേനിയിലെ പൂശാംപെട്ടിയിൽ നിന്ന് മയക്കുവെടി വെച്ച് പിടികൂടിയ അരിക്കൊമ്പനെ കളക്കാവ് കടുവസങ്കേത്തിനകത്ത് തുറന്നുവിടാൻ വനംവകുപ്പ് തീരുമാനിച്ചിരുന്നു. പിന്നാലെയാണ് എസ്‌ഡിപിഐ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. നാട്ടുകാരും പ്രതിഷേധത്തിന്റെ ഭാഗമായിട്ടുണ്ട്.
ഇടുക്കി ചിന്നക്കനാൽ മേഖലയിൽ ഭീതി വിതച്ച അരിക്കൊമ്പനെ കേരള വനംവകുപ്പ് മയക്കുവെടി വെച്ച് പിടികൂടി പെരിയാർ കടുവസങ്കേതത്തിൽ തുറന്നുവിടുകയായിരുന്നു. ഇവിടെ നിന്ന് തമിഴ്നാട്, കമ്പം ജനവാസമേഖലയിൽ പ്രവേശിച്ചതോടെയാണ് തമിഴ്നാട് വനംവകുപ്പും മയക്കുവെടിവെച്ച് പിടികൂടിയത്.
പിന്നാലെ അരിക്കൊമ്പനെ ഇന്ന് വനത്തിൽ തുറന്നുവിടരുതെന്ന് മദ്രാസ് ഹെെക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ആനയെ കാട്ടിൽ തുറന്നുവിടുന്നത് തടയണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹെെക്കോടതിയിൽ ഹർജിയെത്തിയ സാഹചര്യത്തിലാണ് തീരുമാനം. ഇതോടെയാണ് വനംവകുപ്പ് മറ്റ് വഴികളാലോചിച്ചത്. എറണാകുളം സ്വദേശി റബേക്ക ജോസഫാണ് മദ്രാസ് ഹെെക്കോടതിയെ സമീപിച്ചത്. ആനയെ കേരളത്തിന് കെെമാറണമെന്നും ഹർജിയിൽ പറയുന്നതായാണ് സൂചന. ഹർജി നാളെ രാവിലെ 10.30ന് മധുര ബെഞ്ച് പരിഗണിക്കും. അതുവരെ വനംവകുപ്പിന്റെ കസ്റ്റഡിയിലായിരിക്കും ആന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |