രാമനഗർ: ബംഗളൂരു - മെെസൂരു എക്സ്പ്രസ്വേയിലെ ടോൾ പ്ലാസ ജീവനക്കാരൻ കാർ ഡ്രെെവറെ അടിച്ചുകൊന്നു. ബംഗളൂരു സൗത്തിലെ കരിക്കൽ തണ്ട്യ സ്വദേശി പവൻ കുമാർ(26) ആണ് കൊല്ലപ്പെട്ടത്. കർണാടകയിലെ രാമനഗർ ജില്ലയിലെ ശേഷാഗിരിഹള്ളി ടോൾപ്ലാസയിൽ ഇന്നലെ രാത്രി പത്ത് മണിക്കായിരുന്നു സംഭവം. ടോളുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്.
പവൻ കുമാറും സുഹൃത്തുക്കളും എക്സ്പ്രസ്വേ വഴി മെെസൂരുവിൽ നിന്ന് ബംഗളൂരുവിലേയ്ക്ക് പോകുകയായിരുന്നു. രാത്രി ഒൻപതുമണിയോടെ ഇവർ ശേഷാഗിരിഹള്ളി ടോൾ പ്ലാസയിലെത്തി. തുടർന്നായിരുന്നു ടോൾ നൽകുന്നതുമായി ബന്ധപ്പെട്ട് തർക്കം. അത് സംഘർഷാവസ്ഥയിലേയ്ക്ക് നീങ്ങിയതോടെ നാട്ടുകാർ ഇവരെ പിരിച്ചുവിട്ടു. പിന്നാലെ പവനും സുഹൃത്തുക്കളും ഇവിടെ നിന്നു തിരിച്ചെങ്കിലും ടോൾ ജീവനക്കാർ ഇവരുടെ വാഹനം പിന്തുടർന്നു പോകുകയായിരുന്നു. കാർ ടോൾ ജീവനക്കാർ തടഞ്ഞ് നിർത്തിയ ശേഷം ഹോക്കി വടികൾ ഉപയോഗിച്ച് ഇവരെ ആക്രമിച്ചു. ഇതിനിടെ മർദനമേറ്റ് പവൻ കുമാർ സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |